തന്റെ അഭിനയ ജീവിതത്തിന്റെ വിജയത്തില്‍ വലിയൊരു പങ്ക് മലയാള സിനിമയ്ക്കുണ്ട്; തുറന്ന് പറഞ്ഞ് കനിഹ

തെന്നിന്ത്യന്‍ സിനിമ മേഖലയിലെ അറിയപ്പെടുന്ന താരമാണ് കനിഹ. വിവാഹത്തിന് മുൻപും ശേഷവും സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ് താരം. പഴശ്ശിരാജ, സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍ എന്ന് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തന്റെ അഭിനയ മികവ് പ്രകടിപ്പിച്ച കനിഹ മാമാങ്കത്തിലാണ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

തന്റെ അഭിനയ ജീവിതത്തിന്റെ വിജയത്തില്‍ വലിയൊരു പങ്ക് മലയാള സിനിമയ്ക്കുണ്ടെന്ന് കനിഹ പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമാവുന്ന ജോഷി ചിത്രമായ പാപ്പന്റെ ചിത്രീകരണത്തിലായിരുന്നു കനിഹ. കൊവിഡിന്റെ രണ്ടാം തരംഗം മൂലം ചിത്രത്തിന്റെ ഷൂട്ടിങ്ങ് നിര്‍ത്തിവെക്കുകയായിരുന്നു. ജോഷിയുമായി ഒരു പതിറ്റാണ്ടിന് ശേഷമാണ് കനിഹ സിനിമ ചെയ്യുന്നത്. പാപ്പന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.

അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിലും കനിഹ പ്രധാന വേഷം ചെയ്യുന്നുണ്ട്. മോഹന്‍ലാല്‍ തന്നെയാണ് ബ്രോ ഡാഡിയിലെ കേന്ദ്ര കഥാപാത്രമാവുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കും. ശ്രീജിത്ത്-ബിബിന്‍ തിരിക്കഥ നിര്‍വ്വഹിച്ച ചിത്രം ഒരു ഫാമലി ഡ്രാമയാണ്.

ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷം ചെയ്യുന്നുണ്ട്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, സൗബിന്‍ ഷാഹിര്‍, കനിഹ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹനാണ്. ദീപക് ദേവാണ് സംഗീത സംവിധായകന്‍. ആര്‍ട്ട് ഡയറക്ടര്‍: ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: സിദ്ധു പനക്കല്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടന്‍ തന്നെ ആരംഭിക്കുമെന്നും പൃഥ്വിരാജ് അറിയിച്ചിരുന്നു.

Noora T Noora T :