റെക്കോർഡ് ഇടാൻ മരക്കാർ; കേരളത്തിലെ മുഴുവന്‍ തിയേറ്ററുകളിലും റിലീസ് ചെയ്യാൻ ഒരുങ്ങുന്നു

മലയാള സിനിമ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മോഹൻലാൽ പ്രിയദർശൻ കൂട്ട് കെട്ടിൽ ഒരുങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രം റെക്കോർഡ് റിലീസിനൊരുങ്ങുകയാണ്.

കേരളത്തിലെ എല്ലാ തിയേറ്ററുകളിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആദ്യമായാണ് സംസ്ഥാനത്ത് ഒരു ചിത്രം എല്ലാ തിയേറ്ററുകളിലും ഒരേസമയം പ്രദർശനത്തിന് എത്തുന്നത്

മൾട്ടിപ്ലക്സുകൾ ഉൾപ്പടെ 600ൽ അധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. നിലവിൽ ഓഗസ്റ്റ് 12ന് ഓണം റിലീസായി ചിത്രമെത്തിക്കാൻ ആണ് പദ്ധതിയിട്ടിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ റിലീസിംഗ് തീയതി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

മെയ് 13 പെരുന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Noora T Noora T :