കോവിഡ് അപഹരിച്ച മറ്റൊരു വിലപ്പെട്ട ജീവൻ! ഒരു നനുത്ത പുഞ്ചിരിയിൽ വിതറുന്ന ആ സാമീപ്യം ഇനിയുണ്ടാകില്ല; കുറിപ്പുമായി ജി വേണുഗോപാല്‍

മലയാളത്തിന്റെ പ്രിയപ്പെട്ട ഗാനരചയിതാവ് പൂവച്ചല്‍ ഖാദര്‍ ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്. പൂവച്ചല്‍ ഖാദറിന് ആദരാഞ്‍ജലികള്‍ അര്‍പ്പിക്കുകയാണ് ഗായകൻ ജി വേണുഗോപാല്‍.

ഖാദറിക്കയും യാത്രയായി. തീർത്താൽ തീരാത്ത ദു:ഖം നമുക്കേകി കോവിഡ് അപഹരിച്ച മറ്റൊരു വിലപ്പെട്ട ജീവൻ! എത്രയെത്ര ഗാനങ്ങൾ ആ തൂലികത്തുമ്പിൽ പിറന്നിരിക്കുന്നു. എത്രയെത്ര സമാഗമങ്ങൾ ഈ തിരുവനന്തപുരം നഗരിയിൽ നമ്മൾ തമ്മിൽ. നാട്യങ്ങളേതുമില്ലാതെ, സ്‍നേഹമെന്നും ഒരു നനുത്ത പുഞ്ചിരിയിൽ വിതറുന്ന ആ സാമീപ്യം ഇനിയുണ്ടാകില്ലെന്നുമാണ് ജി വേണുഗോപാലിന്റെ കുറിപ്പ്.

കൊവിഡ് ബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു പൂവച്ചല്‍ ഖാദര്‍ ഇന്ന് പുലര്‍ച്ചെ 12.15ന് ആയിരുന്നു അന്തരിച്ചത്.

മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതി. ‘നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ…’ (ചാമരം), ‘ഏതോ ജന്മ കൽപനയിൽ…’ (പാളങ്ങൾ), ‘അനുരാഗിണി ഇതായെൻ…’ (ഒരു കുടക്കീഴിൽ), ‘ശരറാന്തൽ തിരിതാഴും…’ (കായലും കയറും) തുടങ്ങിയവയടക്കം ഖാദറിന്റെ ഗാനങ്ങളിൽ പലതും എക്കാലത്തും മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്നവയാണ്. ഖാദറിന്റെ നാടകഗാനങ്ങളും ലളിത ഗാനങ്ങളും മാപ്പിളപ്പാട്ടുകളും മലയാളിയുടെ സംഗീതജീവിതത്തിന്റെ കൂടി ഭാഗമാണ്. പൊതുമരാമത്തു വകുപ്പിൽ എൻജിനീയറായിരുന്നു. ആമിനയാണ് ഭാര്യ. മക്കൾ: തുഷാര, പ്രസൂന.

Noora T Noora T :