ആ ചിരികൾ, ആശയങ്ങൾ, കഥകൾ, വിശ്വാസം, സച്ചി…. ഒരു വർഷം; പ്രിയ ചങ്ങാതിയെ ഓർത്ത് പൃഥ്വിരാജ് പൃഥ്വിരാജ്

മലയാളി പ്രേക്ഷകർക്ക് മികവുറ്റ സൂപ്പര്‍ഹിറ്റ് സിനിമകൾ സമ്മാനിച്ച സച്ചിയുടെ വേര്‍പാടിന് ഇന്ന് ഒരു വയസ്. 2020 ജൂണ്‍ പതിനെട്ടിനാണ് ഹൃദയാഘാതത്തെ തുടർന്ന് സച്ചി അന്തരിച്ചത്.

മലയാളസിനിമയ്ക്ക് തന്നെ വലിയ ആഘാതം സൃഷ്ടിച്ചുകൊണ്ടായിരുന്നു സച്ചിയുടെ വിടവാങ്ങൽ. സച്ചി വിട വാങ്ങിയിട്ട് ഒരു വർഷം പിന്നിടുമ്പോൾ പ്രിയ ചങ്ങാതിയെ ഓർക്കുകയാണ് നടൻ പൃഥ്വിരാജ്

“ആ ചിരികൾ, ആശയങ്ങൾ, കഥകൾ, വിശ്വാസം, സച്ചി…. ഒരു വർഷം,” എന്നാണ് പൃഥ്വി കുറിച്ചത്

നടൻ ബിജു മേനോനും സച്ചിയെ അനുസ്മരിച്ചുകൊണ്ട് ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. “എപ്പോഴും എന്റെ മനസ്സിലും എന്നുമെന്റെ ഹൃദയത്തിലുമുണ്ടാവും ആത്മമിത്രമേ… ഒരു പാട് മിസ് ചെയ്യുന്നു എന്നാണ് ബിജു മേനോൻ കുറിച്ചത്

നട്ടെല്ലിനു നടത്തിയ ശസ്ത്രക്രിയയുടെ ഭാഗമായി നേരിട്ട ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഹൃദയസ്തംഭനത്തിലേക്ക് നയിച്ചതിനെ തുടർന്ന് 2020 ജൂൺ 18നാണ് സച്ചി മരിക്കുന്നത്. അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ഹിറ്റ് സിനിമ തിയറ്ററുകളിലെത്തിച്ച് വലിയ വിജയം നേടിയതിന് ശേഷമാണ് സച്ചി പോയത്. ഇതുവരെ കണ്ടതിലും മികച്ച ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടായിരുന്നു.

കൊടുങ്ങല്ലൂർ സ്വദേശിയായ സച്ചി എന്ന കെ ആർ സച്ചിദാനന്ദൻ തിരക്കഥാകൃത്തായാണ് തന്റെ സിനിമാജീവിതം ആരംഭിച്ചത്. കോളേജ് കാലത്ത് തന്നെ നാടകവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച സച്ചി കലാലയജീവിതത്തിനിടെ നിരവധി നാടകങ്ങളും സംവിധാനം ചെയ്തിരുന്നു.

എറണാകുളം ലോ കോളേജിൽ നിന്നും നിയമത്തിൽ ബിരുദം നേടിയ സച്ചി എട്ട് വർഷത്തോളം ഹൈക്കോടതിയിൽ അഭിഭാഷകന്‍ ആയി പ്രാക്റ്റീസ് ചെയ്തിരുന്നു. അതിനു ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. ആദ്യകാലത്ത് സേതുവിനൊപ്പം ചേർന്ന് സച്ചി-സേതു എന്ന പേരിലായിരുന്നു തിരക്കഥകൾ എഴുതിയിരുന്നത്. കവി , തിയേറ്റർ ആർട്ടിസ്റ്റ് , ചലച്ചിത്ര സഹ നിർമ്മാതാവ് എന്നീ നിലകളിലും സച്ചി പ്രവർത്തിച്ചിട്ടുണ്ട്. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ ഭരണ സമിതി അംഗം കൂടിയായിരുന്നു സച്ചി.

Noora T Noora T :