ടിവിയിലോ മൊബൈലിലോ റിലീസ് ചെയ്ത് കാണുന്നത് ചിന്തിക്കാൻ കഴിയില്ല; കുറഞ്ഞ സീറ്റിലാണെങ്കിൽപോലും തിയറ്ററിൽ തന്നെ കാണണമെന്ന് സംവിധായകൻ ബേസിൽ ജോസഫ്

കുറഞ്ഞ സീറ്റിലാണെങ്കിൽപോലും മിന്നൽമുരളി തിയറ്ററിൽ തന്നെ കാണണമെന്ന് സംവിധായകൻ ബേസിൽ ജോസഫ്. മിന്നൽമുരളി പോലൊരു വലിയ സിനിമ ടിവിയിലോ മൊബൈലിലോ റിലീസ് ചെയ്ത് കാണുന്നത് ചിന്തിക്കാൻ കഴിയില്ലെന്നും സംവിധയകാൻ പറഞ്ഞു. ഒരു പ്രമുഖ ഓൺലൈൻ സംഘടിപ്പിച്ച ‘വെള്ളിയാഴ്ചകളേ വീണ്ടും വരുമോ?’ എന്ന ക്ലബ്ബ്ഹൗസ് കൂട്ടായ്മയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബേസിലിന്റെ വാക്കുകൾ:

ഇന്നു വരെ നിർമാതാവിനോട് സംസാരിക്കുമ്പോൾ തിയറ്ററിൽ തന്നെ ചിത്രം ഇറക്കാം എന്ന നിലയിലാണ് മുന്നോട്ടുപോകുന്നത്. എന്നാൽ ഭയങ്കരമായ അനിശ്ചിതത്വം നിലനില്‍ക്കുകയും ചെയ്യുന്നു. സൂപ്പർഹീറോ വിഭാഗത്തിൽപെടുന്ന സിനിമയാണ് മിന്നൽമുരളി. അതിന്റെ ഭൂരിഭാഗം ഓഡിയൻസും കുട്ടികളായിരിക്കും. അങ്ങനെയുള്ള ഓഡിയൻസ് ഈ ചിത്രം ടിവിയിലോ മൊബൈലിലോ കണ്ടാൽ എങ്ങനെയിരിക്കും എന്ന ആശങ്ക ഉള്ളിലുണ്ട്.

മഹേഷേട്ടൻ (മഹേഷ് നാരായണൻ) ആ ഒരു ഇമോഷനൽ ഘട്ടം കഴിഞ്ഞിരിക്കുന്നു. മാലിക് എന്ന തന്റെ വലിയ സിനിമ ഒടിടിയിൽ റിലീസ് ആകുന്നുവെന്നത് റിയാലിറ്റിയായി അദ്ദേഹം അംഗീകരിച്ചു. ഞാനും ഇപ്പോൾ ആ ഘട്ടത്തിലൂടെയാണ് കടന്നുകൊണ്ടിരിക്കുന്നത്. ഈ ചിത്രം തിയറ്ററിൽ ഇറങ്ങിയില്ലെങ്കിൽ എന്തുസംഭവിക്കും, നമ്മൾ ഇത്രയും കഷ്ടപ്പെട്ടത് വെറുതെയാകുമോ? നിരവധി ടെക്നിഷ്യൻസ് ജോലിയെടുത്തതാണ്. അങ്ങനെയുള്ള സിനിമ മൊബൈലിലൂ‍ടെ റിലീസ് ആകുക ചിന്തിക്കാൻ പറ്റാത്ത കാര്യമാണ്. അടുക്കളയിലും മറ്റും പണിയെടുക്കുമ്പോൾ ആളുകൾ സമയംപോക്കിനു കാണുന്ന സിനിമയായി ഇത് മാറരുത്.

എല്ലാ റിയിലാറ്റിയും അറിയാം. ഇതൊക്കെ അറിഞ്ഞിട്ടും നമ്മളൊക്കെ ശുഭപ്രതീക്ഷയിലാണ്. കുറഞ്ഞ സീറ്റിലാണെങ്കിൽപോലും മിന്നൽമുരളി തിയറ്ററിൽ തന്നെ കാണാമെന്ന ആഗ്രഹത്തിലാണ് ഞങ്ങളെല്ലാവരും. തിയറ്റര്‍ തിരിച്ചുവരും എന്ന ഉറപ്പ് നമുക്കെല്ലാവര്‍ക്കും ഉണ്ട്.

ഈ ലോക്ഡൗൺ കാലത്ത് ആളുകളുടെ സിനിമാസ്വാദന രീതിയും മാറിയിട്ടുണ്ട്. ചെറിയ സിനിമ മൊബൈലിലോ മറ്റോ കാണുമ്പോൾ തന്നെ നമ്മൾ പലപണികൾക്കു പോകാറുണ്ട്. തിയറ്ററിലെ ആസ്വാദനീരിതി വ്യത്യസ്തമാണ്. തിയറ്ററിലേയ്ക്ക് വരുമ്പോൾ കൂടുതൽ കൊമേർസ്യൽ സിനിമകൾ ആളുകളെ ആകർഷിക്കുമെന്ന് തോന്നുന്നു. മുഴുനീള എന്റർടെയ്നർ സിനിമകൾ തിയറ്ററുകളിേലയ്ക്ക് വരേണ്ടിയിരിക്കുന്നു. അങ്ങനെയുള്ള സിനിമകൾ നമുക്ക് ആലോചിക്കണം. അങ്ങനെയേ വെള്ളിയാഴ്ചകൾ തിരിച്ചുവരൂ.

Noora T Noora T :