17 സ്ത്രീകളിൽ നിന്നും ലൈംഗികാതിക്രമ ആരോപണം നേരിടുന്നയാൾക്കല്ല ഈ പുരസ്ക്കാരം കൊടുക്കേണ്ടത്; പ്രതിഷേധവുമായി ഗീതു മോഹൻദാസ്

മീ ടു ആരോപണം നേരിടുന്ന തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഈ വർഷത്തെ ഒഎൻവി പുരസ്കാരം നല്‍കിയതിൽ പ്രതിഷേധവുമായി നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്. പുരസ്കാരം നൽകിയ ഒഎൻവി കൾച്ചറൽ അക്കാദമിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ചിത്ര‌ം പങ്കിട്ടുകൊണ്ടാണ് താരത്തിന്റെ പ്രതികരണം.

‘നമ്മുടെ സാഹിത്യലോകത്തെ മഹോന്നതനായ ഒഎൻവി കുറുപ്പിന്റെ പേരിലുള്ള പുരസ്കാരം 17 സ്ത്രീകളിൽ നിന്നും ലൈംഗികാതിക്രമ ആരോപണം നേരിടുന്നയാൾക്കല്ല കൊടുക്കേണ്ടത്’ എന്നായിരുന്നു ഗീതു മോഹൻദാസിന്റെ കുറിപ്പ്. വൈരമുത്തുവിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച ഗായിക ചിന്മയി ശ്രീപദയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്.

നടി റിമ കല്ലിങ്കലും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 17 സ്ത്രീകൾ വൈരമുത്തുവിനെതിരെ ലൈംഗിക അതിക്രമ ആരോപണം ഉയർത്തിയതിനെ ഓർമപ്പെടുത്തിക്കൊണ്ടായിരുന്നു റിമയുടെ പ്രതിഷേധം. ഒറ്റ വരി ട്വീറ്റിലൂടെയുള്ള താരത്തിന്റെ പ്രതികരണം ചുരുങ്ങിയ സമയത്തിനകം വൈറലായി. നിരവധി പേർ പിന്തുണ പ്രഖ്യാപിച്ച് എത്തുകയും ചെയ്തു.

2018ലാണ് വൈരമുത്തുവിനെതിരെ ലൈഗിംകാതിക്രമ ആരോപണം ഉയർന്നത്. ‌പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവതിയാണ് വൈരമുത്തുവിനെതിരെ ആദ്യമായി ആരോപണം ഉന്നയിച്ചത്. വൈരമുത്തുവിന്റെ കോടമ്പാക്കത്തുള്ള വീട്ടിൽ വച്ച് കടന്നുപിടിച്ചു ചുംബിച്ചു എന്നായിരുന്നു യുവതിയുടെ ആരോപണം. പിന്നാലെ ചിന്മയി ശ്രീപദയും ആരോപണവുമായി രംഗത്തെത്തുകയായിരുന്നു.

Noora T Noora T :