ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയ വിഭജനമുണ്ടാക്കാനും ശ്രമിക്കുന്നു; കങ്കണയ്ക്കും സഹോദരിക്കും മുംബൈ പൊലീസിന്റെ സമൻസ്

വർഗീയവിദ്വേഷം പ്രചരിപ്പിക്കുന്ന സോഷ്യൽമീഡിയ പോസ്റ്റുകളുടെ പേരിൽ ബോളിവുഡ് നടി കങ്കണ റണൗട്ടിനും സഹോദരി രംഗോലി ചന്ദേലിനുമെതിരെ കേസെടുക്കാൻ മുംബൈ കോടതി ഉത്തരവിട്ടു. രണ്ടുപേരോടും ഈ മാസം 26, 27 തീയതികളില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ബോംബെ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

പൗരത്വഭേദഗതി നിയമത്തിനെതിരെ തെറ്റിദ്ധാരണയും അഭ്യൂഹവും പരത്തിയ നടിയാണ് കങ്കണ. കലാപത്തിന് വഴിവെച്ചവർ കർഷക ബില്ലുമായി ബന്ധപ്പെട്ടുംതെറ്റിദ്ധാരണ പരത്തി രാജ്യത്ത് തീവ്രവാദ പ്രവർത്തനത്തിനും കാരണക്കാരാവുകയാണെന്നും തീവ്രവാദികളാണെന്നുമായിരുന്നു െസപ്റ്റംബർ 21ന് കങ്കണയുടെ ട്വീറ്റ്. ഇത് വിവാദമായതോടെ പിന്നീട് പിൻവലിച്ചിരുന്നു.

കങ്കണ ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയ വിഭജനമുണ്ടാക്കാനും ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഒരു കാസ്റ്റിങ് ഡയറക്ടറാണ് ഹര്‍ജി നൽകിയത്. ബന്ദ്ര മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റാണ്‌ ഉത്തരവിട്ടത്‌.മതത്തിന്റെ പേരില്‍ കലാകാരന്മാരെ ഭിന്നിപ്പിക്കാനാണ്‌ ട്വീറ്റുകളിലൂടെ നടി ശ്രമിക്കുന്നത്‌. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള ട്വീറ്റുകളും നടി പോസ്‌റ്റ്‌ ചെയ്‌തെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ട്‌ മാസമായി കങ്കണ റണൗട്ട്‌ ബോളിവുഡിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നിരന്തരം ഉന്നയിക്കുകയാണെന്ന്‌ പരാതിയില്‍ പറയുന്നു.

ഹര്‍ജി പരിഗണിച്ച കോടതി വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ച കങ്കണ തനിക്ക് അവിടെ ജീവിക്കാന്‍ ഭയമാണെന്നും പറഞ്ഞിരുന്നു. കൂടാതെ നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റുകളുടെ പേരിലും പ്രശ്നങ്ങൾ ഉണ്ടായി. കങ്കണയും മഹാരാഷ്ട്രയിലെ ഭരണ കക്ഷിയായ ശിവസേനയും തമ്മില്‍ ഇതിന്റെ പേരിൽ തർക്കങ്ങൾ ഉണ്ടായിരുന്നു.

Noora T Noora T :