ഭക്ഷ്യ കിറ്റ് നല്‍കി, കോവിഡിന്റെ വ്യാപനം കുറച്ചു… പഴയ നിലയിലേക്ക് അവര്‍ തിരിച്ചെത്തി; കേരളത്തെ മാതൃകയാക്കണമെന്ന് ബോളിവുഡ് താരം റിച്ച ഛദ്ദ

കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിൽ കേരളത്തെ മാതൃകയാക്കണമെന്ന് ബോളിവുഡ് താരം റിച്ച ഛദ്ദ. കേരളത്തില്‍ കോവിഡ് വ്യാപനം കൂടുന്നുണ്ടെങ്കിലും മരണ നിരക്ക് വളരെ കുറവാണെന്ന ട്വീറ്റ് പങ്കുവച്ച് കൊണ്ടായിരുന്നു റിച്ച തന്റെ അഭിപ്രായം ട്വിറ്ററിൽ രേഖപ്പെടുത്തിയത്.

‘കേരളമാണ് ലക്ഷ്യം. വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരുടെ ക്യാപെയിനില്‍ കാര്യമില്ല. കഴിഞ്ഞ വര്‍ഷം എല്ലാവര്‍ക്കും ഭക്ഷ്യ കിറ്റ് നല്‍കി. കോവിഡിന്റെ വ്യാപനം കുറച്ചു. മറ്റ് സംസ്ഥാനങ്ങളേക്കാളും പെട്ടന്ന് തന്നെ പഴയ നിലയിലേക്ക് അവര്‍ തിരിച്ചെത്തി . മതപരമായ ആഘോഷങ്ങളെല്ലാം നിര്‍ത്തലാക്കി. പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്തുകൊണ്ടാണ് ഇതെല്ലം നടപ്പിലാക്കിയത്.’-റിച്ച ഛദ്ദ വ്യക്തമാക്കി.

കേരളത്തില്‍ കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിനിമാ തിയറ്റര്‍, ഷോപ്പിങ് മാള്‍, ജിംനേഷ്യം, ക്ലബ്, സ്‌പോര്‍ട്‌സ്, കോംപ്ലകസ്, നീന്തല്‍ക്കുളം, പാര്‍ക്ക്, വിദേശ മദ്യശാലകള്‍, ബാറുകള്‍ എന്നിവയുടെ പ്രവർത്തനം തല്‍തക്കാലം വേണ്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

എല്ലാവിധ ആള്‍ക്കൂട്ടങ്ങളും കൂടിച്ചേരലുകളും ഒഴിവാക്കുകയെന്നതാണ് രോഗവ്യാപനം തടയാനുള്ള മാര്‍ഗങ്ങളില്‍ പ്രധാനം. അടച്ചിട്ട സ്ഥലങ്ങളില്‍ രോഗവ്യാപനത്തിന് വലിയ സാധ്യതയുണ്ടെന്ന് നാം മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Noora T Noora T :