വൈറ്റ് ടോപ്പും, മുട്ട് വരെയുള്ള ബ്ലാക്ക് സ്കേർട്ടും വൈറ്റ് ഷൂവും ബേബി ബാൻഡ് ഹെയർ സ്റ്റൈലും ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്. കൊച്ചു കുട്ടികൾ മുതൽ മുതൽ മുൻനിര നായികമാർ വരെ അനുകരിച്ച സ്റ്റൈൽ മലയാളികൾക്കിടയിൽ എത്തിച്ചത് മലയാളികളുടെ ലേഡി സ്റ്റാർ മഞ്ജു വാരിയറാണ്.
‘ചതുർമുഖം’ സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക് എത്തിയപ്പോഴാണ് മഞ്ജുവിന്റെ ന്യൂ ലൂക്ക് ട്രെൻഡിങ്ങായത് . ന്യൂജൻ പിള്ളേർ വരെ തോറ്റുപോകുന്ന മഞ്ജുവിന്റെ കിടിലൻ മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഒന്നാകെ തരംഗം സൃഷ്ടിക്കുകയായിരുന്നു. ഇന്നും ആ എഫക്റ്റ് തീർന്നിട്ടില്ല.
നിമിഷ നേരം കൊണ്ടായിരുന്നു ആ സ്റ്റൈൽ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കുമായെത്തിയ താരത്തെ അഭിനന്ദിച്ച് നിരവധി പേര് എത്തുകയും ചെയ്തു. അതേസമയം എല്ലാത്തിനും പ്രശംസകൾ വരുന്നപോലെ ചില വിമർശങ്ങളും മഞ്ജുവിന് നേരെ ഉയർന്നിരുന്നു. മേക്ക് ഓവർ ചിത്രങ്ങളെ വെറും മേക്ക് ആപ്പ് ചിത്രങ്ങളായി മാത്രം കണ്ട സോഷ്യൽ മീഡിയ ബുദ്ധി ജീവികളും കറവൊന്നുമായിരുന്നില്ല. ഒപ്പം അങ്ങിങ്ങായി സദാചാര ആങ്ങളമാരും വാല് പൊക്കിയിരുന്നു.

എന്നാല്‍ ഇത്തരം വിമർശങ്ങളൊന്നും മഞ്ജുവിനെ ബാധിച്ചിട്ടില്ല. ഇപ്പോൾ ചെറുപ്പത്തോട് മത്സരിക്കാന്‍ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തുകയാണ് മഞ്ജു . തനിക്ക് അങ്ങനെ ഒരിക്കലും തോന്നിയിട്ടില്ലെന്നും തന്റെ ഫോട്ടോ കണ്ട് ചെറുപ്പമായിരിക്കുന്നു എന്ന് പലരും പറഞ്ഞെങ്കിലും അതൊന്നും കാര്യമായി എടുത്തിട്ടില്ലെന്നുമാണ് താരം പ്രമുഖ മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്.
‘ ഈയടുത്ത് വന്ന എന്റെയൊരു ഫോട്ടോ കണ്ട് ചെറുപ്പമായിരിക്കുന്നു എന്ന് പലരും പറഞ്ഞെങ്കിലും ഞാനതൊന്നും വലിയ കാര്യമായി കാണുന്നില്ല. അതൊരു വലിയ ക്രഡിറ്റോ അതാണ് ഏറ്റവും വലിയ നേട്ടമെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല. പ്രായമാകുന്നത് സ്വാഭാവികമാണ്. അതിനെ വളരെ സ്നേഹത്തോടെ ആലിംഗനം ചെയ്യുകയാണ് വേണ്ടത്.
പ്രായമാവുന്നതില്‍ എനിക്കും സന്തോഷമേയുള്ളൂ. ചെറുപ്പമായിരിക്കുന്നു എന്നതിലല്ല, സന്തോഷമായിരിക്കുന്നുണ്ടോ എന്നതാണ് നമ്മള് ശ്രദ്ധിക്കേണ്ടത്. ആ ഫോട്ടോയുടെ കാര്യത്തില്‍ വലിയ ചര്‍ച്ച ഉണ്ടായപ്പോഴും എന്റെ ഉള്ളില്‍ വന്ന ചിന്ത അതാണ്. ബാക്കിയെല്ലാം രണ്ടാമത് വരുന്ന കാര്യങ്ങളാണ്,’ മഞ്ജു വാര്യര്‍ പറഞ്ഞു.

ഉള്ളില്‍ വലിയ ആഹ്ലാദം അനുഭവിക്കുന്ന ഒരാളെപ്പോലെയുണ്ടല്ലോ ഇപ്പോള്‍… എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഉള്ളില്‍ ആഹ്ലാദവും സമാധാനവും ഉണ്ടെന്നായിരുന്നു മഞ്ജുവിന്റെ മറുപടി.
മനസില്‍ സന്തോഷം ഉണ്ട്. പക്ഷേ അത് ഇന്ന ഒരു പ്രത്യേക കാര്യം കൊണ്ടാണ് എന്ന് പറയാന്‍ ആവുമോ എന്നറിയില്ല. അത് ഏതെങ്കിലും ഒരു വസ്തുവിലോ എന്റെ ഏതെങ്കിലും ഒരു നേട്ടത്തിലോ അധിഷ്ഠിതമായി എനിക്ക് തോന്നിയിട്ടില്ല. ഇപ്പോള്‍ ഉള്ള ഒന്നും എന്റെ ജീവിതത്തില്‍ ഇല്ലെങ്കിലും ഞാന്‍ ഒരുപക്ഷേ സന്തോഷമായി തന്നെ ഇരിക്കുമായിരിക്കും. എന്റെ സന്തോഷം, അത് എന്റെ ഉള്ളിന്റെ ഉള്ളില്‍ തന്നെ ഉണ്ട്, മഞ്ജു വാര്യര്‍ പറഞ്ഞു.
about manju warrior