സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് അഹാന കൃഷ്ണ. യൂട്യൂബിലൂടെ സാമൂഹിക പ്രശ്നങ്ങളിൽ നിലപാടുകൾ പറഞ്ഞും അഹാന എത്താറുണ്ട്. ഇതിന് വരുന്ന മോശം മറുപടികൾക്കും ട്രോളുകൾക്കുമെതിരെ ശക്തമായി പ്രതികരിക്കാറുമുണ്ട് അഹാന.
ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഏറെ സജീവമായ അഹാന പങ്കുവച്ച ഒരു വീഡിയോ ആണ് ശ്രദ്ധ കവരുന്നത്. സഹോദരി ഹൻസികയുമൊത്തുള്ള നിമിഷങ്ങൾ കോർത്തിണക്കി മനോഹരമായൊരു വീഡിയോ ആണ് താരം ഒരുക്കിയിരിക്കുന്നത്. തന്റെ സഹോദരിമാരിൽ ഏറ്റവും അടുപ്പം ഹൻസികയുമായാണ് എന്ന് പലകുറി അഹാന അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ‘ലൂക്ക’ എന്ന ചിത്രത്തിൽ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ച് ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.
മുൻപും ഹൻസികയുമായി ബന്ധപ്പെട്ട, തന്റെ ഹൃദയത്തോട് ഏറെ അടുത്തു നിൽക്കുന്ന ഒരു പാട്ടോർമ അഹാന പങ്കുവച്ചിരുന്നു. ‘മകൾക്ക്’ എന്ന സിനിമയിലെ അദ്നൻ സമി പാടിയ ‘ചാഞ്ചാടിയാടി ഉറങ്ങൂ നീ’ എന്ന പാട്ടും അതിനു പിന്നിലെ ഒരു ഓർമ്മയുമാണ് അഹാന ഷെയർ ചെയ്തത്. ഹൻസികയെ കുട്ടിയായിരുന്നപ്പോൾ ഭക്ഷണം കഴിപ്പിക്കാൻ സ്ഥിരമായി പാടി കൊടുത്തിരുന്ന പാട്ടായിരുന്നു ഇതെന്നാണ് അഹാന പറയുന്നത്.
ഹൻസു ഒരു കുഞ്ഞായിരിക്കുമ്പോൾ ഞാൻ ഈ പാട്ട് പാടിയാലേ അവൾ ഭക്ഷണം കഴിക്കുമായിരുന്നു. ഒരു പത്തുവയസ്സുകാരിയെ സംബന്ധിച്ച് എപ്പോഴും പാട്ടുപാടികൊടുക്കുക എന്നു പറയുന്നത് അത്ര ഓകെ ആയിരുന്നില്ല.
അച്ഛന്റെ മൊബൈലിൽ ഞങ്ങൾ ഈ പാട്ടു റെക്കോർഡ് ചെയ്ത് ഹൻസുവിന് ഭക്ഷണം കൊടുക്കേണ്ട സമയങ്ങളിലൊക്കെ പ്ലേ ചെയ്യും. ഇതുകേട്ട് അവൾ സന്തോഷത്തോടെ പാട്ട് കേൾക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. മനോഹരമായ ആ ഓർമ്മയാൽ തന്നെ ഈ പാട്ടെന്റെ ഹൃദയത്തോട് ഏറെ അടുത്തുനിൽക്കുന്ന ഒന്നായി മാറുന്നു,” അഹാന കുറിക്കുന്നു.
about ahana