സ്വീകരണമുറിയിലും ശുചിമുറിയിലും അടുക്കളിയിലും തെങ്ങുകൾ; മൻസൂർ അലിഖാന്റെ വീട്ടിനുള്ളിലെ കാഴ്ച ഞെട്ടിച്ചു

തമിഴിൽ വിവാദ പരാമർശങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് മൻസൂർ അലിഖാൻ. തന്റെ വീടിനുള്ളിൽ തെങ്ങുകൾ വളർത്തിയിരിക്കുകയാണ് അദ്ദേഹം. മന്‍സൂര്‍ അലി ഖാനെ വച്ച് അടുത്തിടെ ഒരു തമിഴ് യൂട്യൂബ് ചാനല്‍ ഫാന്‍ ഷോ നടത്തിയിരുന്നു. അതിന്‍റെ ഭാഗമായി മന്‍സൂര്‍ അലി ഖാന്‍റെ വീട് ഇവര്‍ സന്ദര്‍ശിച്ചപ്പോഴാണ് വിചിത്രമായ ഒരു കാര്യം ശ്രദ്ധിച്ചത്.

അദ്ദേഹത്തിന്റെ വീട്ടിനുള്ളിൽ ആറ് തെങ്ങുകൾ വള‌രുന്നുണ്ട്. സ്വീകരണമുറിയിലും ശുചിമുറിയിലും അടുക്കളിയിലുമൊക്കെ തെങ്ങുകൾ ഉണ്ട്. നേരിട്ട് തേങ്ങ പറിക്കുന്നതിനുള്ള എളുപ്പത്തിനാണ് ഈ പരിപാടിയെന്നാകും നിങ്ങളിപ്പോൾ ചിന്തിക്കുക. എന്നാൽ അദ്ദേഹത്തിന്റെ ഉദ്ദേശ്യം ഇതൊന്നുമല്ല.

താരം വീട് വയ്ക്കാന്‍ സ്ഥലം എടുത്തപ്പോള്‍ അവിടെ ഉണ്ടായിരുന്ന തെങ്ങുകളാണ് ഇവയൊക്കെ. വീടു നിർമാണം തുടങ്ങിയപ്പോൾ ഇതൊന്നും വെട്ടികളയാന്‍ തോന്നിയില്ല. വീടിനൊപ്പം തന്നെ അവയും വളരട്ടെ എന്ന് കരുതി തെങ്ങുകളെ അതുപോലെ തന്നെ നിലനിർത്തുകയായിരുന്നു.

വിജയ് നായകനാകുന്ന ‘ലിയോ’ ആണ് മൻസൂർ അലിഖാന്റെ അടുത്ത ചിത്രം. നേരത്തെ ലോകേഷിന്റെ ‘കൈതി’ സിനിമയിൽ മൻസൂറിനെയായിരുന്നു ആദ്യം നായകനായി പരിഗണിച്ചിരുന്നത്. ഇപ്പോൾ ‘ലിയോ’യിലൂടെ ഇരുവരും ഒന്നിക്കുമ്പോൾ എന്തുവേഷമാകും മൻസൂറിന് ലോകേഷ് കരുതിവച്ചിരിക്കുന്നതെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Noora T Noora T :