മുമ്പൊരിക്കൽ എന്നെ അനുകരിക്കാൻ ശ്രമിച്ചപ്പോൾ ജയറാമിനെ എതിർത്തു; കാരണം പറഞ്ഞ് മധു

പ്രണയാതുര നായകൻ, ക്ഷുഭിത യൗവനത്തിന്‍റെ പ്രതീകം, കാർക്കശ്യവും വാത്സല്യവുമുള്ള കാരണവർ എന്നിങ്ങനെ മലയാളി മനസ്സുകളിൽ ഇടം നേടിയ നടനാണ് മധു.ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളുടെ കാലം മുതൽ ശ്രദ്ധേയമായ നിരവധി സിനിമകളുടെ ഭാഗമാകാൻ മധുവിന് കഴിഞ്ഞു,


മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെമ്മീൻ ആണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത്‌. മുഖ്യധാരാ സിനിമയിലും സമാന്തര സിനിമയിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം സാന്നിദ്ധ്യമറിയിച്ചു. അഭിനയത്തിനു പുറമേ സംവിധായകൻ, നിർമാതാവ്‌, സ്റ്റുഡിയോ ഉടമ, സ്കൂൾ ഉടമ, തുടങ്ങിയ റോളുകളിലും തിളങ്ങി.

ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളുടെ കാലം മുതൽ ശ്രദ്ധേയമായ നിരവധി സിനിമകളുടെ ഭാഗമാകാൻ മധുവിന് കഴിഞ്ഞു. താരപദവിക്കോ നായക നിരയ്ക്കോ അപ്പുറം നല്ല കഥാപാത്രങ്ങൾ ചെയ്യുന്നതിനാണ് മധു എന്നും പ്രാധാന്യം നൽകിയത്. വർഷങ്ങൾ നീണ്ട കരിയറിൽ 400 സിനിമകളിൽ മധു അഭിനയിച്ചു. 12 സിനിമകൾ സംവിധാനം ചെയ്തു. 15 സിനിമകൾ ഇദ്ദേഹം നിർമ്മിക്കുകയും ചെയ്തു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ മധു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

നിരവധി സിനിമകളിൽ ഒപ്പം അഭിനയിച്ച ഷീല, ശാരദ, ശ്രീവിദ്യ എന്നിവരെക്കുറിച്ച് മധു സംസാരിച്ചു. മൂടുപടം എന്ന സിനിമയിൽ എന്റെ ആദ്യത്തെ പ്രണയ രംഗമായിരുന്നു. ആദ്യം മടിച്ചെങ്കിലും പിന്നെ ചെയ്തു. അക്കാര്യത്തിൽ ഷീലയാണ് ഗുരു എന്ന് പറയാം. അവർ പറഞ്ഞത് അനുസരിച്ചാണ് ചെയ്തത്. അഭിനയിച്ച നായികമാരിൽ എല്ലാവരുമായും കംഫർട്ടബിൾ ആയിരുന്നു. എടുത്ത് പറയാൻ സാധിക്കുക ശ്രീവിദ്യയെയാണ്.

ശ്രീവിദ്യക്ക് ഇവരേക്കാൾ കൂടുതൽ കഴിവുണ്ടായിരുന്നു. ഡാൻസ് ചെയ്യും, പാട്ട് പാടും. ഭാഷ പെട്ടെന്ന് മനസിലാക്കും. എല്ലാ ഭാഷയിലും അവർ ഡബ് ചെയ്യും. എനിക്ക് 40-45 വയസായതോടെ ഞാൻ നല്ലത് പോലെ തടി വെച്ചു. എന്റെ കൂടെ നിൽക്കുമ്പോൾ അനുയോജ്യ ശ്രീവിദ്യയായിരുന്നു. ആളുകൾ ഇതൊരു നല്ല പെയർ ആണെന്ന് വിധിയെഴുതി. അതേസമയം ശാരദയുടെ കൂടെ അഭിനയിച്ച എത്രയോ നല്ല പടങ്ങളുണ്ട്. ഷീലയുടെ കൂടെ അഭിനയിച്ചതിൽ മികച്ച പല പടങ്ങളുണ്ടെന്നും മധു ചൂണ്ടിക്കാട്ടി.

മുമ്പൊരിക്കൽ തന്നെ അനുകരിക്കാൻ ശ്രമിച്ചപ്പോൾ ജയറാമിനെ എതിർത്ത സംഭവത്തെക്കുറിച്ചും മധു സംസാരിച്ചു. എന്റെ മുമ്പിൽ പത്ത് തവണയോളം കാണിച്ച് കഴിഞ്ഞതാണ്. വീണ്ടും കാണിക്കാൻ നോക്കിയപ്പോഴാണ് മതിയെടേ എന്ന് പറഞ്ഞത്. എനിക്ക് മിമിക്രിക്കാരോട് വെറുപ്പില്ല. അതൊരു കലയാണ്. പക്ഷെ മിമിക്രിയെന്നാൽ ഏത് ആർട്ടിസ്റ്റിനെ അനുകരിക്കുന്നോ അവരെ കാണിക്കണം. പക്ഷെ ഇന്നത്തെ മിമിക്രിക്കാർ അങ്ങനെയല്ല. മിമിക്രിക്കാരുടെ മിമിക്രിക്കാരാണ്. ഒറിജിനൽ ആളുകളെ മറക്കുന്നു.

ഇല നക്കിപ്പട്ടിയുടെ ചിറിനക്കി പട്ടി എന്ന് പറയുന്നത് പോലെ താഴ്ന്ന് പോകുകയാണ്. അതാണ് തനിക്ക് ഇഷ്ടമല്ലാത്തതെന്നും മധു വ്യക്തമാക്കി. മധുവിന്റെ പഴയ സിനിമകളിൽ പലതും ഇന്നും ചർച്ചയാകാറുണ്ട്. മാർക്കറ്റ് മൂല്യമുള്ള നടനായിരിക്കുമ്പോൾ തന്നെ പാരലൽ സിനിമകളിലും മധു സാന്നിധ്യം അറിയിച്ചു. സ്വയംവരം, ഓളവും തീരവും എന്നീ സിനിമകൾ ഇതിന് ഉദാഹരണമാണ്. നടൻ ശ്രദ്ധേയ വേഷം ചെയ്ത ഭാർഗവി നിലയം എന്ന സിനിമ അടുത്തിടെയാണ് നീലവെളിച്ചം എന്ന പേരിൽ റീമേക്ക് ചെയ്തത്.

നീലവെളിച്ചത്തിന്റെ പരാജയത്തെക്കുറിച്ചും മധു അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. തന്റെ വേഷം ചെയ്ത ടൊവിനോ തോമസ് മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും പ്രേം നസീറിന്റെ കഥപാത്രത്തെ വീണ്ടും അവതരിപ്പിക്കുമ്പോൾ അദ്ദേഹത്തിന് മുകളിൽ നിൽക്കുന്ന ഒരു താരത്തെ കാസ്റ്റ് ചെയ്യേണ്ടതായിരുന്നു എന്നും മധു വ്യക്തമാക്കി.

നായികയായ റിമ കല്ലിങ്കൽ നല്ല രീതിയിൽ അഭിനയിച്ചു. പക്ഷെ വിജയ നിർമ്മലയുടെ ലെവലിൽ വന്നില്ലെന്നും മധു അഭിപ്രായപ്പെട്ടു. അഭിനേതാക്കളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മറ്റേത് താരങ്ങൾ അഭിനയിച്ചാലും നീലവെളിച്ചം ഭാർ​ഗവി നിലയം പോലെ ആകില്ലെന്നും മധു വ്യക്തമാക്കി. 89 കാരനായ മധു സിനിമാ രംഗത്ത് പഴയത് പോലെ സജീവമല്ല. പ്രാധാന്യമില്ലാത്ത വേഷങ്ങൾ ചെയ്യാൻ നടൻ താൽപര്യപെടുന്നില്ല.

AJILI ANNAJOHN :