മലയാളികളുടെ ഇഷ്ട ഗായികയാണ് അമൃത സുരേഷ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം അടുത്തിടെ ഒരു തിയേറ്റർ വർക്ക്ഷോപ്പിൽ പങ്കെടുത്തിരുന്നു. തെലുങ്ക് നടൻ നാഗചൈതന്യ വരെ വർക്ക്ഷോപ്പിൽ അമൃതയ്ക്കൊപ്പമുണ്ടായിരുന്നു.
ആദിശക്തി തിയേറ്റർ സംഘടിപ്പിച്ച വർക്ക് ഷോപ്പിലാണ് അമൃത പങ്കെടുത്തത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അവിടെ നിന്നും ലഭിച്ച സുഹൃത്തുക്കളുടെ വിശേഷങ്ങളും വർക്ക് ഷോപ്പിൽ പങ്കെടുത്ത അനുഭവവുമെല്ലാം അമൃത സുരേഷ് പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ വർക്ക് ഷോപ്പിനിടെ കാഴ്ചവെച്ച തന്റെ സോളോ പെർഫോമൻസിന്റെ വീഡിയോ താരം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് . സത്യത്തിനായി… ഒറ്റയ്ക്കൊരു പോരാട്ടം… ഇത് ആത്മാവിന്റെ ആഴങ്ങളിലേക്കിറങ്ങുന്ന പുത്തൻ കാൽവെയ്‌പ്പ് എന്ന് പറഞ്ഞാണ് വീഡിയോ അമൃത സുരേഷ് പങ്കിട്ടത്.
ഈ യാത്ര ഒരു കലാകാരനെന്ന നിലയിൽ എന്റെ പരിവർത്തനത്തിന് കാരണമായി. ഓരോ വേഷത്തിലൂടെയും തീയേറ്ററിന്റെ ലെൻസിലൂടെ മനുഷ്യാനുഭവം പര്യവേക്ഷണം ചെയ്തുകൊണ്ട് ഞാൻ എന്റെ പുതിയ പാളികൾ അനാവരണം ചെയ്തുവെന്നും അമൃത സുരേഷ് കുറിച്ചു. അമൃതയുടെ വീഡിയോ വൈറലായതോടെ താരത്തിന്റെ ആരാധകരും സെലിബ്രിറ്റികളും അമ്പരന്നു.
അമൃതയിൽ നിന്നും പ്രതീക്ഷിക്കാത്തൊരു പ്രകടനമായിരുന്നു എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തത്. അമൃതയുടെ സഹോദരിയും നടിയും ഗായികയുമെല്ലാമായ അഭിരാമി സുരേഷാണ് ആദ്യം അഭിനന്ദനവുമായി എത്തിയത്. ബിഗ് ബോസ് താരം അപർണ മൾബറി തുടങ്ങി ഒട്ടേറെ സെലിബ്രിറ്റികളും അഭിനന്ദിച്ച് എത്തി. ‘കരഞ്ഞ് അഭിനയിക്കുകയാണെന്ന് തോന്നിയില്ല… ഉള്ളിൽ നിന്നും കരയുന്നതായി തോന്നി. ഇത് ഞെട്ടിച്ചു, നിങ്ങളുടെ പ്രകടനങ്ങൾ തുടർച്ചയായി പ്രേക്ഷകരെ മാസ്മരികതയുടെയും വികാരത്തിന്റെയും മേഖലകളിലേക്ക് കൊണ്ടുപോയി. കലാപരമായ ഘടനയിൽ മായാത്ത മുദ്ര പതിപ്പിച്ചു.’
‘സ്റ്റേജിലെ നിങ്ങളുടെ വൈദഗ്ധ്യവും മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും നിങ്ങൾ അവതരിപ്പിക്കുന്ന ഓരോ കഥാപാത്രത്തിലും വ്യക്തമാണ്. പതിയെ പതിയെ അമൃത തന്റെ മൾട്ടി ടാലന്റ് എല്ലാവർക്കും മുമ്പിൽ അവതരിപ്പിക്കുന്നു’, എന്നെല്ലമാണ് താരത്തെ പുകഴ്ത്തി വന്ന കമന്റുകൾ. നാഗചൈതന്യയ്ക്കൊപ്പമുള്ള ചിത്രങ്ങൾ അമൃത പോസ്റ്റ് ചെയ്തപ്പോൾ അപ്രതീക്ഷിതമായി അത് അമൃതയ്ക്ക് നേരെയുള്ള ആക്രമണമായി മാറി. അമൃതയുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെടുത്തിയായിരുന്നു കമന്റുകൾ ഏറെയും. പക്ഷെ ഒന്നിനോടും പ്രതികരിക്കാൻ അമൃത സുരേഷ് പോയില്ല. പുതിയ വീഡിയോ പങ്കിട്ടപ്പോഴും പങ്കാളി ഗോപി സുന്ദറിനെ കുറിച്ചുള്ള ചോദ്യങ്ങളാണ് അമൃതയ്ക്ക് ലഭിച്ച കമന്റുകളിൽ ഏറെയും.
ഗോപി സുന്ദറും അമൃതയുമായി പിരിഞ്ഞു എന്ന ഊഹാപോഹങ്ങഴും വാർത്തകളും ഉയരുന്ന സാഹചര്യത്തിലായിരുന്നു ആദിശക്തി തിയേറ്റർ സംഘടിപ്പിച്ച വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ അമൃത പോയതും വിശേഷങ്ങൾ പങ്കുവെച്ചതും. എന്നാൽ ഇരുവരും പിരിഞ്ഞിട്ടില്ലെന്ന് പിന്നീട് ഗോപി സുന്ദർ പങ്കുവെച്ച പോസ്റ്റിലൂടെ വ്യക്തമായി. സംഗീതത്തിന് പുറമെ ഭാവിയിൽ അഭിനയത്തിലും അമൃത ശോഭിക്കാൻ സാധ്യതയുണ്ട്. അനിയത്തി അഭിരാമി സുരേഷ് ദുൽഖർ സൽമാൻ ചിത്രത്തിലടക്കം അഭിനയിച്ചിട്ടുണ്ട്. നിരന്തരം സ്റ്റേജ് ഷോകളും മറ്റുമായി തിരക്കിലാണ് അമൃത സുരേഷ്. അതിനിടയിൽ സമയം കണ്ടെത്തിയാണ് ഇത്തരം വർക്ക് ഷോപ്പുകളിൽ പങ്കെടുക്കുന്നത്.