ഹായ് ലാല്‍…ദൃശ്യം 2നെക്കുറിച്ച് എനിക്ക് തോന്നിയത്! മോഹന്‍ലാലിനോട് സംവിധായകന്‍ ഭദ്രന്‍ പറയുന്നു

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 വിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ തുടരുകയാണ്. ഫെബ്രുവരി 18 ന് ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസായത്. ചിത്രത്തിലെ ഓരോ കഥാപാത്രത്തിന്റെയും പ്രകടനത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ദൃശ്യം 2ലെ മോഹൻലാലിന്റെ അഭിനയമികവിനെ പ്രശംസിച്ച് സംവിധായകന്‍ ഭദ്രന്‍ രംഗത്തെത്തിയിരിക്കുകയാണ്

സിനിമ കണ്ടതിനു ശേഷം അദ്ദേഹം മോഹന്‍ലാലിനെ അഭിനന്ദിച്ച് സന്ദേശമയച്ചിരുന്നു. വാട്‌സ് ആപ്പില്‍ അദ്ദേഹം അയച്ച സന്ദേശത്തിന് ലാലേട്ടന്‍ നല്‍കിയ മറുപടിയടങ്ങിയ സ്‌ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ഹായ് ലാല്‍, എല്ലാ കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലും വേദനയും ഭയവും ഉണ്ടായിരിക്കും. , നന്നായി ചെയ്തു, മികച്ച അഭിനയം. അഭിനന്ദനങ്ങള്‍ എന്നാണ് ഭദ്രൻ കുറിച്ചിരിക്കുന്നത്. കൈകൂപ്പി കൊണ്ടുള്ള ഇമോജി പങ്കുവെച്ചാണ് മോഹൻലാൽ മറുപടി നൽകിയിരിക്കുന്നത്.

മോഹന്‍ലാല്‍, മീന, എസ്‌തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നിവരടങ്ങുന്ന ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍.

2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.

Noora T Noora T :