മലയാളികളുടെ ഇഷ്ട താരദമ്പതികളാണ് ഫഹദും നസ്രിയയും. വിവാഹശേഷം ചുരുക്കം സിനിമകളിലേ നടി അഭിനയിച്ചിട്ടുള്ളൂ. ഫഹദ് സിനിമയിൽ സജീവമാണ്.
ഇപ്പോഴിതാ നസ്രിയ-ഫഹദ് ദമ്പതികളെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് സിനിമാരംഗത്തെ മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു. ഇരുവരുടെയും വിവാഹം സിനിമാരംഗത്ത് പെട്ടെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. തമിഴിൽ നസ്രിയ രണ്ട് പടത്തിന് അഡ്വാൻസ് വാങ്ങിയിരുന്നു. അത് തിരികെക്കൊടുത്തു. കരിയറിലെ മികച്ച സമയമല്ലേ എന്ന് പലരും ചോദിച്ചെങ്കിലും നസ്രിയ തീരുമാനത്തിൽ ഉറച്ച് നിന്നെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി. ഫഹദിന്റെ ചില സ്വഭാവ രീതികളെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. അടുത്തിടെ നസ്രിയ നാനിക്കൊപ്പം ഒരു സിനിമ ചെയ്തിരുന്നു. അന്ന് ചെന്നെെയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ഫഹദ് ഫാസിലിൽ അത്ഭുതം തോന്നിയ കാര്യമെന്തെന്ന് ചോദ്യം വന്നു. അത്ഭുതമല്ല, ഒരു ഘട്ടത്തിൽ ഞാൻ ഭയന്ന് പോയ കാര്യമുണ്ടെന്ന് നസ്രിയ പറഞ്ഞു. ഒരു സിനിമയിൽ അഭിനയിച്ച ശേഷവും ആ കഥാപാത്രത്തിൽ നിന്ന് ഫഹദ് പുറത്തേക്ക് പോകുന്നില്ല. ഒരു ദിവസം ഷൂട്ട് കഴിഞ്ഞ് വന്ന് ബാത്ത് റൂമിൽ ഫഹദ് നാലഞ്ച് തവണ ദേഷ്യപ്പെടുന്ന ശബ്ദം കേട്ടു. പിന്നീട് ബെഡ് റൂമിലും ശബ്ദം കേട്ടു.
എന്താണ് നിങ്ങളുടെ പ്രശ്നമെന്ന് നസ്രിയ ചോദിച്ചു. കഥാപാത്രം ആഴത്തിൽ ഉള്ളിലേക്ക് കയറിയെന്ന് ഫഹദ്. ഒരാഴ്ചയോളം ഇത് തുടർന്നു. ഇനിയും തുടർന്നാൽ നിങ്ങളെ സൈക്യാട്രിസ്റ്റിനെ കാണിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ പറയുമെന്ന് നസ്രിയ തമാശയോടെ പറഞ്ഞെന്നും ചെയ്യാറു ബാലു വ്യക്തമാക്കി.
ഇതേ അനുഭവം അന്തരിച്ച നടൻ രഘുവരനും ഉണ്ടായിട്ടുണ്ട്. മലയാളത്തിലെ ഒരു സിനിമയിൽ വൈദികനായി അഭിനയിക്കുകയായിരുന്നു രഘുവരൻ. ഷൂട്ട് കഴിഞ്ഞ് കോസ്റ്റ്യൂം അസിസ്റ്റന്റ് വസ്ത്രങ്ങൾ തിരികെ ചോദിച്ചപ്പോൾ ദേഷ്യപ്പെട്ടു. അതേ കോസ്റ്റ്യൂം ധരിച്ചാണ് തിരിച്ച് ചെന്നെെയിലേക്ക് രഘുവരൻ ട്രെയ്നിൽ വന്നത്. ഒടുവിൽ കോസ്റ്റ്യൂം കൊറിയർ ആയി അയക്കേണ്ടി വന്നെന്നും ചെയ്യാറു ബാലു ഓർത്തു. ഫഹദിനെയും രഘുവരനെയും താരതമ്യം ചെയ്തുള്ള ചർച്ചകൾ സിനിമാ പ്രേക്ഷകർക്കിടയിൽ നടക്കാറുണ്ട്.
ധൂമം ആണ് ഫഹദിന്റെ പുതിയ സിനിമ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. കെജിഎഫ്, കാന്താര തുടങ്ങിയ സിനിമകൾക്ക് ശേഷം ഹോംബാലെ ഫിലിംസ് നിർമ്മിച്ച സിനിമയാണ് ധൂമം. അപർണ ബാലമുരളി, റോഷൻ മാത്യു തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ ചെയ്തത്.