ഓൾ കേരള മെൻസ് അസോസിയേഷൻ’എന്നൊക്കെ പറഞ്ഞു വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ ശ്രമിക്കുന്നതിലാണ് സങ്കടം; അശ്വതി ശ്രീകാന്ത്

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ന​ഗ്നതാ പ്ര​ദർശനം നടത്തി അറസ്റ്റിലായ സവാദിന് സ്വീകരണം നൽകിയതിന് പിന്നാലെ പ്രതികരണവുമായി അശ്വതി ശ്രീകാന്ത്.

‘സ്വീകരണം കൊടുത്തതിൽ അല്ല, ‘ഓൾ കേരള മെൻസ് അസോസിയേഷൻ’എന്നൊക്കെ പറഞ്ഞു വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ ശ്രമിക്കുന്നതിലാണ് സങ്കടം’- എന്നാണ് അശ്വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

നിരവധി പേരാണ് അശ്വതിയുടെ പോസ്റ്റിന് താഴെ കമന്‍റുകള്‍ രേഖപ്പെടുത്തിയത്. ഇവനെയൊക്കെ തുറന്ന് വിടുന്നത് അപകടമാണ് എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്. ഇത്തരത്തിൽ സ്വീകരണം കൊടുക്കുന്നത് ശരിയല്ല എന്നും പലരും കമന്‍റ് ചെയ്തു. എന്നാല്‍ ഇയാളെ അനുകൂലിച്ചുകൊണ്ടും നിരവധി പേരാണ് പോസ്റ്റിന് താഴെ രംഗത്തെത്തിയത്. ഇതോടെ അശ്വതി തന്നെ ഒരു കമന്‍റും ചെയ്തിട്ടുണ്ട്. ‘എന്റെ ഭാഗത്തും തെറ്റുണ്ട്. ഈ സംഘടനയിൽ ഇത്രേം ആളുണ്ടെന്ന് എനിക്ക് അറിയില്ലാരുന്നു. കമന്റ് ബോക്സ് അവർ കൈയടക്കി ഗയ്‌സ് ! ഞാൻ പോണ്… ബൈ’- എന്നായിരുന്നു താരത്തിന്‍റെ കമന്‍റ്.

കേസിൽ അറസ്റ്റിലായിരുന്ന സവാദ് കഴിഞ്ഞ ദിവസമാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. സവാദിനെ മാലയിട്ടാണ് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരിച്ചത്. തൃശൂരിൽനിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍വച്ച് നഗ്നതാ പ്രദർശനം നടത്തിയെന്ന യുവനടിയുടെ പരാതിയിലായിരുന്നു കോഴിക്കോട് സ്വദേശിയായ സവാദിനെ നെടുമ്പാശേരി പൊലീസ് അറസ്റ്റു ചെയ്തത്. ഇന്ന് എറണാകുളം അഡി. സെഷൻസ് കോടതിയാണ് ഉപാധികളോടെ പ്രതിക്ക് ജാമ്യം അനുവദിച്ചത്.

Noora T Noora T :