മെഹ്‌സ അമിനിക്ക് സംഭവിച്ച ദുരന്തം എനിക്കും സംഭവിക്കാമായിരുന്നു, ഇറാനിലെ ഏതൊരു സ്ത്രീക്കും ഇത് സംഭവിക്കാം; അവര്‍ പിടികൂടി കൊണ്ടുപോകുന്ന സ്ത്രീകളും പെണ്‍കുട്ടികളും ചിലപ്പോള്‍ മടങ്ങിവരില്ലെന്ന് നടി എല്‍നാസ് നവറോജി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇറാനില്‍ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഹിജാബ് ശരിയായി ധരിക്കാത്തതിന് ഇരുപത്തിരണ്ടുകാരി യായ മഹ്‌സ അമിനിയെ ഇറാന്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും, പോലീസ് കസ്റ്റഡിയില്‍ പെണ്‍കുട്ടി മരിക്കുകയും ചെയ്ത സംഭവത്തില്‍ പ്രകോപിതരായ ഇറാനിലെ സ്ത്രീകള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്.

ഇപ്പോഴിതാ ഈ സംഭവത്തിന് പിന്നാലെ ഇറാനില്‍ താമസിക്കുന്ന ബോളിവുഡ് നടി എല്‍നാസ് നവറോജി അവിടെ സംഭവിക്കുന്നത് എന്താണെന്ന് തുറന്നു പറയുകയാണ്. എല്‍നാസ് നവറോജിയുടെ കുടുംബം മുഴുവന്‍ ഇറാനിലാണ്. എന്നാല്‍ ഇപ്പോള്‍ ഇറാനില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടയില്‍ എല്‍നാസിന് തന്റെ കുടുംബവുമായി ബന്ധപ്പെടാന്‍ പോലും കഴിയുന്നില്ല. കുടുംബത്തെക്കുറിച്ച് വലിയ ആശങ്കയിലാണ് താരമിപ്പോള്‍.

എല്‍നാസ് നവറോജിയും ഇറാനില്‍ പോലീസിന്റെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ട്. ഇറാനില്‍ താമസിക്കുമ്പോള്‍ പോലീസിന്റെ പിടിയില്‍ നിന്ന് കഷ്ടിച്ചാണ് നവറോജി രക്ഷപ്പെടുന്നത്. തനിക്ക് ഉണ്ടായ ഭയാനകമായ അനുഭവം നടി പങ്കുവെയ്ക്കുകയും ചെയ്തിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ഇറാനില്‍ ആളുകള്‍ എത്രമാത്രം അടിച്ചമര്‍ത്തപ്പെടുന്നുവെന്ന് എല്‍നാസ് നവറോജി വെളിപ്പെടുത്തുന്നു.

‘മെഹ്‌സ അമിനിക്ക് സംഭവിച്ച പോലെ എനിക്കും സംഭവിക്കുമായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഇറാനിലായിരുന്നു. ടെഹ്‌റാനിലെ എന്റെ അവസാന ദിവസമായിരുന്നു അന്ന്. ഞാന്‍ എന്റെ കസിന്‍ സഹോദരനോടൊപ്പം പുറത്തിരിക്കുകയായിരുന്നു. പെട്ടെന്ന് ഒരു സ്ത്രീ എന്റെ മുന്നില്‍ വന്ന് എന്നോട് ഇത് എന്താണ് എന്ന് ചോദിക്കാന്‍ തുടങ്ങി. അവര്‍ എന്താണ് പറയുന്നതെന്ന് എനിക്ക് ആദ്യം മനസ്സിലായില്ല. അവര്‍ എന്നോട് വീണ്ടും ചോദിച്ചു, ഇത് എന്താണ് എന്ന് ?’

ശരീരത്തോട് ഇറുകിച്ചേര്‍ന്ന പാന്റ് ധരിച്ചതിനാല്‍ മോറല്‍ പോലീസ് പട്രോള്‍ഇഇര്‍ഷാദ് എല്‍നാസിനെ പിടികൂടുകയായിരുന്നു. പാന്റ് ഇറുകിയതിനാല്‍ എല്‍നാസ് നവറോജിയുടെ കണങ്കാല്‍ കാണാമായിരുന്നു. ഇക്കാരണത്താല്‍ ഒരു വാനില്‍ ‘റീ എജ്യുക്കേഷന്‍’ കേന്ദ്രത്തിലേക്ക് താരത്തെ കൊണ്ടുപോവുകയായിരുന്നു എന്നും എല്‍നാസ് പറയുന്നു. മഹ്‌സ അമിനിയെ കൊണ്ടുപോയതും ഇതേ സ്ഥലത്തേക്ക് തന്നെയായി രുന്നു. അയഞ്ഞ വസ്ത്രങ്ങളുമായി ആരെങ്കിലും വരുന്നതുവരെ തന്നെ ആ സ്ഥലത്ത് നിര്‍ത്തിയെന്നും നടി പറഞ്ഞിരിക്കുന്നു.

‘റീ എജ്യുക്കേഷന്‍’ കേന്ദ്രത്തില്‍ എത്തിയപ്പോള്‍ അവര്‍ തന്റെ ഫോണും പാസ്‌പോര്‍ട്ടും പിടിച്ചു വാങ്ങി. വളരെ നിസാരമായ കാര്യങ്ങള്‍ക്ക് പോലും മോശമായി പെരുമാറുന്നതിനാല്‍ ഇറാനില്‍ ആര്‍ക്കും ജീവിക്കാന്‍ കഴിയില്ലെന്ന് എല്‍നാസ് പറയുന്നു. എവിടെ പോയാലും അവര്‍ സ്ത്രീകളുടെ നെയില്‍ പോളിഷും വസ്ത്രങ്ങളും ഹിജാബും കൊണ്ടു പോകും. ഒരു സ്ത്രീയും ഇത്തരത്തിലുള്ള പെരുമാറ്റം ഇഷ്ട്ടപ്പെടില്ലെന്നും നടി പറയുകയുണ്ടായി.

മെഹ്‌സ അമിനിക്ക് സംഭവിച്ച ദുരന്തം എനിക്കും സംഭവിക്കാമായിരുന്നു എന്നതിനാലാണ് ഈ കഥ പറയുന്നതെന്ന് എന്‍നാസ് വ്യക്തമാക്കുന്നു. ഇറാനിലെ ഏതൊരു സ്ത്രീക്കും ഇത് സംഭവിക്കാം. അവര്‍ സ്ത്രീകളുടെ ചിത്രങ്ങളും വിശദാംശങ്ങളും എടുക്കും. ആരെ എന്തിന് വേണ്ടി കൊണ്ടുപോകുന്നുവെന്ന് ആര്‍ക്കും അറിയില്ല. അവര്‍ പിടികൂടി കൊണ്ടുപോകുന്ന സ്ത്രീകളും പെണ്‍കുട്ടികളും ചിലപ്പോള്‍ മടങ്ങിവരില്ലെന്നും എല്‍നാസ് വെളിപ്പെടുത്തുന്നു.

തന്റെ വീഡിയോയില്‍ എല്‍നാസ് നവറോജി ഇറാനിയന്‍ പോലീസിന്റെ ഇരുണ്ട മുഖം തുറന്നുകാട്ടുകയാണ്. ഇറാനില്‍ സ്ത്രീകളോട് പോലീസ് മോശമായാണ് പെരുമാറുന്നത്. ഇറാനിയന്‍ സ്ത്രീകളുടെ അവസ്ഥ വളരെ പരിതാപകരമാണ്. അവരെ സഹായിക്കാനും അവരുടെ അവകാശങ്ങള്‍ക്കായി പോരാടാനും ആളുകള്‍ ഒന്നിക്കണം – എല്‍നാസ് ലോകത്തോട് ആവശ്യപ്പെടുന്നു.

Vijayasree Vijayasree :