സാമന്തയുടെ നായകന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ‘യശോദ ടീം’; ആകാംക്ഷയോടെ പ്രേക്ഷകര്‍

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. താരത്തിന്റെ യശോദ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ സാമന്തയുടെ നായകന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് യശോദ ടീം. തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘യശോദ’. സാമന്ത കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് ഹരിഹരീഷ് ജോഡിയാണ്.

ചിത്രത്തില്‍ നായകനായി എത്തുന്നത് ഉണ്ണി മുകുന്ദനാണ്. ഉണ്ണിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നാണ് അണിയറ പ്രവര്‍ത്തകര്‍ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ഗൗരവം നിറഞ്ഞ ലുക്കിലാണ് ഉണ്ണി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തിലാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നതെന്ന് മുന്‍പ് പുറത്തിറക്കിയ ടീസറില്‍ നിന്നും വ്യക്തമായിരുന്നു.

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ വലിയ പ്രതീക്ഷകളോടെ ഒരുക്കിയിരിക്കുന്ന ചിത്രമാണ് യശോദ. ചിത്രത്തില്‍ ഗര്‍ഭിണിയായാണ് സാമന്ത എത്തുന്നത്. ആ അവസ്ഥയില്‍ ആവശ്യമായ സാഹചര്യങ്ങള്‍ക്കപ്പുറം വളരെയധികം ഭയാനകവും ഉദ്വേഗഭരിതവുമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് ഇത്. ശ്രീദേവി മൂവീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്നത് ശിവലേങ്ക കൃഷ്ണ പ്രസാദ് ആണ്.

വരലക്ഷ്മി ശരത്കുമാര്‍, ഉണ്ണി മുകുന്ദന്‍, റാവു രമേഷ്, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം: മണിശര്‍മ്മ, സംഭാഷണങ്ങള്‍: പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി, വരികള്‍: ചന്ദ്രബോസ്, രാമജോഗയ്യ ശാസ്ത്രി, ക്രിയേറ്റീവ് ഡയറക്ടര്‍: ഹേമാംബര്‍ ജാസ്തി, ക്യാമറ: എം.സുകുമാര്‍, കല: അശോക്, സംഘട്ടനം: വെങ്കട്ട്, എഡിറ്റര്‍: മാര്‍ത്താണ്ഡം. കെ വെങ്കിടേഷ്, ലൈന്‍ പ്രൊഡ്യൂസര്‍: വിദ്യ ശിവലെങ്ക,സഹനിര്‍മ്മാതാവ്: ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി, പി ആര്‍ ഒ : ആതിര ദില്‍ജിത്ത്.

Vijayasree Vijayasree :