പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തില്‍ കമന്റിട്ടു, നടന്‍ നസ്‌ലിന്‍ കെ ഗഫൂറിനെതിരെ കടുത്ത സൈബര്‍ ആക്രമണം; പിന്നാലെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് താരം

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് നസ്‌ലിന്‍ കെ ഗഫൂര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ താരത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്.

പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തില്‍ കമന്റിട്ടെന്ന് ആരോപിച്ചാണ് നസ്‌ലിന് എതിരെ സൈബര്‍ ആക്രമണം നടക്കുന്നത്. നടന്റെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്നാണ് കമന്റ് വന്നിരിക്കുന്നത്. ഏഴ് പതിറ്റാണ്ടിന് ശേഷം ഇന്ത്യയില്‍ എത്തിയ ചീറ്റകളെ പ്രധാനമന്ത്രി തുറന്നുവിട്ട വാര്‍ത്തയ്ക്ക് താഴെയാണ് അധിക്ഷേപിക്കുന്ന കമന്റ് വന്നത്.

‘ഒരു ചീറ്റയെങ്കിലും പുറത്തേക്ക് ചാടിയാല്‍ ഈ രാജ്യം രക്ഷപ്പെടുമായിരുന്നു’ എന്നാണ് നസ്‌ലിന്റെ പേരില്‍ വ്യാജമായി സൃഷ്ടിക്കപ്പെട്ട ഫെയ്‌സ്ബുക് പേജില്‍ നിന്നു വന്ന കമന്റ്. കമന്റ് ശ്രദ്ധയില്‍പ്പെട്ടതോടെ സംഘപരിവാര്‍ അനുകൂലികളും മറ്റും നസ്‌ലിനെതിരെ സൈബര്‍ ആക്രമണം നടത്തുകയായിരുന്നു.

22,000ത്തില്‍ അധികം ഫോളോവേഴ്‌സ് ഉള്ള പേജില്‍ നിന്നാണ് കമന്റ് വന്നത്. എന്നാല്‍ പേജിന്റെ യുആര്‍എല്‍ https://www.facebook.com/vineeth.nair55 എന്നാണ്. എന്നാല്‍ പ്രൊഫൈല്‍ നെയിം നസ്‌ലിന്‍ കെ ഗഫൂര്‍ എന്നാണ്. സൈബര്‍ ആക്രമണം കടുത്തതോടെ നസ്‌ലിന്‍ തന്നെ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നും തന്റെ ശരിയായ ഫെയ്‌സ്ബുക് പേജ് ഏതാണെന്നും നസ്‌ലിന്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

വ്യാജ പേജില്‍ നിന്നാണ് കമന്റ് വന്നതെന്നും ആ പേജ് കൈകാര്യം ചെയ്യുന്നത് താനല്ലെന്നും നസ്‌ലിന്‍ വ്യക്തമാക്കി. ഒപ്പം തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിന്റെ ലിങ്കും നസ്‌ലിന്‍ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് വ്യാജ അക്കൗണ്ടിന്റെ ഉടമയെ പിടികൂടണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.

Vijayasree Vijayasree :