മലയാളത്തിലെ എക്കാലത്തേയും സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് സിബി മലയില്‍. തലമുറ വ്യത്യാസമില്ലാതെ എല്ലാവരും ഇഷ്ടപ്പെടുന്ന നിരവധി സിനിമകളാണ് അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മലയാളത്തിലെ മുൻനിര നായകന്മാരെ എല്ലാം വച്ച് ഹിറ്റുകൾ രചിച്ചിട്ടുള്ള സംവിധായകൻ കൂടിയാണ് അദ്ദേഹം.
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിബി മലയില്‍ ഒരുക്കിയ സിനിമയാണ് ‘കൊത്ത്’. ഇന്ന് റിലീസിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിബി മലയിലിന് നന്ദി അറിയിച്ചെത്തിയിരിക്കുകയാണ് നടൻ ആസിഫ് അലി. സിബി മലയിൽ തനിക്ക് അദ്ധാപകനാണ് എന്നും കുറെ കാര്യങ്ങൾ സംസാരിച്ച് അത്ഭുതപ്പെടുത്താറുണ്ടെന്നും താരം ഫോസ്ബുക്കിൽ കുറിച്ചു.
‘
സിനിമ ആസ്വാദകർ, രാഷ്ട്രീയ നിരീക്ഷകർ, കുടുംബ പ്രേക്ഷകർ, യുവാക്കൾ അങ്ങനെ ഏവരും ഈ ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്ന റിവ്യൂകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. കഥാപാത്രത്തിന്റെ ഹൃദയവിചാരങ്ങൾ പ്രേക്ഷകരിലേക്ക് ഏറ്റവും മനോഹരമായി അവതരിപ്പിക്കാൻ കഴിവുള്ള സംവിധായകനാണെന്ന് സിബി മലയിൽ തെളിയിച്ചിട്ടുള്ളതാണ്’ എന്നും ആസിഫ് കൂട്ടിച്ചേർത്തു.
ആസിഫ് അലിയുടെ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ
നമ്മളറിയാതെ നമ്മുടെ ജീവിതത്തിലേക്ക് വന്നുചേരുന്ന ചില അദ്ധ്യാപകരുണ്ട്. ഒരു സർവകലാശാലയിലും പഠിപ്പിക്കാത്ത ചില പാഠങ്ങൾ അവർ നമുക്ക് പറഞ്ഞു തരും. സിലബസിന് പുറത്തുള്ളതിനെക്കുറിച്ച് കൂടെ സംസാരിച്ചു നമ്മെ അത്ഭുതപ്പെടുത്തും. അങ്ങനെ ഒരു അദ്ധ്യാപകനാണ് എനിക്ക് സിബി സാർ. സാറിനോടൊപ്പം ഞാൻ വർക്ക് ചെയ്യുന്ന നാലാമത്തെ സിനിമയാണ് ‘കൊത്ത്’. സിനിമ ആസ്വാദകർ, രാഷ്ട്രീയ നിരീക്ഷകർ, കുടുംബ പ്രേക്ഷകർ, യുവാക്കൾ അങ്ങനെ ഏവരും ഈ ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്ന റിവ്യൂകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്.
കഥാപാത്രത്തിന്റെ ഹൃദയവിചാരങ്ങൾ പ്രേക്ഷകരിലേക്ക് ഏറ്റവും മനോഹരമായ്, കൺവിൻസിങ് ആയി, അവതരിപ്പിക്കാൻ കഴിവുള്ള സംവിധായകനാണെന്ന് എത്രയോ എത്രയോ നല്ല ചിത്രങ്ങളിലൂടെ സിബി സാർ തെളിയിച്ചിട്ടുള്ളതാണ്. നന്ദി സർ, ഇനിയും ഒട്ടനവധി നല്ല ചിത്രങ്ങൾ ഒരുക്കാൻ സാറിനു സാധിക്കട്ടെ. നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ എനിക്കും ഭാഗ്യമുണ്ടാവട്ടെ. അതെന്റെ ഗുരുത്വമായി, നിറഞ്ഞ പുണ്യമായി ഞാൻ കാണും.
ഹേമന്ത് കുമാറാണ് കൊത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് കൈലാസ് മേനോനാണ്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രഞ്ജിത്ത്, വിജിലേഷ്, അതുല്‍, ശ്രീലക്ഷ്മി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ദിനേശ് ആലപ്പി, രാഹുല്‍, ശിവന്‍ സോപാനം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.