മലയാള സിനിമയ്ക്ക് നിരവധി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. നീണ്ട ഇടവേളയ്ക്ക് ശേഷം കൊത്ത് എന്ന ചിത്രത്തിലൂടെ അദ്ദേഹം വീണ്ടും സംവിധാന രംഗത്തേക്ക് തിരിച്ചെത്തുകയാണ്. ഇപ്പോൾ മോഹൻലാലും മമ്മൂട്ടിയും മാസ് പ്രേക്ഷകർക്കായി സിനിമകൾ ചെയ്യാൻ നിർബന്ധിതരാകുന്നു എന്ന് സിബി മലയിൽ. ആദ്യ കാലങ്ങളിൽ അവർ മികച്ച കഥാപാത്രങ്ങൾ ചെയ്തിരുന്നു. എന്നാൽ താരപദവി എത്തിയതോടെ ആരാധക വൃന്ദത്തെ തൃപ്തിപ്പെടുത്തുന്ന സിനിമകൾ ചെയ്യാൻ അവർ നിർബന്ധിതരായി. അതിലൂടെ നഷ്ടമായത് നിരവധി മികച്ച അഭിനയ മുഹൂർത്തങ്ങൾ ആണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പുതിയ സിനിമയായ ‘കൊത്തി’ന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മോഹൻലാലും മമ്മൂട്ടിയും ആദ്യകാലങ്ങളിൽ നടന്മാർ എന്ന നിലയിലാണ് സിനിമകൾ ചെയ്തിരുന്നത്. അവർ മികച്ച കഥാപാത്രങ്ങളെ തെരഞ്ഞെടുത്തത് മൂലം മികച്ച അഭിനയ മുഹൂർത്തങ്ങൾ നമുക്ക് ആസ്വദിക്കാൻ കഴിഞ്ഞു. ഒരു കാലം കഴിഞ്ഞപ്പോൾ സ്റ്റാർഡം എന്ന അവസ്ഥയിലേക്ക് ഇവർ എത്തപ്പെട്ടു. അവരായിട്ട് എത്തിയതല്ല, അവരുടെ സിനിമകൾ കണ്ട് ആരാധകരുടെ ഒരു വൃന്ദമുണ്ടാവുകയും അത് മൂലം അത്തരം പ്രേക്ഷകരെ കൂടി തൃപ്തിപ്പെടുത്തേണ്ടി വരുന്ന അവസ്ഥയുണ്ടായി. അങ്ങനെ വന്നപ്പോൾ മികച്ച അഭിനയം കാഴ്ചവെക്കാൻ പറ്റുന്ന സിനിമകൾ അവർക്ക് എപ്പോഴും ചെയ്യാൻ സാധിക്കാതെ വന്നു. മാസ് സിനിമകളുടെ ഭാഗമാകേണ്ടി വന്നു.
അപ്പോൾ നമുക്ക് നഷ്ടമാകുന്നത് നല്ല അഭിനയ മുഹൂർത്തങ്ങൾ കിട്ടേണ്ട സിനിമകളാണ്. അവരെ വെച്ച് സിനിമകൾ ചെയ്തു നിർമ്മാതാക്കൾക്ക് വലിയ കളക്ഷൻ ലഭിക്കും. പക്ഷെ അവരിലെ അഭിനേതാക്കളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ അത് നിരാശപ്പെടുത്തുന്നുണ്ട്’ സിബി മലയിൽ പറഞ്ഞു.
ആറു വർഷത്തിന് ശേഷം സിബി മലയിൽ വീണ്ടും സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്ന ‘കൊത്ത്’ സെപ്റ്റംബർ 16ന് റിലീസ് ചെയ്യും. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആസിഫ് അലി, റോഷൻ മാത്യു, നിഖില വിമൽ.
രഞ്ജിത്ത്, വിജിലേഷ് , അതുല്‍, ശ്രീലക്ഷ്മി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ദിനേശ് ആലപ്പി, രാഹുൽ, ശിവൻ സോപാനം എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹേമന്ത് കുമാറാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് കൈലാസ് മേനോനാണ്.