ധര്‍മ്മജന്‍ ഇഫക്റ്റ് തുടരുന്നു! അനുശ്രിയും കോണ്‍ഗ്രസിലേക്ക്! പ്രതികരണവുമായി അനുശ്രീ

മലയാളത്തിലെ നടിമാരില്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം നേടിയിട്ടുള്ള താരമാണ് അനുശ്രീ. സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ അനുശ്രീ തൻ്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ നിരന്തരം പങ്കുവെക്കാറുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ ലാല്‍ ജോസ് സിനിമയിലേക്ക് കെെ പിടിച്ചു കൊണ്ടു വന്ന അനുശ്രീ ഇതിനോടകം മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയിട്ടുണ്ട്. അനുശ്രീ ഇപ്പോൾ പങ്കുവെച്ച പുതിയൊരു പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

അനുശ്രീ കോണ്‍ഗ്രസിലേക്കെന്ന സൈബര്‍ പ്രചരണത്തിനെതിരെയാണ് താരം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കൊന്നും വേറെ പണിയില്ലെ എന്നായിരുന്നു അനുശ്രിയുടെ പ്രതികരണം. ഈ ആളുകള്‍ക്കൊന്നും ഒരു പണിയും ഇല്ലേ, അറിയാന്‍ പാടില്ലാഞ്ഞു ചോദിക്കുവാ. വേറെ ന്യൂസ് ഒന്നും കിട്ടാനില്ലേ, കഷ്ടം’ എന്ന് പുശ്ചിച്ചുകൊണ്ടാണ് അനുശ്രീ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ എഴുതിയത്’.

ധര്‍മ്മജന്‍ ഇഫക്റ്റ് തുടരുന്നു. അനുശ്രിയും കോണ്‍ഗ്രസിലേക്ക് എന്ന കാപ്ക്ഷനോടെയുള്ള പോസ്റ്ററാണ് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്. ‘എന്റേത് കോണ്‍ഗ്രസ് കുടുംബമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങും’ എന്ന് അനുശ്രിയുടേത് പോലുള്ള വാക്കുകളും പോസ്റ്ററില്‍ ഉണ്ട്. ഈ പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു അനുശ്രിയുടെ പ്രതികരണം.

തദ്ദേശ തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗീസിന്റെ പ്രചരണത്തിനായി സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ അനുശ്രീ പങ്കെടുത്തിരുന്നു. . ഇതായിരിക്കാം ഇത്തരത്തിലുള്ള സൈബര്‍ പ്രചരണത്തിന് കാരണം. ചെന്നീര്‍ക്കര പഞ്ചായത്ത് 12ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു റിനോയ് വര്‍ഗ്ഗീസ്.

അതേസമയം മലയാള സിനിമ താരങ്ങളില്‍ നിന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, ഇടവേള ബാബു എന്നിവര്‍ കോണ്‍ഗ്രസ് അനുഭാവം വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഇരുവരും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകളും ഉണ്ടായിരുന്നു. അതേസമയം ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന രമേഷ് പിഷാരടി വ്യക്തമാക്കിയിരുന്നു. തന്റെ സുഹൃത്തായ ധര്‍മ്മജന്‍ മത്സരിക്കുകയാണെങ്കില്‍ മുഖ്യ പ്രചാരകനാകുമെന്നും പിഷാരടി അറിയിച്ചിരുന്നു.

ധര്‍മ്മജന് പിന്നാലെയാണ് രമേശ് പിഷാരടിയും ഇടവേള ബാബുവും കോണ്‍ഗ്രസിലേയ്ക്ക് എത്തുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാട് സ്വീകരണ ചടങ്ങില്‍ ഇരുവരും പങ്കെടുത്തു. നേരത്തെ മേജര്‍ രവിയും ഐശ്വര്യ കേരള യാത്രയുടെ ഭാഗമായിരുന്നു. സിനിമാ മേഖലയില്‍ നിന്നും മറ്റു മേഖലകളില്‍ നിന്നും ഉള്ളവരെ കോണ്‍ഗ്രസിന്റെ ഭാഗമാക്കാന്‍ കഴിയണമെന്ന് നേരത്തെ നേതാക്കള്‍ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായി സജീവ നീക്കങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ നടത്തുന്നത്.

Noora T Noora T :