മണി വരുമ്പോൾ എപ്പോഴും ഒരു കാറ് നിറച്ചും ആൾക്കാരുണ്ടാകുമായിരുന്നു കൂടെ;എപ്പോഴും ആഘോഷത്തിന്റെ മൂഡാണ്; കലാഭവൻ മാണിയെ കുറിച്ച് നിർമാതാവ് !

മലയാളികളുടെ പ്രിയപ്പെട്ട മണിനാദം നിലച്ചിട്ട് ഇന്നേക്ക് ആറുവർഷം. ആടിയും പാടിയും സാധാരണക്കാരനൊപ്പം സംവദിച്ചും മലയാളികളുടെ മനസിൽ ചേക്കേറിയ മണിയുടെ വേർപാട്, ഇന്നും മലയാള സിനിമാ–നാടൻപാട്ട് രംഗത്ത് നികത്താനാകാത്ത നഷ്ടം ആണ്.

വിസ്മൃതിയിലേക്കാണ്ടുപോയ നാടൻപാട്ടെന്ന കലയെ ഇത്രമേൽ ജനപ്രിയമാക്കിയ മറ്റൊരു മലയാളിയുണ്ടാകില്ല. പാട്ടുപോലെതന്നെ ചടുലമായിരുന്നു മണിയെന്ന കലാകാരൻറെ ജീവിതവും. മണി എന്നുമൊരു ആഘോഷമായിരുന്നു, ആനന്ദമായിരുന്നു

സിനിമാ പ്രേമികളുടെ മനസിൽ ഒരിക്കലും മായാതെ നിൽക്കുന്ന ചിരിയാണ് കലാഭവൻ മണി. അദ്ദേഹത്തിന്റെ മിന്നും പ്രകടനം കണ്ട സിനിമയായിരുന്നു വാൽക്കണ്ണാടി. ഗീതു മോഹൻദാസ് ആയിരുന്നു ചിത്രത്തിലെ നായിക. അനിൽ ബാബുവായിരുന്നു സിനിമയുടെ സംവിധാനം.

ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണ സമയത്തുള്ള ഓർമ്മകളും കലാഭവൻ മണിയെക്കുറിച്ചുള്ള ഓർമ്മകളും പങ്കുവെക്കുകയാണ് നിർമ്മാതാവ് സന്തോഷ് ധാമോദരൻ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് ധാമോദരൻ മനസ് തുറന്നത്. ആ വാക്കുകൾ വായിക്കാം തുടർന്ന്.

മണി ഈസി ആർട്ടിസ്റ്റാണ്. വളരെ റിലാക്‌സ് ആയിട്ട് ചെയ്ത സിനിമയാണ്. ആ കഥ മുഴുവൻ മണിയുടെ മനസിലുണ്ടായിരുന്നു. അസുഖം വരുന്ന മാറ്റം താനെ വരുമായിരുന്നു. ചിലപ്പോൾ ചെയ്ത് ചെയ്ത് കേറിപ്പോകും. സംവിധായകൻ കട്ട് പറഞ്ഞ ശേഷം പിടിച്ചു നിർത്തേണ്ടി വരുമായിരുന്നു. തീയേറ്ററിൽ ഗീതുവിനെ കാലിൽ കെട്ടി വലിച്ചു കൊണ്ടു പോകുന്നത് കാണാൻ പറ്റുന്നില്ല, വയലൻസ് കൂടിയോ എന്നൊക്കെ പറഞ്ഞിരുന്നു. ചിത്രത്തിലെ ഒരു പാട്ട് മണി സ്വന്തം പാടിയാണ്. തിരക്കഥയിലുണ്ടായിരുന്നില്ല അത്. മണിയുടെ മനസിൽ ഉണ്ടായിരുന്നിരിക്കാം.

പറയാൻ പറ്റാത്ത സഹകരണമാണ്. ഇത്രയും സൗഹൃദമുള്ള നടൻ വേറെയില്ല. എല്ലാ സിനിമയിലും അങ്ങനെയാണോ എന്നറിയില്ല. എന്നോട് അങ്ങനെയായിരുന്നു. ഒരുപാട് സിനിമകൾ ചെയ്യേണ്ടിയിരുന്നതായിരുന്നു. മണി വരുമ്പോൾ എപ്പോഴും ഒരു കാറ് നിറച്ചും ആൾക്കാരുണ്ടാകുമായിരുന്നു കൂടെ. അതൊരു നല്ല കാര്യമാണ്. കൂടെ പഠിച്ചവരും കൂടെ വളർന്ന വരുമൊക്കെയായിരിക്കും. അവരെയും കൊണ്ടാണ് യാത്രയൊക്കെ. ചിലരെ ചിലപ്പോൾ നാട്ടിലേക്ക് വിട്ട് അച്ഛാറൊക്കെ വരുത്തിക്കും. എപ്പോഴും ആഘോഷത്തിന്റെ മൂഡാണ്.

എപ്പോഴും മൂന്നാലു പേര് റൂമിലുണ്ടാകും. അതിൽ ഡ്രൈവറുണ്ടാകാം, മാനേജ് ചെയ്യുന്നവരുണ്ടാകാം. ഡ്രൈവർ എന്നൊന്നും പറയാൻ പറ്റില്ല. കൂടെ പഠിച്ചവരൊക്കെ തന്നെയായിരിക്കും. വലിയ മദ്യപാനിയായി എനിക്ക് തോന്നിയിട്ടില്ല. അന്ന് ബിയർ മാത്രമേ കഴിക്കൂവെന്നാണ് എന്റെ അറിവ്. പിന്നെയായിരിക്കും മാറിയത്. നന്നായിട്ട് ഭക്ഷണം കഴിക്കും. വ്യായാമം ഒക്കെ ചെയ്യും.പഴയ കൂട്ടുകാരെ മറന്ന് പുതിയ ആൾക്കാരൂടെ കൂടെ പോകുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. മണിയുടെ കൂടെയുണ്ടായിരുന്നത് പഴയ ആൾക്കാരായിരുന്നു. എല്ലാവരും മണി പറയുന്നത് കേൾക്കുന്നവരായിരുന്നു. വീടിനു ചുറ്റുമുള്ളവരും മണിയെക്കൊണ്ട് ജീവിക്കുന്നവരുമായിരുന്നു. ഷൂട്ട് കഴിഞ്ഞ് പോയാൽ വീട്ടിലൊരു ഒത്തു ചേരലുണ്ടാകും. അവിടേക്ക് പുറത്തു നിന്നുമുള്ളവരൊക്കെ വരുമായിരുന്നു.

തമിഴ് സിനിമയിലൊക്കെ പോയി അവിടേയും സൗഹൃദങ്ങളുണ്ടാക്കിയിട്ടുണ്ടല്ലോ. അവരെയൊക്കെ വീട്ടിലേക്ക് ക്ഷണിക്കുമായിരുന്നു. അവരൊക്കെ വന്ന് ആഘോഷിച്ചു പോവുകയാണ്. ആഘോഷിക്കുന്നവർ മാറി വരും. പക്ഷെ ആഘോഷിപ്പിക്കാൻ ഒരാൾ മാത്രമേയുള്ളൂ. ഓരോ ബാച്ച് പോയിവരും. പക്ഷെ മണി അവിടെ തന്നെ ഇരിക്കണമല്ലോ. ഞാൻ ഒരു തവണ അവിടെ പോയിട്ടുണ്ട്. വീടൊക്കെ എനിക്ക് കാണിച്ചു തന്നു. പാടിയെന്ന് പറയുന്ന സ്ഥലത്താണ് ആഘോഷം.

അവസാനത്തെ പ്രതിഫലം പോലും എന്റെ കയ്യിൽ നിന്നും വാങ്ങാതെയാണ് പോയത്. ഷൂട്ട് കഴിയുന്ന ദിവസം പ്രതിഫലമൊക്കെ കൊടുത്ത് പിരിയുന്നതാണ് എന്റെ ശീലം. അന്ന് എന്റെ മുറിയിൽ വന്ന് യാത്ര പറഞ്ഞ് ഓടുകയായിരുന്നു. ഞാൻ ചെക്ക് കൊടുത്തിട്ട് വാങ്ങിയത് പോലുമില്ല. പറഞ്ഞ് കേട്ടിട്ടുള്ളത് അന്ന് പാട്ടു പാടുന്നതിന് ഏറ്റവും കൂടുതൽ കാശ് വാങ്ങിയിരുന്നത് മണിയാണെന്നായിരുന്നു. അന്ന് മലയാളത്തിൽ ഏറ്റവും വലിയ പാട്ടുകാർ വാങ്ങുന്നതിനേക്കാൾ ഒരു രൂപയെങ്കിലും കൂടുതൽ വാങ്ങണമെന്ന് മണിയ്ക്ക് വാശിയായിരുന്നു. പക്ഷെ എന്റെ സിനിമയിൽ പാടിയതിനും കാശ് വാങ്ങിയിരുന്നില്ല.

എന്നെ വരണമെന്ന് പറഞ്ഞ് വിളിച്ചതാണ്. അവിടെയൊരു അമ്പലത്തിൽ ഉത്സവമായിരുന്നു. മണിയായിരുന്നു ആ ഉത്സവം നടത്തിയിരുന്നത്. പുള്ളി ആ ഉത്സവത്തിൽ ചെണ്ടയൊക്കെ കൊട്ടി മുന്നിലങ്ങനെ നടക്കും. അത് കഴിഞ്ഞ് വന്നു കഴിഞ്ഞാൽ മദ്യപാനികളുടെ ഒരു സദസാകും. വലിയൊരു സുഹൃത്ത് വലയമുണ്ടായിരുന്നു. അത്തരത്തിലൊരു ജീവിതമായിരുന്നു.

AJILI ANNAJOHN :