മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി . മികച്ച രാഷ്ട്രീയക്കാരാണെന്നും അദ്ദേഹം തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ് . കേരളത്തില്‍ ബിജെപിയുടെ ഏറ്റവും ജനപ്രീതിയുളള നേതാവ് സുരേഷ് ഗോപി ആണെന്നാണ് പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വ്വേയിലെ കണ്ടെത്തല്‍. നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്റെ സ്ഥാനത്തേക്ക് അടക്കം ഉയര്‍ന്ന് കേട്ട പേരാണ് സുരേഷ് ഗോപിയുടേത്. ബിജെപി സ്ഥാനാര്‍ത്ഥിയായി ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി മത്സരിച്ചു. അടുത്തിടെ രാജ്യസഭാ എംപിയായുളള കാലാവധി കഴിഞ്ഞതിന് ശേഷം സുരേഷ് ഗോപി സിനിമയില്‍ തിരക്കിലാണ്. സുരേഷ് ഗോപിയെ സംസ്ഥാന ബിജെപി വേണ്ടവിധം ഉപയോഗിച്ചില്ല എന്നുളള ആക്ഷേപത്തിന് പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ മറുപടി പറയുന്നു.
ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം. കെ സുരേന്ദ്രന്റെ വാക്കുകൾ: ‘ സുരേഷ് ഗോപിയെ വേണ്ട വിധം ഉപയോഗിച്ചില്ല എന്നതൊക്കെ ആര് പറയുന്നതാണ്? ഇതൊക്കെ ചിലര്‍ ഉണ്ടാക്കി വിടുന്നതാണ്. സുരേഷ് ഗോപി ഏറ്റവും നന്നായി പ്രവര്‍ത്തിച്ച എംപിയാണ്. സുരേഷ് ഗോപിക്ക് രണ്ടാം തവണ എംപി സ്ഥാനം കിട്ടിയില്ല എന്ന് പറഞ്ഞ് ഒരു പ്രചാരണം മാധ്യമങ്ങളും അതിനെ അനുകൂലിക്കുന്ന ചില ആളുകളും ചേര്‍ന്ന് നടത്തി.
ഇന്ത്യയില്‍ ഇന്ന് വരെ നോമിനേറ്റഡ് പോസ്റ്റുകളില്‍ ആര്‍ക്കും രണ്ടാമത് അവസരം കൊടുത്തിട്ടില്ല. സുരേഷ് ഗോപി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹം അറിയപ്പെടുന്ന ഒരു സിനിമാതാരം ആയത് കൊണ്ടാണ്. ആ ക്വോട്ടയിലാണ് അദ്ദേഹത്തിന് എംപി സ്ഥാനം കിട്ടിയത്. നോമിനേറ്റഡ് പോസ്റ്റ് ആണ്.എംപിയായി ആറ് വര്‍ഷം സുരേഷ് ഗോപിക്ക് കിട്ടി. അദ്ദേഹമത് ഫലപ്രദമായി ഉപയോഗിച്ചു. അതിനിടയില്‍ നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും അദ്ദേഹം മത്സരിച്ചു. ബിജെപി ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം അദ്ദേഹം ചെയ്തു.
പിന്നെ അദ്ദേഹത്തെ പരിഗണിച്ചില്ല എന്ന് പറയുന്നതിലെ യുക്തിയാണ് തനിക്ക് മനസ്സിലാകാത്തത്. വേണ്ടവണ്ണം സുരേഷ് ഗോപിയെ ഉപയോഗിച്ചില്ല എന്ന് പറയുന്നവര്‍ എന്താണ് ഉദ്ദേശിക്കുന്നത്.സുരേഷ് ഗോപിയോട് അടുത്ത് നില്‍ക്കുന്ന ആരും അങ്ങനെ ഒരു അഭിപ്രായം പറയുന്നില്ല.സുരേഷ് ഗോപിയും അങ്ങനെ ഒരു അഭിപ്രായം പറയുന്നില്ല. അത് ചില ആളുകള്‍ ബോധപൂര്‍വ്വം ഉണ്ടാക്കുന്നതാണ്. സുരേഷ് ഗോപി വളരെ നല്ല ഇടപെടലുകള്‍ ആണ് സമൂഹത്തില്‍ എംപി എന്ന നിലയില്‍ നടത്തിയിരിക്കുന്നത്. തങ്ങള്‍ അതിനെ പൂര്‍ണമായും പിന്തുണച്ച് കൊണ്ടാണ് മുന്നോട്ട് പോയത്.
ബിജെപി സംസ്ഥാന സെക്രട്ടറിയോ ജില്ലാ പ്രസിഡണ്ടോ പോകുന്നത് പോലെ സുരേഷ് ഗോപിയെ തങ്ങള്‍ കൊണ്ട് പോകാറില്ല. കാരണം അദ്ദേഹം വളരെ തിരക്ക് പിടിച്ച ഒരു നടനാണ്, സാമൂഹ്യ പ്രവര്‍ത്തകനുമാണ്. ധാരാളം സേവാ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. അതിനിടയിലാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം ചെയ്യുന്നത്. ദൈംനദിന പ്രവര്‍ത്തകര്‍ ചെയ്യുന്നത് പോലെ സെക്രട്ടേറിയറ്റില്‍ സമരം ചെയ്യാന്‍ അദ്ദേഹത്തെ തങ്ങള്‍ വിളിക്കാറില്ല.
കരിങ്കൊടി പ്രകടനങ്ങള്‍ക്ക് സുരേഷ് ഗോപിയെ തങ്ങള്‍ വിളിക്കാറില്ല. എല്ലാ പൊതു സമ്മേളനങ്ങള്‍ക്കും വിളിക്കാറില്ല. പക്ഷേ അദ്ദേഹം വരേണ്ട സ്ഥലത്തൊക്കെ വരാറുണ്ട്. ആവശ്യമുളള സ്ഥലത്തൊക്കെ അദ്ദേഹം ഇടപെടുന്നുണ്ട്. എപ്പോഴും അദ്ദേഹത്തിന്റെ സൗകര്യത്തിന് അനുസരിച്ച് കാര്യങ്ങള്‍ നിശ്ചയിക്കാറുമുണ്ട്. മറ്റുളളതെല്ലാം മനപ്പൂര്‍വ്വം ഉണ്ടാക്കുന്ന പ്രചരണങ്ങളാണ്. അത് കുമ്മനം രാജശേഖരന് എതിരെയും ഉണ്ടായിരുന്നു.