ഓരോ അടി കിട്ടുമ്പോഴും എനിക്ക് അഭിനയിക്കണമെന്ന് തന്നെ ഞാൻ പറഞ്ഞു, അവസാനം അടി നിർത്താതെ വന്നതോടെ ഞാൻ ശ്വാസം കിട്ടാത്തത് പോലെ അഭിനയിച്ചു; സീനത്ത് പറയുന്നു !

ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയങ്കരിയാണ് നടി സീനത്ത്. അഭിനയിച്ച് തുടങ്ങിയ കാലം മുതൽ തന്റെ പ്രായത്തേക്കാൾ വളരെയേറെ വലിപ്പമുള്ള കഥാപാത്രങ്ങളാണ് സീനത്തിനെ തേടി എത്തിയത്. എന്നാൽ അവയെല്ലാം തന്നെ ഈ കലാകാരിയുടെ കൈയിൽ ഭദ്രമായിരുന്നു.

നാടകത്തിലൂടെ കലാജീവിതം ആരംഭിച്ച് പിന്നീട് സിനിമയിലും സീരിയലിലേക്കും എത്തിപ്പെട്ട സീനത്തിന്റെ ആദ്യകാലം അത്ര സുഖകരമായിരുന്നില്ല. മുൻപ് പലപ്പോഴായി നടി തന്റെ കരിയറിനെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. മലപ്പുറത്തെ മുസ്ലിം കുടുംബത്തിൽ ജനിച്ച് അവിടെ നിന്നും അഭിനയത്തിലേക്ക് എത്തിപ്പെടാൻ സീനത്ത് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.

അമൃതാ ടിവിയിലെ റെഡ് കാർപ്പെറ്റിൽ അതിഥിയായി എത്തിയപ്പോൾ അഭിനയത്തിൽ എത്തിയതിനെക്കുറിച്ചും അഭിനയ ജീവിതത്തിലെ വിലയിരുത്തലുകളെ കുറിച്ചുമാണ് നടി വേദിയിൽ പറഞ്ഞത്. നടിയുടെ വാക്കുകൾ ഇങ്ങനെ . ഞങ്ങൾ ചെറുപ്പകാലത്ത് കഥ എഴുതി അഭിനയിക്കുമായിരുന്നു.

ഇത് ഇളയമ്മയായ അയിഷ കാണാൻ ഇടയായി. അഭിനയം മാറി നിന്ന് കണ്ടതിന് ശേഷം അഭിനയിക്കാൻ ഇഷ്ടമാണോന്ന് ചോദിച്ചു. എനിക്ക് ഭയങ്കര താത്പര്യമായിരുന്നു. പക്ഷേ ആ സാഹചര്യത്തിൽ മുസ്ലിം കുടുംബത്തിൽ നിന്നും ഒരു പെൺകുട്ടി അഭിനയത്തിലേക്ക് വരാൻ പറ്റിയ സാഹചര്യം ഒന്നും ആയിരുന്നില്ല. അങ്ങനെ ഇളയമ്മയുടെ ഒപ്പം പോയി ‘ഈശ്വരൻ അറസ്റ്റിൽ’ എന്നൊരു നാടകം ചെയ്തു. എന്റെ സഹോദരന് വലിയ എതിർപ്പായിരുന്നു. ഒരിക്കലും പെൺകുട്ടികൾ അഭിനയിക്കാൻ പോവുന്നത് ശരിയല്ല. കല്യാണം വരില്ലെന്ന് ഒക്കെയാണ് സഹോദരൻ ചിന്തിച്ചിരുന്നത്.

സഹോദരൻ വീട്ടിൽ ഇല്ലാത്ത ദിവസമാണ് ഞാൻ റിഹേഴ്സലിന് പോവുന്നത്. പക്ഷെ സഹോദരൻ അക്കാര്യം അറിഞ്ഞ് വീണ്ടും എന്നെ വിലക്കി. കുറേ കാലം കഴിഞ്ഞ് സ്നേഹ ബന്ധം എന്ന നാടകത്തിൽ അവസരം ലഭിച്ചു. അന്ന് സഹോദരൻ വീട്ടിലില്ല. എന്റെ അമ്മാവൻ ആണ് അത് എഴുതിയത്.ആ നാടകം റിഹേഴ്സൽ എല്ലാം കഴിഞ്ഞ് സ്റ്റേജിൽ കയറി. ഞാൻ നാടകം അവതരിപ്പിക്കുന്ന ദിവസം ആങ്ങള വീട്ടിലെത്തി. അദ്ദേഹം ദൂരെ മാറി നിന്ന് നാടകം കണ്ടു. എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ വടിയുമായി എന്നെയും കാത്തിരിക്കുകയാണ്. വീട്ടിൽ കയറിയതും അടിയോട് അടിയാണ്. നിന്നോട് പോവരുത് എന്ന് പറഞ്ഞതല്ലേ എന്ന് ചോദിച്ചുകൊണ്ടായിരുന്നു അടി തന്നത്.

ഓരോ അടി കിട്ടുമ്പോഴും എനിക്ക് അഭിനയിക്കണമെന്ന് തന്നെ ഞാൻ പറഞ്ഞു. അവസാനം അടി നിർത്താതെ വന്നതോടെ ഞാൻ ശ്വാസം കിട്ടാത്തത് പോലെ അഭിനയിച്ചു. അങ്ങനെ അടി നിർത്തി, ഉമ്മ കരയാനും തുടങ്ങി.അതിന് ശേഷം നേരെ ഇളയമ്മയുടെ അടുത്ത് ചെന്നു. ‘ഞാൻ പറഞ്ഞിട്ട് അവൾ കേൾക്കുന്നില്ല. ഇനി കലാരംഗത്ത് ഇറക്കാനുള്ള ഉത്തരവാദിത്വം നിങ്ങളുടേതാണ്. അവിടെ നിന്ന് എന്തെങ്കിലും ചീത്തപ്പേര് ഉണ്ടായാലും അതിന്റെ ഉത്തരവാദിത്വം നിങ്ങൾ ഏറ്റെടുക്കണം’ എന്ന് പറഞ്ഞാണ് എന്നെ കൊണ്ട് ചെന്ന് ആക്കിയത്. പിന്നീടുള്ള എന്റെ കലാജീവിതത്തിന് ഏറ്റവും അധികം പിന്തുണച്ചത് ഈ സഹോദരൻ തന്നെയാണെന്നും സീനത്ത് പറഞ്ഞു.

അഭിനയത്തിൽ എത്തിയതിനെക്കുറിച്ച് പറഞ്ഞ ശേഷം സീനത്ത് പറഞ്ഞത് ഒരോ വ്യക്തികൾക്കും ലഭിക്കുന്ന കഥാപാത്രങ്ങളെ വെച്ചാണ് നമ്മൾഅവരെ വിലയിരുത്തുന്നത്, സീനത്ത് പറഞ്ഞു. റെഡ് കാർപ്പറ്റിൻ്റെ പ്രൊമോ വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞത്. തിങ്കളാഴ്ചയാണ് ഇതിൻ്റെ മുഴുവൻ സംപ്രേക്ഷണവും കാണിക്കുന്നത്. ഏകദേശം നൂറോളം ചിത്രങ്ങളിൽ സീനത്ത് ഇതുവരെ അഭിനയിച്ചിട്ടുണ്ട്.

പരദേശി, പെൺപട്ടണം, പാലേരി മാണിക്യം, ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്നീ സിനിമകളിൽ നടി ശ്വേത മേനോന് ശബ്ദം നൽകിയ താരവും സീനത്താണ്. 2007ൽ പരദേശി എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടി.

AJILI ANNAJOHN :