ഭർത്താവ് മരിച്ച് മൂന്ന് ദിവസത്തിനുള്ളിൽ അഭിനയത്തിലേക്ക് മടങ്ങിയെത്തി ; കാരണം ഇതാണ് അന്ന് താരം പറഞ്ഞത് !

എനിക്ക് ആരുടെ അടുത്തും പോയി നിന്ന് കൈനീട്ടാനുള്ള അവസരം എന്നെക്കൊണ്ട് വരുത്തരുത്. നമ്മൾ ജോലി ചെയ്താലെ നമുക്ക് ജീവിക്കാൻ പറ്റൂ. അതുമാത്രം മനസ്സിലാക്കിയാൽ മതി
മലയാള സിനിമയുടെ നടന സൗകുമാര്യം സുകുമാരി വിട പറഞ്ഞിട്ട് ഒൻപത് വർഷം കഴിഞ്ഞു. ആറ് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ 2500 ലേറെ സിനിമകളിലാണ് മലയാളികളുടെ സുകുമാരിയമ്മ നിറഞ്ഞ് നിന്നത്. ആറ് ഭാഷകളിലൂടെ എണ്ണമറ്റ കഥാപാത്രങ്ങളുമായി നടത്തിയ നീണ്ട അഭിനയ ജീവിതത്തിനൊടുവിൽ 2013 ൽ വിടപറയുകയായിരുന്നു.
മലയാളത്തിന് എല്ലാക്കാലത്തും പ്രിയപ്പെട്ട നടിയായിരുന്നു സുകുമാരി. നടി മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും സുകുമാരി അഭിനയിച്ച കഥാപാത്രങ്ങൾ ജനമനസ്സിൽ നിലനിൽക്കുന്നു. 2013 ൽ വീട്ടിലെ പൂജാ മുറിയിൽ വെച്ച് തീപ്പൊള്ളലേറ്റ് ചികിത്സയിൽ കഴിയവെ ആണ് സുകുമാരി മരിക്കുന്നത്. സംവിധായകനും നിർമാതാവുമായ എം ഭീം സിംങ് ആയിരുന്നു സുകുമാരിയുടെ ഭർത്താവ്.

നടിയുടെ മുപ്പതാമത്തെ വയസ്സിലായിരുന്നു ഭർത്താവിന്റെ മരണം. ഭർത്താവ് മരിച്ച് മൂന്ന് ദിവസത്തിനുള്ളിൽ സുകുമാരി സിനിമാ അഭിനയം തുടരുകയും ചെയ്തു. മുമ്പൊരിക്കൽ ഇതേപറ്റി സുകുമാരി സംസാരിച്ചിരുന്നു. ആരുടെയും സഹായമില്ലാതെ ജീവിക്കണമെന്ന വാശി കൊണ്ടാണ് സിനിമ അഭിനയം തുടർന്നതെന്ന് സുകുമാരി അന്ന് വ്യക്തമാക്കി.

‘മകനുണ്ടായിരുന്നു. നിന്നെ പഠിപ്പിക്കണമെങ്കിൽ അമ്മ ജോലി ചെയ്യണം. എനിക്ക് ആരുടെ അടുത്തും പോയി നിന്ന് കൈനീട്ടാനുള്ള അവസരം എന്നെക്കൊണ്ട് വരുത്തരുത്. നമ്മൾ ജോലി ചെയ്താലെ നമുക്ക് ജീവിക്കാൻ പറ്റൂ. അതുമാത്രം മനസ്സിലാക്കിയാൽ മതി എന്ന് മകനോട് പറഞ്ഞിട്ടാണ് ഷൂട്ടിന് പോയത്. എനിക്ക് നല്ല ഓർമ്മയുണ്ട് എറണാകുളത്താണ് ഷൂട്ടിം​ഗ്. മോഹൻ ആണ് ഡയരക്ടർ. അദ്ദേഹത്തിന്റെ പടം നിർത്തി വെച്ചിട്ടാണ് ഞാൻ പോയത്. മൂന്നിന്റെ അന്ന് ഞാൻ തിരിച്ചു വന്നു അത് അഭിനയിച്ചു.

‘നമ്മൾ തന്നെ തീരുമാനിക്കണം. ജോലി ചെയ്ത് നന്നായി വരണം. നല്ല പേര് എടുക്കണമെന്ന്. നമുക്കിതിൽ നിൽക്കാൻ പറ്റും എന്നുള്ളത് കാണിക്കണം എന്ന് എന്റെ മനസ്സിനകത്ത് ഞാൻ തീരുമാനിച്ചു. അതുകൊണ്ട് തന്നെയാണ് ജോലി തുടർന്നത്. ഞാൻ ജോലി ചെയ്യാതെ ചുമ്മാ വീട്ടിൽ കുത്തിയിരുന്നാൽ ആര് എന്നെ നോക്കും. ആരും കാണില്ല, എല്ലാവരും ഒരാഴ്ച വരുമായിരിക്കും’

‘അയ്യോ പാവം പോയല്ലോ എന്ന് പറഞ്ഞോണ്ടിരിക്കും എന്നല്ലാതെ അവരാരും എന്നെ സഹായിക്കില്ല. ഞാൻ തന്നെ ജോലി ചെയ്യണം, ഞാൻ തന്നെ എന്റെ വീട് നോക്കണം. ഞാൻ തന്നെ എന്റെ മകനെ വളർത്തണം. ദൈവം എന്റെ കൂടെ ഉണ്ടായിരുന്നു’

‘ഇപ്പോഴും അങ്ങനെ ആണ്. എന്റെ മകന്റെ അടുത്ത് പോയി ഒരു രൂപ താ എനിക്ക് മരുന്ന് വാങ്ങണം തലവേദന എടുക്കുന്നു എന്ന് ചോദിക്കാനുള്ള അവസരം വരുത്തരുത്. ദൈവം അത് വരുത്തിക്കഴിഞ്ഞാൽ പിറ്റേ ദിവസം എന്നെ കാണില്ല. രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാനുള്ള സമയം ഇല്ലായിരുന്നു. വർക്ക് ഉണ്ടായിരുന്നു. എന്റെ വാശി മകനെ പഠിപ്പിക്കണം ആരുടെ അടുത്തും പോയി കൈ നീട്ടരുതെന്ന ഒറ്റ വാശിയായിരുന്നു’

‘അമ്മ അസോസിയേഷൻ കൈ നീട്ടം എന്ന് പറഞ്ഞ് മാസാമാസം ഞങ്ങൾക്കൊരു തുക തരുന്നുണ്ട്. അത് ഞാൻ അവിടെ പോയി ജോലി ചെയ്തിട്ടല്ല. അത് ഞാൻ വളരെ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. അതിൽ നിന്ന് ഒറ്റ പൈസ എടുക്കരുതെന്ന് ഞാൻ പിള്ളേരുടെ അടുത്ത് പറഞ്ഞിട്ടുണ്ട്’

‘എനിക്ക് എന്നെങ്കിലും ഒരു ദിവസം ഒരു ആവശ്യം വരുമ്പോൾ അതിൽ നിന്ന് എടുക്കണം. അപ്പോൾ നിങ്ങൾ ആരുടെയടുത്തും പോയി ചോദിക്കരുത്. അമ്മേ ഞാൻ ഓഫീസിൽ നിന്ന് എടുക്കേണ്ടി വന്നു എന്നൊന്നും നിങ്ങൾ വിചാരിക്കരുത്. അങ്ങനെ എല്ലാ പെണ്ണുങ്ങൾക്കും വേണം. നമ്മൾ ജോലി ചെയ്യണം. നന്നായി വരണം.നമ്മളെക്കൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും ഉപകാരം ചെയ്യാനുള്ള അവസരം കിട്ടണം,’ സുകുമാരി പറഞ്ഞു.

ഭർത്താവ് സംവിധായകൻ ആയതിനാലായിരിക്കും വിവാഹ ശേഷം എന്നെ അഭിനയിക്കാൻ അനുവദിച്ചത്. സിനിമ എന്നാൽ എന്താണെന്ന് അദ്ദേഹത്തിന് അറിയാം. കാർ വന്ന് അഞ്ച് നിമിഷം വീട്ടിൽ വെയ്റ്റ് ചെയ്താൽ വഴക്ക് പറയും. ആ സമയത്ത് വരാൻ പറഞ്ഞൂടെ. ആ കാർ അവിടെ നിന്നാൽ വേറെ ആരെങ്കിലും വിളിച്ചോണ്ട് വരില്ലേ എന്ന് ചോദിക്കും. അത്രമാത്രം ജോലിയിൽ പ്രോത്സാഹിപ്പിച്ച ആളാണെന്നും സുകുമാരി പറഞ്ഞു.

AJILI ANNAJOHN :