എന്തിനാണ് റീമേക്കുകള്‍ക്ക് പിറകേ പോകുന്നതെന്നും സ്വന്തമായി കഥയില്ലെങ്കില്‍ സിനിമ ചെയ്യാതിരിക്കുക; ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദയെ വിമര്‍ശിച്ച് പ്രകാശ് ഝാ

നവാഗതനായ അദ്വൈത് ചന്ദന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ആമിര്‍ ഖാന്‍ ചിത്രമായിരുന്നു ‘ലാല്‍ സിംഗ് ഛദ്ദ’. ആഗസ്റ്റ് 11 ന് തീയറ്ററുകള്‍ എത്തിയ ചിത്രം വമ്പന്‍ പരാജയമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രകാശ് ഝാ. എന്തിനാണ് റീമേക്കുകള്‍ക്ക് പിറകേ പോകുന്നതെന്നും സ്വന്തമായി കഥയില്ലെങ്കില്‍ സിനിമ ചെയ്യാതിരിക്കുകയെന്നും പ്രകാശ് ഝാ പറയുന്നു.

‘മോശം സിനിമയാണ് ഉണ്ടാക്കുന്നതെന്ന് സ്വയം മനസ്സിലാക്കണം. കോര്‍പ്പറേറ്റ് കമ്പനികളും അവരുടെ പണവും കോടികള്‍ വാങ്ങുന്ന താരങ്ങളുമുണ്ടെങ്കില്‍ സിനിമ എല്ലാം തികഞ്ഞതാകില്ല. അതിന് നല്ല കഥയാണ് ആവശ്യം. മാത്രമല്ല ജീവിതവുമായി താതാത്മ്യം ചെയ്യുന്നതാണെന്ന തോന്നല്‍ പ്രേക്ഷകരിലുണ്ടാകണം’

‘ലാല്‍ സിംഗ് ഛദ്ദയെ ബഹിഷ്‌കരണ കാമ്പയിനുകളല്ല ബാധിച്ചത്. ദംഗലിനെതിരേയും സമാനമായ ആക്രമണമുണ്ടായിരുന്നു. എന്നാല്‍ സിനിമ വലിയ വിജയമായി. പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ സാധിക്കാത്തതുകൊണ്ടാണ് സിനിമ പരാജയമാകുന്നത്’ എന്നും അദ്ദേഹം പറഞ്ഞു.

റോബര്‍ട്ട് സമക്കിസിന്റെ സംവിധാനത്തില്‍ ടോം ഹാങ്ക്‌സ് നായകനായി എത്തിയ ഫോറസ്റ്റ് ഗംപ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ചിത്രത്തിനെതിരെ റിലീസിന് മുന്‍പ് തന്നെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. ബോയ്‌ക്കോട്ട് സിനിമ എന്ന ഹാഷ് ടാഗിലായിരുന്നു കാമ്പയിന്‍.

Vijayasree Vijayasree :