ദൃശ്യം 2 തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനാവില്ലെന്ന് ഫിലിം ചേംബര്‍

മോഹന്‍ലാല്‍ നായകനായി എത്തുന്ന ദൃശ്യം 2 തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനാവില്ലെന്ന് ഫിലിം ചേംബര്‍. തിയറ്ററുകളില്‍ റിലീസ് ചെയ്തതിന് ശേഷം ഒ ടി ടി റിലീസ് എന്നതാണ് ഫിലിം ചേംബറിന്റെ തീരുമാനമെന്നും ഒ ടി ടി യില്‍ നേരിട്ട് റിലീസ് ചെയ്യുന്ന ദൃശ്യം 2 തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനാവില്ലെന്നുമാണ് ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു. അതേ സമയം ദൃശ്യം2 തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനാവില്ലെന്ന ഫിലിം ചേംബറിന്റെ തീരുമാനത്തെ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തള്ളി.

ഒ ടി ടി ക്ക് ശേഷവും ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പ്രസ്താവിച്ചു. മോഹന്‍ലാല്‍ നായകനായ ദൃശ്യം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 ഇപ്പോള്‍ റിലീസിന് ഒരുങ്ങുന്നത്. ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ തീയറ്റര്‍ റിലീസ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് സിനിമ സംഘടനകള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാവുകയാണ്. അതേ സമയം സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാനാണ് ചിത്രം നേരിട്ട് ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നതെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

Noora T Noora T :