ഉപദ്രവകാരിയായ ഒരാളല്ല… ഇനി ജനങ്ങള്‍ എന്‍റെ വ്യക്തിത്വത്തെ എങ്ങനെയാണ് ചോദ്യം ചെയ്യുന്നതെന്ന് അറിയില്ല

സ്കൂൾ കാലത്ത് മിമിക്രിയിലും കലാപരിപാടികളും സജീവമായിരുന്ന നോബി ഒരു ടിവി റിയാലിറ്റി ഷോയിലൂടെയാണ് മിനി സ്‌ക്രീനിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചത്. ഹോട്ടല്‍ കാലിഫോര്‍ണിയ,പുലിമുരുകന്‍,ഇതിഹാസ,നമസ്‌തേ ബാലി,ഷീ ടാക്‌സി,മാല്‍ഗുഡി ഡെയ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച നോബി സ്റ്റാർ മാജിക്കിലെ പ്രേക്ഷകരുടെ പ്രിയ താരമായിരുന്നു. സ്റ്റാർമാജിക്കിലെ നോബിയുടെ ചുറു ചുറുക്കും തമാശയും ഒരുപക്ഷെ അതിനേക്കാളും ഇരട്ടി ആയിട്ടാണ് ബിഗ് ബോസിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് ഒരു ടാസ്‍കില്‍ നോബി വിശദീകരിക്കുകയാണ്

നോബിയുടെ വാക്കുകള്‍

“പൊതുവില്‍ അങ്ങനെ ദേഷ്യപ്പെടുന്ന ഒരാളല്ല ഞാന്‍. പലപ്പോഴും എന്നെ അടുത്തറിയാത്തവര്‍ ഞാന്‍ ജാഡയാണെന്ന് പലരോടും പറയാറുണ്ട്. എന്‍റെ സംസാരം, നടത്തം, മുഖഭാവം ഇതൊക്കെ കണ്ടിട്ട് അങ്ങനെയാണ് ആളുകള്‍ കരുതുന്നത്. ഒരിക്കല്‍ എന്‍റെ ഫോട്ടോ സ്റ്റാറ്റസ് ഇട്ട ഒരു സുഹൃത്ത് പറഞ്ഞു, ചേട്ടാ എന്‍റെയൊരു ബന്ധുവിന് ചേട്ടനെ തീരെ ഇഷ്ടമല്ലെന്ന്. എന്താണെന്ന് ചോദിച്ചപ്പോള്‍ പുള്ളിക്ക് ഭയങ്കര ജാഡയാണെന്ന് പറഞ്ഞെന്നും അറിഞ്ഞു. പുള്ളിക്ക് എന്നെ അറിയുമോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറഞ്ഞു. എന്‍റെ നടത്തവും നോട്ടവുമൊക്കെ കാണുമ്പോള്‍ ആളുകള്‍ വിചാരിക്കുന്നത് ഞാന്‍ ലോകോത്തര ജാഡയാണെന്നാണ്. അവതരിപ്പിക്കുന്ന പരിപാടികളെപ്പറ്റിയും പറയാറുണ്ട്, ഇവന്‍റെയൊക്കെ കോമഡി കണ്ട് ആര് ചിരിക്കാന്‍ എന്ന്. ഈ മുഖവും വച്ചോണ്ട് ചിരിപ്പിക്കാന്‍ പെടുന്ന പാട്.. കാരണം എന്‍റേത് ഒരു കോമഡി മുഖമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. പലപ്പോഴും കണ്ണാടിയില്‍ നോക്കുമ്പൊ എനിക്കുതന്നെ തോന്നിയിട്ടുണ്ട്, ഞാന്‍ കുറച്ച് ജാഡയാണോ എന്ന്. പക്ഷേ പറയുന്നതിനൊക്കെ എല്ലാവരും ചിരിക്കുന്നതില്‍ സന്തോഷമുണ്ട്. ആരെയും വേദനിപ്പിക്കാത്ത, കുറച്ച് സഹായമനസ്ഥിതിയൊക്കെയുള്ള ആളാണ്. വലിയ രീതിയിലുള്ള സഹായങ്ങളുടെ കാര്യമല്ല, സുഹൃത്തുക്കളുടെയൊക്കെ കാര്യങ്ങളില്‍ സഹായിക്കാറുണ്ട്. ഉപദ്രവകാരിയായ ഒരാളല്ല. ഇനി ജനങ്ങള്‍ എന്‍റെ വ്യക്തിത്വത്തെ എങ്ങനെയാണ് ചോദ്യം ചെയ്യുന്നതെന്ന് എനിക്കറിയില്ല”, നോബി പറയുന്നു

Noora T Noora T :