“മിസ്റ്റർ ബീനുമായി താരതമ്യപ്പെടുത്താറുണ്ട്, ഞാനത് പ്രോത്സാഹിപ്പിക്കാറില്ല”; സൈജു കുറുപ്പായി മലയാളത്തിൽ തുടർന്ന് പോകാനാണ് താൽപര്യം ; സൈജു കുറുപ്പ് പറയുന്നു!

മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് സൈജു കുറുപ്പ്. നീണ്ട പതിനാറ് വർഷങ്ങൾ പൂർത്തിയാക്കി കരിയറിലെ നൂറാമത്തെ ചിത്രത്തിലെത്തിയപ്പോഴാണ് ടൈറ്റിൽ റോളിൽ സൈജു എത്തിയത്. യാതൊരു സിനിമാ പശ്ചാത്തലവുമില്ലാതെ വെള്ളിത്തിരയിലെത്തി സ്വന്തമായി കഴിവ് തെളിയിച്ച നായകനാണ് സൈജു.

സൈജു കുറുപ്പും ഒരു കേന്ദ്രകഥാപാത്രമായി തിയേറ്ററുകളിലേക്കെത്തിയ ഏറ്റവും പുതിയ സിനിമയാണ് തീർപ്പ്. കമ്മാരസംഭവത്തിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത സിനിമയാണ് തീര്‍പ്പ്. അക്കാഡിയോ സാകേത് എന്ന കടലോരത്തെ ഒരു ലക്ഷ്വറി റിസോർട്ടിൽ ഒരു ദിവസം നടക്കുന്ന കഥയാണ് തീർപ്പ് പറയുന്നത്.

മുരളി ഗോപി ചിത്രങ്ങളുടെ സ്ഥിരം എലമെന്റുകളെല്ലാം ചിത്രത്തിലും കാണാം. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ, ബൗദ്ധികപരവും ചരിത്രപരവും മതപരവുമായ കാഴ്ചപ്പാടുകൾ എന്നിവയെല്ലാം തിരക്കഥയിൽ മങ്ങിയും തെളിഞ്ഞും പ്രത്യക്ഷപ്പെടുന്നുണ്ട്.

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു, ഇഷ തൽവാർ, സിദ്ധിഖ്, ശ്രീകാന്ത് മുരളി, ഷാജു ശ്രീധർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തീർപ്പ് പ്രേക്ഷക പ്രശംസയോടെ പ്രദർശനം തുടരുമ്പോൾ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സൈജു കുറുപ്പ്.

മിസ്റ്റർ ബീനുമായി പലരും എന്നെ താരതമ്യപ്പെടുത്തി പറഞ്ഞിട്ടുണ്ട്. പക്ഷെ അത് ഞാൻ അധികം പ്രേത്സാഹിപ്പിക്കാറില്ല. ഒരു ലെജന്റാണ് മിസ്റ്റർ ബീൻ. അതിൽ നമ്മൾ എന്ത് പറയാനാണ്. ഞാൻ സൈജു കുറുപ്പാണ്. അതുകൊണ്ട് സൈജു കുറുപ്പായി മലയാളത്തിൽ തുടർന്ന് പോകാനാണ് താൽപര്യം. അതുപോലെതന്നെ ചിലരൊക്കെ ബോളിവു‍ഡ് നടൻ ഇർഫാൻ ഖാനുമായും എന്നെ താരതമ്യപ്പെടുത്തി പറ‍ഞ്ഞ് കേട്ടിട്ടുണ്ട്.

പക്ഷെ എനിക്ക് അങ്ങനൊന്നും തോന്നിയിട്ടില്ല. രഘുവരനെപ്പോലയാണ് ഞാൻ ഇരിക്കുന്നതെന്ന് പണ്ട് പഠിക്കുന്ന കാലത്ത് സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ട്. അതും എനിക്ക് തോന്നിയിട്ടില്ല. അറക്കൽ അബുവിനെ കുറിച്ച് എപ്പോഴും ആളുകൾ പറയുന്നത് ഒരു ഊർജമാണ്. ആളുകളെ വിഷമിപ്പിക്കാതെ സംസാരിക്കാൻ ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

എനിക്ക് സീരിയസ് കാരക്ടർ ചെയ്യാനാണ് ഇഷ്ടം. ഹ്യൂമർ ചെയ്യാൻ നല്ല പാടാണ്. ഞാൻ വി.കെ പ്രകാശ് സാറിനോട് തമാശയൊന്നും പറയാറില്ല. പിന്നെ എങ്ങനെ എന്നെ കൊണ്ട് അദ്ദേഹം ഹ്യൂമർ ചെയ്യിപ്പിച്ചുവെന്ന് അറിയില്ല. അനൂപ് മനോഹരമായി എഴുതി വി.‌കെ.പി നന്നായി സംവിധാനം ചെയ്തതുകൊണ്ടാണ് ആ കഥാപാത്രം എനിക്കൊരു ബ്രേക്ക് ത്രൂവായത്.

ട്രിവാൻഡ്രം ലോഡ്ജ് അഭിനയിക്കുന്ന സമയത്ത് തന്നെ ഞാൻ കണ്ടിരുന്നു സെറ്റിൽ പലരും അത് കണ്ട് ചിരിക്കുന്നത്. ശേഷം സിനിമ റിലീസ് ചെയ്തപ്പോൾ തുരുതുര മെസേജും കോളുമായിരുന്നു. അത്രത്തോളം അഭിനന്ദനം ആ കഥാപാത്രത്തിന് ലഭിച്ചു. റിലീസ് കഴിഞ്ഞ് ആളുകളുടെ റസ്പോൺസ് വരുന്ന വരെ എനിക്ക് ടെൻഷനായിരുന്നു.

മുരളി ​ഗോപിയുടെ എഴുത്തുകൾ ബ്രില്യന്റാണ്. ഇന്ദ്രജിത്ത് ഒരു ഭീകര നടനാണ്. ഇഷ തൽവാറും ഒരു നടിയെന്ന രീതിയിൽ വലിയ ട്രാൻസ്ഫോർമേഷൻ നടത്തിയതായി എനിക്ക് തീർപ്പിൽ അവർക്കൊപ്പം അഭിനയിച്ചപ്പോൾ തോന്നി. മഞ്ജുവാര്യർക്കൊപ്പം അഭിനയിക്കാൻ പറ്റിയതൊരു സന്തോഷമാണ്.

അതുപോലെ തന്നെ നവ്യയുടെ നായകനായപ്പോഴും സന്തോഷമായിരുന്നു. എനിക്ക് ശ്രീനിവാസൻ സാറിനൊപ്പം അഭിനയിക്കണമെന്നത് ആ​ഗ്രഹമായിരുന്നു. അത് ധ്യാൻ തന്നെ ആപ് കൈസേ ഹോ? എന്ന സിനിമയിലൂടെ സാധിച്ച് തന്നു. സ്വപ്നത്തിൽ പോലും ആലോചിക്കാത്ത പലതും ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്’ സൈജു കുറുപ്പ് പറഞ്ഞു.

ഹരിഹരന്റെ സംവിധാനത്തിലൊരുങ്ങി 2005ൽ പുറത്തിറങ്ങിയ മയൂഖത്തിലെ ഉണ്ണികേശവൻ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയിലെത്തിയതാണ് സൈജു. പിന്നീട് നായകനായും സഹനടനായും വില്ലത്തരം കാണിച്ചും ചിരിപ്പിച്ചും സൈജു മലയാളികളെ കയ്യിലെടുത്തു.

ഇന്ന് സൈജു കുറുപ്പില്ലാത്ത സിനിമകൾ തന്നെ കുറവാണ്. സ്കൂളിലും കോളേജിലുമൊന്നും പഠിക്കുന്ന സമയത്ത് സ്റ്റേജിൽ കയറിട്ടുള്ള ആളുമായിരുന്നില്ല താനെന്ന് സൈജു കുറുപ്പ് തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. പടിപടിയായി ഉയർന്നു വന്ന ഗ്രാഫ് ആണ് സൈജു കുറിപ്പിന്റെത്.

about saiju kurupp

Safana Safu :