‘ഈ പ്രശ്‌നം സ്വകാര്യമായും സൗഹാര്‍ദ്ദപരമായും അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്’; ഹോളിവുഡ് നടന്‍ സില്‍വസ്റ്റര്‍ സ്റ്റാലിനെതിരെ വിവാഹ മോചന കേസ് നല്‍കി ഭാര്യ ജന്നിഫര്‍ ഫ്‌ലാവിന്‍

25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ ഹോളിവുഡ് നടന്‍ സില്‍വസ്റ്റര്‍ സ്റ്റാലന്റെ ഭാര്യ ജന്നിഫര്‍ ഫ്‌ലാവിന്‍ വിവാഹ മോചന കേസ് നല്‍കി. വെള്ളിയാഴ്ച, ഫ്‌ലോറിഡയിലെ കോടതിയിലാണ് ജന്നിഫര്‍ വിവാഹമോചന ഹരജി ഫയല്‍ ചെയ്തത്. സ്റ്റാലന് 76 വയസ്സും ജന്നിഫറിന് 54 വയസ്സുമാണ്.

1997 ലാണ് ഇരുവരും വിവാഹിതരായത്. ജോ സ്‌കാര്‍ലറ്റ് (20), സിസ്‌റ്റൈന്‍ (24), സോഫിയ (25) എന്നീ മൂന്ന് പെണ്‍മക്കളാണ് ഇരുവര്‍ക്കുമുള്ളത്. സ്റ്റാലന് തന്റെ മുന്‍ വിവാഹത്തില്‍ രണ്ട് ആണ്‍മക്കള്‍ കൂടിയുണ്ട്.

ദമ്പതികള്‍ ഏതാനും മാസംമുമ്പാണ് 25ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. അന്ന് ഇരുവരും സമൂഹമാധ്യമങ്ങളില്‍ പരസ്പരം ആശംസകള്‍ നേര്‍ന്നിരുന്നു. സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കമാണ് തിടുക്കപ്പെട്ടുള്ള വിവാഹ മോചന തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

‘ഞാന്‍ എന്റെ കുടുംബത്തെ സ്‌നേഹിക്കുന്നു. ഈ പ്രശ്‌നം സ്വകാര്യമായും സൗഹാര്‍ദ്ദപരമായും അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്’മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ ജന്നിഫര്‍ ഫ്‌ലാവിന്‍ പറഞ്ഞു.

Vijayasree Vijayasree :