മലയാളത്തിലെ ഹിറ്റ് സംവിധായകനാണ് ലാല്‍ ജോസ്. അദ്ദേഹത്തിന്റെ സിനിമകള്‍ കാണുമ്പോള്‍ ഒരു പ്രത്യേകതരം സുഖമാണ്. ലാല്‍ ജോസ് ഒരു മികച്ച സംവിധായകന്‍ മാത്രമല്ല, മറിച്ചു നല്ല ഒരു നിരീക്ഷകന്‍ കൂടിയാണ്സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് 1998ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. പിന്നീട് അങ്ങോട്ട് രണ്ടാം ഭാവം, മീശമാധവൻ, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ തുടങ്ങി നിരവധി ഹിറ്റ് സിനിമകളാണ് ലാൽ ജോസ് മലയാളത്തിന് നൽകിയത്.
ലാൽ ജോസിന്റെ കരിയറിലെ ഏറെ ശ്രദ്ധനേടിയ ചിത്രമായിരുന്നു എൽസമ്മ എന്ന ആൺകുട്ടി. ആൻ അഗസ്റ്റിൻ എന്ന നടിയെ മലയാളത്തിന് സമ്മാനിച്ച ചിത്രത്തിൽ നായകനായി തിളങ്ങിയത് കുഞ്ചാക്കോ ബോബൻ ആയിരുന്നു. ഒരു സ്ത്രീകേന്ദ്രീകൃതമായ സിനിമയിൽ കുഞ്ചാക്കോ ബോബൻ നായകനായി എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ലാൽ ജോസ് ഇപ്പോൾ. സെൻസേഷൻ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ മനസ് തുറന്നത്.
‘ക്ലാസ്മേറ്റ്സ് കഴിഞ്ഞപ്പോൾ എനിക്ക് ചാക്കോച്ചനോട് ഒരു ചെറിയ പിണക്കമുണ്ടായിരുന്നു. കാരണം, അവസാന സമയത്താണ് പുള്ളി ആ സിനിമയിൽ നിന്ന് പിന്മാറിയത്. അങ്ങനെയിരിക്കെ ബെന്നി പി. നായരമ്പലവും പ്രൊഡ്യൂസർ സാബു ചെറിയാനും ആന്റോ ജോസഫും ഫാമിലിയും എല്ലാം കൂടി ഒരു വേളാങ്കണി യാത്ര പ്ലാൻ ചെയ്തു. അതിൽ ചാക്കോച്ചനും പ്രിയയുമുണ്ടായിരുന്നു. അവരെല്ലാം സുഹൃത്തുക്കളാണ്. ആന്റോ ജോസഫിനും ഫാമിലിക്കും എന്തോ കാരണം കൊണ്ട് ആ യാത്രയിൽ ചേരാൻ പറ്റിയില്ല.’
‘അങ്ങനെ രണ്ട് സീറ്റ് ഒഴിവ് വന്നപ്പോൾ, നീ വരുന്നോ എന്ന് ചോദിച്ച് ബെന്നി പി നായരമ്പലം എന്നെ വിളിച്ചു. ശരി എന്ന് പറഞ്ഞ് ഞാനും ഭാര്യയും മക്കളും പോയി. ആ ട്രിപ്പിലാണ് ചാക്കോച്ചനെയും പ്രിയയെയും കൂടുതൽ പരിചയപ്പെടുന്നതും അടുത്തറിയുന്നതും അടുപ്പമുണ്ടാകുന്നതുമൊക്കെ. ആ സമയത്ത് ഞാൻ കുടുംബത്തോടൊപ്പം എറണാകുളത്തായിരുന്നു താമസിച്ചിരുന്നത്. യാത്ര കഴിഞ്ഞ് വന്ന ശേഷം പിന്നീട് വൈകുന്നേരങ്ങളിൽ ചാക്കോച്ചനും പ്രിയയും സ്ഥിരം വീട്ടിൽ വരും.’
അന്ന് ചാക്കോച്ചൻ സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്ന സമയമാണ്. തിരിച്ചുവരവിനെ കുറിച്ചൊക്കെ സംസാരിക്കുന്നുണ്ട്. അങ്ങനെ ഒരിക്കെ ഞാൻ പറഞ്ഞു, ഒരു ആക്ടറിന്റെ ഒരു പ്രത്യേക ഫീച്ചർ ആളുകൾക്ക് ഭയങ്കര ഇഷ്ടമാണെങ്കിൽ അയാൾ പെട്ടുപോകും. നിന്റെ മീശയും ചോക്ലേറ്റ് രൂപവും വേഷവും എല്ലാവർക്കും ഭയങ്കര ഇഷ്ടമാണ്. നടനെന്ന രീതിയിൽ നിനക്കുള്ള ട്രാപ്പും അതാണ്. അതുകൊണ്ട് ആദ്യം ആ മീശ വടിച്ച് കളയൂ, എന്നിട്ട് കുറച്ച് കഥാപാത്രങ്ങൾ പരീക്ഷിക്കു എന്ന്.’
‘ഇതിനിടയിൽ ഒന്നുരണ്ട് സിനിമകൾ ചാക്കോച്ചൻ ചെയ്തെങ്കിലും വലിയ ക്ലിക്കായില്ല. അങ്ങനെയിരിക്കെയാണ് സിന്ധുരാജ് എൽസമ്മയുടെ കഥ പറയുന്നത്. ഇത് ഒരു സ്ത്രീകേന്ദ്രീകൃത സിനിമയാണ്, പാലുകാരനായ ഒരു കഥാപാത്രമുണ്ട്. ഉണ്ണി എന്നാണ് പേര്, എല്ലാവരും അങ്ങനെയാണ് വിളിക്കുന്നത്. പശുവിനെ കറക്കലുമൊക്കെയായി നീ ഇതുവരെ ചെയ്യാത്ത ഒരു ലൈനാണ് എന്ന് പറഞ്ഞു. പാലുണ്ണി എന്ന പേര് കേട്ടപ്പോൾ തന്നെ ചാക്കോച്ചൻ അത് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെയാണ് ആ സിനിമയിലേക്കെത്തിയത്,’ ലാൽ ജോസ് പറഞ്ഞു.
സോളമന്റെ തേനീച്ചകളാണ് ലാൽ ജോസിന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
അതേസമയം, രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട് ആണ് കുഞ്ചാക്കോ ബോബന്റെ അവസാനമിറങ്ങിയ ചിത്രം. കുഞ്ചാക്കോ ബോബൻ വ്യത്യസ്ത ഗെറ്റപ്പിൽ എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ഒറ്റ്, അറിയിപ്പ് തുടങ്ങിയ ചിത്രങ്ങളാണ് ഇനി റിലീസിനല്ലത്. എന്താടാ സജി, പകലും പാതിരാവും, ആറാം പാതിര തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റേതായി അണിയറയിൽ ഉള്ളത്.