കലാരംഗത്തുള്ള പ്രമുഖര്‍ റമ്മിയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന പരസ്യത്തില്‍ അഭിനയിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്; ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കാന്‍ നിയമഭേദഗതി പരിഗണനയില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി

കഴിഞ്ഞ കുറച്ച് നാളുകളായി ഓണ്‍ലൈന്‍ ഗെയിമുകള്‍ കൊലയാളി ഗെയിമുകളായി മാറിക്കൊണ്ടിരിക്കുകയാണ്. നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കാന്‍ നിയമഭേദഗതി പരിഗണനയില്‍ ഉണ്ടെന്ന് അറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

നിരവധി ഓണ്‍ലൈന്‍ ഗെയ്മുകള്‍ ആള്‍ക്കാരെ വലിയ സാമ്പത്തിക ബാധ്യതകളിലേയ്ക്കും ആത്മഹത്യയിലേയ്ക്കും തള്ളിവിടുന്നുണ്ട്. ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ വര്‍ധിച്ചു വന്ന സാഹചര്യത്തിന്‍ 2021ല്‍ കേരള ഗെയ്മിങ് ആക്ട് ഭേദഗതി കൊണ്ടുവന്നിരുന്നു. പണംവച്ചുള്ള ഓണ്‍ലൈന്‍ റമ്മി നിരോധിച്ചിരുന്നെങ്കിലും ഗെയ്മിംഗ് കമ്പനികളുടെ ഹര്‍ജിയില്‍ ഹൈക്കോടതി നിയമഭേദഗതി റദ്ദാക്കി.

പക്ഷേ ഇതിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ആദ്യം ഫ്രീ ഗെയിമുകള്‍ക്ക് ഓഫര്‍ നല്‍കുകയും പിന്നീട് അടിമപ്പെടുത്തുകയുമാണ് ഇവരുടെ രീതി. ഓണ്‍ലൈന്‍ റമ്മി കളിക്ക് വായ്പ നല്‍ക്കുന്ന പരസ്യങ്ങളും വ്യാപകമായിട്ടുണ്ട്. അവസാനം പണം തിരികെ നല്‍കാത്തതുമൂലം പലര്‍ക്കും ഭീഷണിയും നേരിടേണ്ടിവരുന്നുണ്ട്.

പൊലീസ് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ സ്‌കൂളുകളിലും കോളേജുകളിലും ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നുണ്ട്. കലാരംഗത്തുള്ള പ്രമുഖര്‍ റമ്മിയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന പരസ്യത്തില്‍ അഭിനയിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും, എന്നാല്‍ ചിലരെങ്കിലും പിന്മാറിയത് അനുകരണീയമാണെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. സൈബര്‍ കുറ്റകൃത്യങ്ങളും തട്ടിപ്പുകളും നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവരുന്നതായും അദ്ദേഹം അറിയിച്ചു.

Vijayasree Vijayasree :