മലയാളത്തിലെ പ്രമുഖ നടനാണ് സിദ്ധിഖ്. സിനിമയില്‍ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ട നടനായതുകൊണ്ട് തന്നെ അദ്ദേഹത്തിന് ആരാധകരും ഏറെയാണ്. ഹാസ്യനടനായും വില്ലനായും സ്വഭാവ നടനായും സിദ്ധിഖ് മലയാള സിനിമയില്‍ തിളങ്ങിയിട്ടുണ്ട്.
മമ്മൂട്ടി മോഹൻലാൽ എന്നിവർക്കൊപ്പമെല്ലാം നിരവധി തവണ അഭിനയിച്ചിട്ടുള്ള സിദ്ദിഖിന് അവരുടെ മക്കളായ ദുൽഖർ സൽമാനും പ്രണവ് മോഹൻലാലിനും ഒപ്പവും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ രണ്ടു സൂപ്പർ താരങ്ങളുമായും വർഷങ്ങളായി അടുത്ത ബന്ധം പുലർത്തുന്ന സിദ്ദിഖ് ഇപ്പോൾ അവരുടെ മക്കളെ കുറിച്ച് സംസാരിക്കുകയാണ്.
ഒരു അഭിമുഖത്തിൽ ദുൽഖർ സൽമാനും പ്രണവ് മോഹൻലാലും തമ്മിൽ എന്തെങ്കിലും സാമ്യത ഉണ്ടോ എന്ന് ചോദിച്ചപ്പോഴാണ് സിദ്ദിഖ് അവരെ കുറിച്ച് സംസാരിച്ചത്. രണ്ടുപേരും സൂപ്പർ താരങ്ങളുടെ മക്കളാണ് എന്നതിലപ്പുറം മറ്റു സാമ്യതകൾ ഒന്നുമില്ലെന്നാണ് സിദ്ദിഖ് പറഞ്ഞത്. നിങ്ങൾ കാണുന്ന പ്രണവിനെയോ ദുൽഖറിനെയോ അല്ല താൻ കാണുന്നതെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു. ഒപ്പം അടുത്തിടെ ദുൽഖറിന്റെ സിനിമ കണ്ട് മെസേജ് അയച്ചപ്പോൾ ഉണ്ടായ അനുഭവവും സിദ്ദിഖ് പങ്കുവച്ചു. സിദ്ദിഖിന്റെ വാക്കുകൾ ഇങ്ങനെ.
‘രണ്ടു സൂപ്പർ സ്റ്റാർസിന്റെ മക്കളാണ് എന്നതിനപ്പുറം മറ്റു സാമ്യതകൾ ഒന്നുമില്ല. പിന്നെ പുറത്തു നിന്ന് നിങ്ങൾ കാണുന്ന പ്രണവിനെയോ ദുൽഖറിനെയോ അല്ലല്ലോ ഞാൻ കാണുന്നത്. ഞാൻ ചെറുപ്പം മുതൽ കാണുന്ന കുട്ടികൾ അവർ എന്നോട് അങ്കിൾ എന്നൊക്കെ വിളിച്ചു ഇടപെടുന്നു. അപ്പോൾ നിങ്ങൾ കാണുന്ന ഒരു താരത്തെ എനിക്ക് കാണാൻ പറ്റില്ല. അതിപ്പോൾ മമ്മൂക്കയുടെ കാര്യമാണെങ്കിലും ലാലിന്റെ കാര്യമാണെങ്കിലും അങ്ങനെയാണ്.’
‘ഞങ്ങൾ സംസാരിച്ചൊക്കെ ഇരിക്കുമ്പോൾ ഞാൻ തന്നെ ആലോചിക്കും, നിമിഷങ്ങൾക്ക് കോടികളുടെ വിലയുള്ള സൂപ്പർ താരം എന്ന് മാധ്യമങ്ങൾ എഴുതുന്ന ആളല്ലേ വളരെ സാധാരണക്കാരനായി ഇരുന്ന് എന്നോട് സംസാരിക്കുന്നതെന്ന്. ദുൽഖറും പ്രണവും ഒക്കെ എനിക്ക് മക്കളെ പോലെയാണ്,’
‘അടുത്തിടെ ദുൽഖറിന്റെ സീതാ രാമം കണ്ടിട്ട് ഞാൻ അവന് മെസേജ് അയച്ചു. മോനെ നന്നായിട്ടുണ്ട്. നല്ല സിനിമയാണ്, നന്നായിട്ട് ചെയ്തിട്ടുണ്ട് എന്നൊക്കെ പറഞ്ഞ്, അവൻ എന്തോ ഒരു വലിയ നിധി കിട്ടിയ പോലെയാണ് അതിന്റെ മറുപടി എനിക്ക് അയക്കുന്നത്. എന്റടുത്ത് നിന്നുള്ള ഒരു അഭിനന്ദനം അവൻ അത്രയും വലിയ കാര്യമായിട്ടാണ് കാണുന്നത്. അങ്ങനെ ഉള്ള അവരെ കുട്ടികളായി തന്നെയാണ് കാണുന്നത്.’ സിദ്ദിഖ് പറഞ്ഞു.
അതേസമയം, പീസ് എന്ന ചിത്രമാണ് സിദ്ദിഖിന്റേതായി ഇനി പ്രദർശനത്തിന് എത്തുന്നത്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെയാണ് സിദ്ദിഖ് അവതരിപ്പിക്കുന്നത്. നവാഗതനായ കെ സൻഹീർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായൊരുങ്ങുന്ന ആക്ഷേപഹാസ്യ ചിത്രമാണ് പീസ്. സിദ്ദിഖിന് പുറമെ ജോജു ജോർജി, അനിൽ നെടുമങ്ങാട്, മാമുക്കോയ, ശാലു റഹിം, വിജിലേഷ്, അർജുൻ സിങ്, ആശാ ശരത്, രമ്യാ നമ്പീശൻ, അതിഥി രവി, പൗളി വത്സൻ എന്നിവരും ചിത്രത്തിലുണ്ട്.