‘ഒടിടി സിനിമയ്ക്ക് ഒരു വെല്ലുവിളിയല്ല, പക്ഷേ ഞങ്ങള്‍ക്ക് അത് ഒരു വെല്ലുവിളിയാണ്’; ‘ലാല്‍ സിംഗ് ഛദ്ദ’ തിയേറ്ററില്‍ റിലീസ് ചെയ്തതിന് ശേഷം ആറ് മാസത്തേക്ക് സ്ട്രീമിംഗിന് ലഭ്യമാക്കില്ലെന്ന് ആമിര്‍ ഖാന്‍

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സിനിമയ്ക്ക് വെല്ലുവിളിയല്ലെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍. സിനിമകള്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യണമെന്നാണ് താല്‍പ്പര്യപ്പെടുന്നത്. എന്നാല്‍ പ്രേക്ഷകര്‍ എത്തുന്നില്ല. അവര്‍ക്കത് ദിവസങ്ങള്‍ക്ക് ശേഷം വീട്ടിലിരുന്ന് കാണാനാകും എന്നതു കൊണ്ടാണെന്നും ആമിര്‍ ഖാന്‍ പറയുന്നു.

‘ഒടിടി സിനിമയ്ക്ക് ഒരു വെല്ലുവിളിയല്ല, പക്ഷേ ഞങ്ങള്‍ക്ക് അത് ഒരു വെല്ലുവിളിയാണ്. ഞങ്ങളുടെ സിനിമകള്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് ഞങ്ങള്‍ പറയുന്നത്. പക്ഷേ നിങ്ങള്‍ക്ക് തിയേറ്ററുകളില്‍ വരണമെന്ന് നിര്‍ബന്ധമില്ല. കാരണം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് അത് വീട്ടില്‍ തന്നെ കാണാന്‍ കഴിയും. ആളുകള്‍ തിയേറ്ററുകളില്‍ എത്തുമെന്ന് നിങ്ങള്‍ എങ്ങനെ പ്രതീക്ഷിക്കുന്നു? ഒന്നുകില്‍ നിങ്ങള്‍ തിയേറ്ററുകളില്‍ വന്ന് ഇപ്പോള്‍ സിനിമ കാണുക. അല്ലെങ്കില്‍ ഒടിടിയില്‍ കാണാന്‍ ആറ് മാസം കാത്തിരിക്കുക.’

‘ലാല്‍ സിംഗ് ഛദ്ദ’ തിയേറ്ററില്‍ റിലീസ് ചെയ്തതിന് ശേഷം ആറ് മാസത്തേക്ക് സ്ട്രീമിംഗിന് ലഭ്യമാക്കില്ലെന്ന് ആമിര്‍ വ്യക്തമാക്കി. ലാല്‍ സിംഗ് ഛദ്ദ പോലുള്ള സിനിമകളെ പിന്തുണയ്ക്കുന്ന പ്രൊഡക്ഷന്‍ ഹൗസുകള്‍ ഇത്തരമൊരു വെല്ലുവിളി നേരിടാനാകും. എന്നാല്‍ ചെറിയ പ്രൊഡക്ഷന്‍ ബാനറുകള്‍ക്ക് ഡിജിറ്റല്‍ അവകാശങ്ങളുടെ വില്‍പ്പനയില്‍ നിന്ന് ലഭിക്കുന്ന അധിക വരുമാനത്തില്‍ നിന്ന് പിന്തിരിയാന്‍ കഴിയുമോ? എന്നും ആമിര്‍ ചോദിക്കുന്നു.

ആഗസ്റ്റ് 11ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ആയില്ല. പത്ത് ദിവസം പിന്നിടുമ്പോള്‍ ആഗോളതലത്തില്‍ 100 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും 54 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍.

ടോം ഹാങ്ക്‌സ് ടൈറ്റില്‍ റോളില്‍ അഭിനയിച്ച 1994ലെ ഹോളിവുഡ് ചിത്രം ‘ഫോറസ്റ്റ് ഗമ്പിന്റെ’ ഹിന്ദി പതിപ്പാണ് ലാല്‍ സിംഗ് ചദ്ദ. അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കരീന കപൂര്‍ ആണ് നായിക. ‘ത്രീ ഇഡിയറ്റ്‌സ്’ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ആമിര്‍ ഖാന്‍, കരീന കപൂര്‍ ജോഡികള്‍ ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.

Vijayasree Vijayasree :