ന ഗ്‌ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില് പങ്കുവെച്ച സംഭവം; പോലീസിനു മുന്നില്‍ ഹാജരാകാന്‍ രണ്ടാഴ്ച കൂടി വേണമെന്ന് രണ്‍വീര്‍ സിംഗ്

ന ഗ്‌ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച കേസില്‍ നടന്‍ രണ്‍വീര്‍ സിംഗ് നാളെ പൊലീസിന് മുന്‍പില്‍ ഹാജരാകില്ല എന്ന് വിവരം. നടനോട് ചോദ്യം ചെയ്യലിന് നാളെ ഹാജരാകാന്‍ ആണ് പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ട് ആഴ്ചകൂടി സമയം നീട്ടി നല്‍കണമെന്നാണ് രണ്‍വീറിന്റെ ആവശ്യം.

പുതിയ തിയതി നിശ്ചയിച്ച ശേഷം പൊലീസ് സമന്‍സ് അയക്കും. ചെമ്പൂര്‍ പൊലീസാണ് സമന്‍സ് നല്‍കുക. അടുത്തിടെയാണ് രണ്‍വീര്‍ ന ഗ്‌ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. വിഷയത്തില്‍ നടനെ പിന്തുണച്ചും വിമര്‍ശിച്ചും പലരും രംഗത്തെത്തി.

സംഭവത്തില്‍ ഒരു ഭാരവാഹിയും വനിതാ അഭിഭാഷകയും പരാതി നല്‍കിയതോടെ നടനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ചെമ്പൂര്‍ പൊലീസ് സമന്‍സ് അയച്ചത്.

നിരവധി നടീ, നടന്‍മാര്‍ രണ്‍വീറിന് പിന്തുണ അറിയിച്ചെത്തിയിരുന്നു. രണ്‍വീര്‍ ചെയ്തതില്‍ താന്‍ തെറ്റൊന്നും കാണുന്നില്ല എന്നും എഫ്‌ഐആര്‍ ഫയല്‍ ചെയ്തവര്‍ക്ക് കാര്യമായ ജോലി ഒന്നുമില്ലാത്തത് കൊണ്ടായിരിക്കാം ഇത്തരമൊരു പരാതി എന്നുമായിരുന്നു വിദ്യാ ബാലന്‍ പ്രതികരിച്ചത്.

താനും നഗ്‌ന ഫോട്ടോ ഷൂട്ടിന് തയ്യാറാണെന്നായിരുന്നു രണ്‍വീറിന് പിന്തുണയറിയിച്ച് വിജയ് ദേവരകൊണ്ട പറഞ്ഞു. രണ്‍വീറിന്റേത് വനിതകള്‍ക്ക് വേണ്ടിയുള്ള പോരാട്ടം എന്നാണ് രാം ഗോപാല്‍ വര്‍മ്മ വിശേഷിപ്പിച്ചത്. രണ്‍വീറിന് നല്ല ശരീര ഘടനയാണെന്നും ഫോട്ടോഷൂട്ട് നടത്താനുള്ള അദ്ദേഹത്തിന്റെ ധൈര്യം സമ്മതിക്കുന്നുവെന്നും ആമീര്‍ ഖാന്‍ അഭിപ്രായപ്പെട്ടിരുന്നു.

Vijayasree Vijayasree :