ചരിത്രം തെറ്റായി കാണിക്കുന്നു, ബ്രാഹ്മണ്യവത്കരണം; പൊന്നിയന്‍ സെല്‍വന്റെ പോസ്റ്റര്‍ തിരുത്തി അണിയറ പ്രവര്‍ത്തകര്‍

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മണിരത്‌നം ബ്രഹ്മാണ്ഡ ചിത്രമാണ് ‘പൊന്നിയന്‍ സെല്‍വന്‍’. വന്‍ താര നിരയില്‍ ഒരുങ്ങുന്ന ചിത്രം സെപ്റ്റംബര്‍ 30നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഐമാക്‌സ് റിലീസ് അറിയിച്ചുള്ള പോസ്റ്ററില്‍ ആദിത്യ കരികാലന്‍ എന്ന വിക്രം കഥാപാത്രത്തിന് അണിയറപ്രവര്‍ത്തകര്‍ വരുത്തിയ മാറ്റമാണ് ശ്രദ്ധേയമാകുന്നത്.

ആദിത്യ കരികാലന്‍ നെറ്റിയില്‍ ‘പട്ടൈ’ ധരിച്ചിരിക്കുന്നതായാണ് പോസ്റ്ററില്‍ ഉള്ളത്. കഥയിലെ വസ്തുതാപരമായ പിശകുകള്‍ അണിയറപ്രവര്‍ത്തകര്‍ തിരുത്തിയതായുള്ള സൂചനകള്‍ ആണ് പോസ്റ്ററില്‍ നിന്നും വ്യക്തമാകുന്നത് എന്നാണ് ആണ് സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച.

ആദിത്യ കരികാലന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നതോടെയാണ് ചോളന്മാരുടെ ചരിത്രം തെറ്റായി കാണിക്കുന്നതായും ബ്രാഹ്മണ്യവത്കരണവും പറഞ്ഞുള്ള വിവാദങ്ങള്‍ ആരംഭിക്കുന്നത്. ചോളന്മാര്‍ ശൈവ ഭക്തരായിരുന്നു എന്നും മണിരത്‌നത്തിന്റെ ബ്രാഹ്മണവത്കരണമാണ് ഇതെന്നും ‘വീ ദ്രവീഡിയന്‍സ്’ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വിമര്‍ശനം ഉയര്‍ന്നത്.

ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നതിന് ശേഷം ഇതുകാണിച്ച് നടന്‍ വിക്രമിനും മണിരത്‌നത്തിനും എതിരെ ലഭിച്ച പരാതിയില്‍ കോടതി നോട്ടീസ് അയച്ചിരുന്നു. കഥാപാത്രം വൈഷ്ണവ തിലകം തൊട്ടിരിക്കുന്നതായാണ് ആദ്യം പുറത്തുവന്ന പോസ്റ്ററിലും ടീസറിലും കാണിക്കുന്നത്.

ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രസിദ്ധമായ നോവല്‍ ആസ്പദമാക്കിയുള്ളതാണ് ചിത്രം. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന പൊന്നിയിന്‍ സെല്‍വന്റെ ആദ്യഭാഗം സെപ്റ്റംബര്‍ 30ന് തിയേറ്ററുകളില്‍ എത്തും. എ ആര്‍ റഹ്മാന്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രവി വര്‍മ്മനാണ്. മദ്രാസ് ടാക്കീസും, ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ‘പൊന്നിയിന്‍ സെല്‍വന്‍’ നിര്‍മ്മിക്കുന്നത്.

Vijayasree Vijayasree :