പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ തന്നെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ രചനയെയും,ഹണി റോസിനെയും കസേരയിലിരുത്തി, പുറകിൽ ദാറ്റ്സ് ഹൗ വീ ആർ എന്ന മട്ടിൽ ഒരു ഇരുത്തൽ നാടകം! രേവതി സമ്പത്ത്

അമ്മയുടെ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് നടന്നത്. ഉദ്ഘാടന ചടങ്ങിനുശേഷം സോഷ്യൽ മീഡിയയിൽ ഒരു ചിത്രം വലിയ ചര്‍ച്ചയായി മാറിയിരുന്നു. വേദിയിൽ ഇരിക്കുന്ന ആണുങ്ങളും അരികിൽ മാറി നിൽക്കുന്ന പെണ്ണുങ്ങളുമായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. നടി പാര്‍വതി തിരുവോത്ത് ഉള്‍പ്പെടെ ചിലർ ഈ ചിത്രത്തെ ചോദ്യം ചെയ്തിരുന്നു. ചർച്ചകൾക്ക് മറുപടിയുമായി നടിയും എഎംഎംഎ എക്സിക്യൂട്ടീവ് അംഗവുമായ രചന നാരായണൻ കുട്ടി രംഗത്ത് എത്തിയിരുന്നു. ആരാണ് പാർവതി എന്ന മറുചോദ്യമാണ് രചന ആരാഞ്ഞത്. ഇതിനെതിരെ നിലപാട് അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നടിയും ഡബ്ലുസിസി അംഗവുമായ രേവതി സമ്പത്ത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

രചന നാരായണൻകുട്ടിയുടെ “ആരാണ് പാർവതി “എന്ന ചോദ്യം നമ്മെ എന്തിനാണ് ഇത്ര അതിശയപ്പെടുത്തുന്നത്. രചനയ്ക്ക് അത് എങ്ങനെ അറിയാനാണ്. രചനക്ക് മാത്രമല്ല, എ.എം.എം.എ എന്ന ‘നാടക’സംഘത്തിന് മുഴുവനായി തന്നെ ഈ ചോദ്യം ഉണ്ടാകും. നിലപാടുള്ള സ്ത്രീയാണ് പാർവതി, അതായത് രചന അടങ്ങുന്ന ആ സംഘടനയിൽ പലർക്കും ഇല്ലാത്ത ഒന്ന്.സംഘടനിയിലുള്ളവർക്ക് ഇല്ലാത്തൊന്നായ ഈ നിലപാട് എന്നത് ഇവരിൽ നിന്നുമൊക്കെ വളരെ വിദൂരമായി നിലനിൽക്കുന്ന ഒരു ഗോളം മാത്രമാണ്. സിനിമയിലെ പുരുഷാധിപത്യം എന്തോ അനുഗ്രഹമായി കാണുന്ന ഈ എ.എം.എം.എയിലെ കളിപ്പാവകൾക്കൊന്നും ജന്മത്ത് പാർവതിയടക്കം ശബ്ദം ഉയർത്തുന്ന ഒരു സ്ത്രീയെയും മനസിലാകാൻ പോകുന്നില്ല, മനസിലായാൽ തന്നെ പ്രത്യക്ഷത്തിൽ മനസിലായില്ല എന്ന മുഖംമൂടി അണിയുകയും ചെയ്യും നിങ്ങൾ. എ.എം.എം.എക്കാർ അസ്വസ്ഥരാകാൻ തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായി. എക്കാലവും അടിച്ചമർത്തൽ ആഘോഷമാക്കി പോകാം എന്ന് കരുതിയ അധികാര അസത്തുകൾക്ക് നേരെ ഉയരുന്ന എല്ലാ ശബ്ദങ്ങളെയും നിങ്ങൾ ഭയപ്പെടുന്നു.

ഒരിക്കലും വീഴാതിരിക്കാനാണ് ഞങ്ങളുടെ ശ്രമം എന്നൊക്കെ രചന പറയുമ്പോൾ,ആ ശ്രമം തന്നെ നിങ്ങൾക്ക് എടുക്കേണ്ടി വരുന്നതിന്റെ കാരണം എന്ത് കൊണ്ട് എന്ന് കൂടൊന്ന് ചിന്തിച്ചാൽ മതി. പേടിക്കണ്ട,വൈകാതെ മുഴുവനായി പൊളിഞ്ഞു വീണോളും. പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ തന്നെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ രചനയെയും,ഹണി റോസിനെയും കസേരയിലിരുത്തി, പുറകിൽ ദാറ്റ്സ് ഹൗ വീ ആർ എന്ന മട്ടിൽ ഒരു ഇരുത്തൽ നാടകം പുറത്തിറക്കിയില്ലേ,ആ കാട്ടിക്കൂട്ടലിൽ തന്നെയുണ്ട് പാർവതി എന്ന ആശയം. നാണം ഇല്ലേ എ.എം.എം.എ എന്ന് ചോദിച്ചാൽ നാണം തന്നെ നാണംകെടും.

Noora T Noora T :