ടാഗോർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാര നേട്ടവുമായി വിജയ് സേതുപതി ചിത്രം ‘മാമനിതൻ!

ടാഗോർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാര നേട്ടവുമായി വിജയ് സേതുപതി ചിത്രം ‘മാമനിതൻ’. മികച്ച നടൻ ഉൾപ്പടെ മൂന്ന് പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത് . വിജയ് സേതുപതി മികച്ച നടനായപ്പോൾ ഔട്ട്സ്റ്റാന്റിങ്ങ് അച്ചീവ്‌മെന്റ് അവാർഡ്, ക്രിട്ടിക്സ് ചോയ്സ് അവാർഡ് എന്നീ പുരസ്കാരങ്ങളും സിനിമ സ്വന്തമാക്കി.

മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാനും അവരെ സ്വകാര്യ സ്‌കൂളിൽ ചേർക്കാനും ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരന്റെ കഥയാണ് മാമനിതൻ പറയുന്നത്. തന്റെ വരുമാനം വർധിപ്പിക്കാൻ, അയാൾ ഒരു റിയൽ എസ്റ്റേറ്റ് ഡെവലപ്പറുമായി ഒരു കരാറിൽ ഏർപ്പെടുകയും തുടർന്ന് നേരിടുന്ന പ്രശ്‌നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഇൻഡോ-ഫ്രഞ്ച് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള അവാർഡും വിജയ് സേതുപതിക്ക് മികച്ച നടനുള്ള അവാർഡും അടുത്തിടെ ലഭിച്ചിരുന്നു.

സീനു രാമസ്വാമി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം, വൈ എസ് ആർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ യുവൻ ശങ്കർ രാജ, സ്റ്റുഡിയോ 9 എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ഗായത്രിയാണ് നായിക. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. ഗുരു സോമസുന്ദരം, അന്തരിച്ച നടി കെ പി എ സി ലളിത എന്നിവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നയൻതാരയും വിജയ് സേതുപതിയും ഒന്നിച്ചഭിനയിച്ച ‘ഇമൈക്ക നൊടികൾ’ എന്ന ചിത്രത്തിലെ ബാലതാരം മാനസ്വിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

AJILI ANNAJOHN :