പത്താംക്ലാസുകാരി ചിന്മയി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നാമകരണച്ചടങ്ങിൽ കാരണവസ്ഥാനത്തുനിന്ന് അനുഗ്രഹം ചൊരിഞ്ഞ് ടി.പി.മാധവന്‍ !

ചെറുതും വലുതുമായ നിരവധി മികച്ച കഥാപാത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച അഭിനേതാവാണ് ടി.പി മാധവന്‍. അടങ്ങാത്ത സിനിമാ മോഹമാണ് ടിപി മാധവൻ്റെ കുടുംബ ബന്ധത്തിൽ വിള്ളൽ വരുത്തിയത്. മാധവൻ്റെ ജീവിതകഥ സിനിമാക്കഥയെ വെല്ലുന്നതാണ്. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ ആദ്യകാല സെക്രട്ടറിയും സജീവ പ്രവർത്തകനുമായിരുന്നു അദ്ദേഹം. ഇടക്ക് തലച്ചോറിനെ ബാധിക്കുന്ന അസുഖത്തെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നീട് 2015 ൽ ഹരിദ്വാർ യാത്രക്കിടയിൽ അദ്ദേഹത്തിന് പക്ഷാഘാതം സംഭവിച്ചിരുന്നു.

മലയാള സിനിമയുടെ ലോകത്തുനിന്ന് പത്തനാപുരം ഗാന്ധിഭവനിലേക്ക് കുടിയേറിയ ടി.പി.മാധവന്‍ പുതിയൊരു സിനിമയുടെ നാമകരണച്ചടങ്ങുമായി ഗാന്ധിഭവനിലേക്കെത്തിയ ചലച്ചിത്രപ്രവര്‍ത്തകരെ സ്വീകരിച്ചത് കാരണവസ്ഥാനത്തുനിന്ന്.
കോട്ടയം ചിറക്കടവ് സ്വദേശിനിയായ പത്താംക്ലാസുകാരി ചിന്മയി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നാമകരണച്ചടങ്ങായിരുന്നു നാല്‍പ്പതുവര്‍ഷത്തിലേറെ മലയാളസിനിമയുടെ ഭാഗമായിരുന്ന മാധവന്റെ സാന്നിധ്യത്തില്‍ നടത്തിയത്.

പ്രധാനവേഷത്തിലെത്തുന്ന നടിയും ടെലിവിഷന്‍ അവതാരക കൂടിയായ മീനാക്ഷി, മറ്റ് പ്രധാനവേഷങ്ങള്‍ ചെയ്യുന്ന വിദ്യാര്‍ഥിനികളായ ബ്രിന്റ ബെന്നി, ജിഫ്ന, റോസ് മരിയ എന്നിവരും ടി.പി. മാധവന്റെ അനുഗ്രഹം തേടി. ഗാന്ധിഭവനിലെ അന്തേവാസികളുമായെല്ലാം സ്നേഹം പങ്കുവെച്ച് അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചതിന് ശേഷമാണ് ചലച്ചിത്രപ്രവര്‍ത്തകര്‍ മടങ്ങിയത്. ചലച്ചിത്രസംവിധായകന്‍കൂടിയായ അച്ഛന്‍ അനില്‍രാജിന്റെ തിരക്കഥയിലാണ് ചിന്മയി സംവിധായികയാവുന്നത്. ചിന്മയി പഠിച്ച ചിറക്കടവ് എസ്.ആര്‍.വി.എന്‍.എസ്.എസ്.വി.എച്ച്.എസ്.എസില്‍ ചിത്രീകരണത്തുടക്കം കുറിച്ച സിനിമയില്‍ കോട്ടയം ജില്ലാകളക്ടര്‍ പി.കെ.ജയശ്രീ കളക്ടറായി തന്നെ അഭിനയിച്ചിരുന്നു.

ടി.പി.മാധവനൊപ്പം ടെലിവിഷന്‍ അവതാരകനും ജ്യോത്സ്യനുമായ ഹരി പത്തനാപുരം, ഗാന്ധിഭവന്‍ മാനേജിങ് ട്രസ്റ്റി ഡോ.പുനലൂര്‍ സോമരാജന്‍, നിര്‍മാതാവ് സാബു കുരുവിള, നായിക മീനാക്ഷി എന്നിവര്‍ ചേര്‍ന്നാണ് ‘ക്ലാസ് ബൈ എ സോള്‍ജിയര്‍’ എന്ന സിനിമയുടെ ടൈറ്റില്‍ ലോഞ്ചിങ് നിര്‍വഹിച്ചത്.

AJILI ANNAJOHN :