ഭക്ഷണ പ്രിയര്ക്കേറെ പ്രിയങ്കരനായ താരമാണ് പ്രശസ്ത ബ്രിട്ടീഷ് സെലിബ്രിറ്റി കുക്ക് ഗോര്‍ഡന്‍ ജെയിംസ് രാംസെ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് രാംസെ. ഇപ്പോഴിതാ അദ്ദേഹം പങ്കുവെച്ചിരിക്കുന്ന വീഡിയോ ആണ് വൈറലായി മാറിയിരിക്കുന്നത്. ലാംബ് സോസേജ് ഉണ്ടാക്കാന്‍ ആവേശത്തോടെ ആട്ടിന്‍ കൂട്ടില്‍ കയറുന്ന വീഡിയോ രാംസെ തന്നെയാണ് ടിക് ടോക്കിലൂടെ പങ്കുവെച്ചത്.
കൂടിന്റെ പടിയില്‍ ചവിട്ടി നിന്ന് രാംസെ നടത്തിയ അംഗവിക്ഷേപങ്ങളും പ്രയോഗങ്ങളുമാണ് മൃഗസ്നേഹികളെ ചൊടിപ്പിച്ചിരിക്കുന്നത്. ‘ഞാന്‍ നിന്നെ തിന്നാന്‍ പോകുന്നു! യമ്മീ യം യം….’ എന്ന് രാംസെ തമാശയായി പറയുന്നു. ‘ആരാണ് ആദ്യം അടുപ്പില്‍ പോകുന്നതെന്ന് ചോദിച്ച് രാംസെ ഒരു ആടിനെ ചൂണ്ടി ‘നീ’യെന്ന് പറയുന്നുമുണ്ട്.
രാംസെ അകത്തു കയറുമ്പോള്‍ ആടുകള്‍ ഓടിയകലുന്നത് 28 സെക്കന്റുള്ള വീഡിയോയില്‍ കാണാം. കഴിഞ്ഞ വ്യാഴാഴ്ച്ച പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം ഒരു കോടിയിലധികം ആളുകളാണ് കണ്ടത്. ഈ വീഡിയോക്ക് വേണ്ടി ഒരു മൃഗത്തേയും കൊന്ന് പാകം ചെയ്തിട്ടില്ലെന്ന് രാംസെ ക്യാപ്ഷനില്‍ പറഞ്ഞെങ്കിലും രക്ഷയുണ്ടായില്ല.
‘ഞാന്‍ സസ്യാഹാരിയല്ല, പക്ഷേ ഇത് വളരെ സങ്കടകരമാണ്. വീഡിയോക്ക് താഴേ ഒരാള്‍ കമന്റ് ചെയ്തു.’വളരെ വൈകുന്നതിന് മുമ്പ് ആരെങ്കിലും എന്തെങ്കിലും ചെയ്യൂ’ എന്ന് മറ്റൊരാള്‍ പ്രതികരിച്ചു. കമന്റ് ബോക്സ് രാംസെ ആരാധകരും വെജിറ്റേറിയന്‍ പ്രേമികളും തമ്മിലുള്ള വാക് പോരിന് ഇടയാക്കിയിരുന്നു.