മലയാളികളുടെ ഇടയിൽ പ്രശംസയും വിമർശനങ്ങളും ഒരുപോലെ നേടിയെടുത്ത സംവിധായകനാണ് ഒമർ ലുലു. ഒമർ ലുലു സംവിധാനം ചെയ്തു പുറത്തിറങ്ങുന്ന പല സിനിമകളും പലപ്പോഴും ചർച്ചകൾക്ക് ഇടയാക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ പുതിയ സിനിമാ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് ഒമർ ലുലു. തന്റെ സിനിമകളിലെ ലൈംഗിക ചുവയുള്ള ദ്വയാർത്ഥ പ്രയോഗങ്ങൾ, സിനിമയെ സമീപിക്കുന്ന രീതി തുടങ്ങിയ കാര്യങ്ങൾ ഒമർ ലുലു സംസാരിച്ചു. മലയാളിയുടെ കപട സദാചാരമാണ് ഇത്തരം വിമർശനങ്ങൾക്ക് കാരണമെന്ന് ഒമർ ലുലു പറയുന്നു.
‘മലയാളിയാണ് ഏറ്റവും വലിയ കപട സദാചാരത്തിന്റെ ആളുകൾ. മലയാളികളുടെ ഗൂഗിൾ ഹിസ്റ്ററി സെർച്ച് ചെയ്താൽ മതി. അത്ര മാത്രം അഡൽട്ട് ഓറിയന്റ് ആയിരിക്കില്ല എന്റെ സിനിമ. ആരാണ് അഡൽറ്റ് കോമഡി എൻജോയ് ചെയ്യാത്തത്. ചങ്ക്സ് സിനിമ ഇറങ്ങിയപ്പോൾ കുറേ ആളുകൾ പറഞ്ഞു.
ഇത് പെൺകുട്ടികൾ കാണരുതെന്ന്. ഇവരാരാണ് ഇത് തീരുമാനിക്കാൻ. അതൊക്കെ അവരവരുടെ ഇഷ്ടമല്ലേ. ലോകത്ത് എല്ലാ ഭാഷയിലും അഡൽറ്റ് കോമഡി സിനിമകൾ ഇറങ്ങുന്നുണ്ട്,’ ഒമർ ലുലു പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്സിനോടാണ് പ്രതികരണം.
എന്റെ പടത്തിൽ മമ്മൂക്കയെയും ലാലേട്ടനെയും കൊണ്ടൊന്നും ഡബിൾ മീനിംഗ് പറയിപ്പിക്കുന്നില്ല. അവരെ കാണുമ്പോൾ തന്നെ കൈയടിക്കാൻ ജനമുണ്ട്. അവരയൊക്കെ വെച്ച് ചെയ്യുമ്പോൾ ആ മോഡിൽ പടം ചെയ്യും. ഇത് പിള്ളേർക്ക് വെറുതെ ഒരു നേരം പോക്കിനാണ്. ഞാൻ സിനിമയെ ഒരിക്കലും സീരിയസ് ആയല്ല സമീപിപ്പിക്കുന്നത്. പൈസ ഉണ്ടാക്കാൻ വേണ്ടി മാത്രമാണ്. നല്ല സിനിമ ചെയ്ത ഒരുപാട് ഡയരക്ടർമാരുണ്ട്.
‘ലോഹിതാദാസ് സാറുണ്ട്, പദ്മരാജൻ സാറുണ്ട്. അങ്ങനെ ഒരുപാട് വലിയ സംവിധായകരുണ്ട്. ഇവരുടെയൊക്കെ ഇന്നത്തെ കുടുംബത്തിന്റെ അവസ്ഥ എന്താണ്. നല്ല സിനിമ ചെയ്തു എന്ന് പറഞ്ഞിട്ട് അവരുടെ കുടുംബത്തിന്റെ അവസ്ഥ ആരെങ്കിലും അന്വേഷിക്കാൻ പോയിട്ടുണ്ടോ. ലോഹിതാദാസിന്റെ ഭാര്യ വീട് പ്രശ്നത്തിലാണെന്ന് പറയുന്ന വാർത്ത കണ്ടിരുന്നു. നല്ല സിനിമ തന്നവരാണ് എന്ന് പറഞ്ഞിട്ട് ഏതെങ്കിലും മലയാളി പോയിട്ട് സഹായിക്കുന്നുണ്ടോ. അതിലൊന്നും കാര്യമില്ല. അവാർഡ് പുഴുങ്ങിയാൽ ചോറാവില്ല.
ഞാൻ പൈസയുണ്ടാക്കാൻ വേണ്ടിയാണ് സിനിമ ചെയ്യുന്നത്. എനിക്ക് പൈസയ്ക്ക് നല്ല ചെലവുണ്ട്. ഞാൻ നല്ല രീതിയിൽ എന്റെ ഫ്രണ്ട്സിനൊക്കെ ട്രീറ്റ് ചെയ്യുന്ന വ്യക്തിയാണ്. ഞാൻ ഒരുപാട് ചാരിറ്റി ചെയ്യുന്ന വ്യക്തിയാണ്. അതിനാൽ എനിക്ക് പൈസ വേണം. സണ്ണി ലിയോൺ പോൺ വീഡിയോസിൽ അഭിനയിച്ചിട്ടുണ്ട്. പൈസയ്ക്ക് വേണ്ടി. സണ്ണി ലിയോൺ ഒരുപാട് ചാരിറ്റി ചെയ്യുന്നുണ്ട്. നമ്മൾ പണം എങ്ങനെ സമ്പാദിച്ചു എന്നുള്ളതല്ല. ആ പണം എങ്ങനെ വിനിയോഗിച്ചു എന്നുള്ളതിലാണ് അർത്ഥം.
പക്ഷെ ഒരാളെ വേദനിപ്പിച്ച് പണം സമ്പാദിക്കാൻ പാടില്ല. ഞാൻ ഒരു അഡൽറ്റ് കോമഡി പറഞ്ഞാൽ ഒരാൾക്ക് വേദനിക്കുമോ. അത് എൻജോയ് ചെയ്യുന്നവർ എൻജോയ് ചെയ്യട്ടെ. അപ്പോൾ എനിക്ക് പൈസ കിട്ടും. പ്രൊഡ്യൂസറിനും തിയറ്ററുകൾക്കും ജോലി ചെയ്ത ആളുകൾക്കും പൈസ കിട്ടും. അടുത്ത സിനിമ ചെയ്യാൻ അവൻ വീണ്ടും വരികയും ചെയ്യുമെന്നും ഒമർ ലുലു പറയുന്നു.
ഒമർ ലുലു സംവിധാനം ചെയ്യുന്ന സിനിമയായ പവർ സ്റ്റാർ റിലീസിനൊരുങ്ങുകയാണ്. ഈ വർഷം ക്രിസ്മസ് റിലീസായി പ്രേക്ഷകർക്ക് മുന്നിൽ എത്താനിരിക്കുന്ന ചിത്രത്തിൽ ബാബു ആന്റണി ആണ് പ്രധാന വേഷത്തിലെത്തുന്നത്. ഖാലിദ് ഭായ് എന്ന കഥാപാത്രത്തെയാണ് ബാബു ആന്റണി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
about omar lulu