തിയേറ്ററില്‍ തന്നെ സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ജനങ്ങളുടെ ഇഷ്ടമാണ്. തിയേറ്ററിലേക്ക് കൊണ്ടുവരിക എന്നുള്ളത് നമ്മുടെ ഉത്തരവാദിത്തമാണ്; തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍

മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് കുഞ്ചാക്കോ ബോബന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ പോലെ മോഡേണ്‍ സൗകര്യങ്ങള്‍ ഉണ്ടെങ്കിലും തിയേറ്ററില്‍ ജനങ്ങള്‍ എത്തുന്നുണ്ട് എന്നും, അതിന്റെ ഉദാഹരണമാണ് ഇന്ന് കാണുന്ന പല മള്‍ട്ടിപ്ലക്‌സുകള്‍ എന്നും പറയുകയാണ് കുഞ്ചാക്കോ ബോബന്‍.

ഓരോ സമയത്തും ഓരോ കാലഘട്ടത്തിലും നമ്മള്‍ പറയും സിനിമ തീര്‍ന്നു, തിയേറ്റര്‍ ഇല്ലാതായി എന്ന്. തിയേറ്ററുകള്‍ അടച്ചുപൂട്ടുകയും കല്യാണമണ്ഡപങ്ങളായി മാറുന്നതുമായ അവസ്ഥ നമ്മള്‍ കണ്ടതാണ്. അതിനു ശേഷം എന്താണ് സംഭവിച്ചത്. ഒരു റെവല്യൂഷന്‍ ആണ് ഉണ്ടായത്. ഏറ്റവും മോഡേണ്‍ ആയിട്ടുള്ള സൗകര്യങ്ങള്‍, സാങ്കേതികത എല്ലാം ഉള്‍പ്പെടുത്തിയിട്ടുള്ള മള്‍ട്ടിപ്ലക്‌സുകള്‍. അതും ഒന്നല്ല, ഒന്നിന്റെ സ്ഥാനത്ത് മൂന്നോ നാലോ സ്‌ക്രീനുകള്‍ വരുന്ന ഒരു സാഹചര്യം നമ്മള്‍ കണ്ടു.

അപ്പോള്‍ തിയേറ്ററുകളില്‍ ആള്‍ക്കാര്‍ വന്നു. ആ സമയത്തും ചാനല്‍ ഉണ്ടായിരുന്നു. ഡിവിഡി, വിസിഡി ഒക്കെ ഉണ്ടായിരുന്നു, പിന്നീട് ഒടിടിയും വന്നു. എന്നിട്ട് പോലും തിയേറ്ററുകളില്‍ ആള്‍ക്കാര്‍ വരുന്നുണ്ട്. ആള്‍ക്കാര്‍ തീരുമാനിക്കുകയാണ് ഇപ്പോള്‍ തിയേറ്ററില്‍ ഏതു പടം കാണണം, അല്ലെങ്കില്‍ ഒടിടിയില്‍ വേറെ ഏതു പടം കാണണം എന്ന്. ഉദാഹരണത്തിന്, ‘ഭീഷ്മപര്‍വ്വം’ സിനിമ തിയേറ്ററുകളില്‍ തന്നെ കണ്ടാലേ അതിന്റെ എഫക്റ്റ് കിട്ടു എന്ന് മലയാളികള്‍ നേരത്തെ തന്നെ തീരുമാനിച്ചു.

ടീസര്‍ കാണുമ്പോള്‍ അവര്‍ തീരുമാനിക്കും ട്രെയ്‌ലര്‍ കാണണോ വേണ്ടയോ എന്നുള്ളത്. എന്നിട്ടാണ് തിയേറ്ററില്‍ കാണണോ എന്ന് ഉറപ്പിക്കുന്നത്. ആ ഒരു രീതിയില്‍ മലയാളികള്‍ സിനിമയെ കാണാന്‍ തുടങ്ങി. തിയേറ്ററില്‍ തന്നെ സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ജനങ്ങളുടെ ഇഷ്ടമാണ്. തിയേറ്ററിലേക്ക് കൊണ്ടുവരിക എന്നുള്ളത് നമ്മുടെ ഉത്തരവാദിത്തമാണ് എന്നും താരം പറഞ്ഞു.

Vijayasree Vijayasree :