അതൊക്കെ എന്ത്… ഓരോ ജില്ലയിലും കൈ വിരലില്‍ എണ്ണാന്‍ പറ്റുന്നവരെ ഉണ്ടാവൂ,അതൊന്നും എന്നെ ഏശത്തില്ല, കലയെ സ്‌നേഹിക്കുന്നവര്‍ക്ക് മതമില്ല,രാഷ്ട്രീയവുമില്ല; സുരേഷ് ഗോപി പറയുന്നു !

നീണ്ട ഇടവേളയ്ക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയ പാപ്പന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പൊലീസ് വേഷത്തിലെത്തുന്ന സുരേഷ് ഗോപിയുടെ പാപ്പന്‍ എന്ന കഥാപാത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍.

രാഷ്ട്രീയത്തില്‍ സജീവമായത് കൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ അദ്ദേഹത്തിന് നേരെ ഉണ്ടാകാറുണ്ട്. രാഷ്ട്രീയം സിനിമയെ ബാധിക്കുമോ എന്ന പേടിയുണ്ടോ എന്ന ചോദ്യത്തിന് സുരേഷ് ഗോപി നല്‍കിയ മറുപടിയാണിപ്പോള്‍ ശ്രദ്ധേയമാവുന്നത്.സിനിമ കണ്ടിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങള്‍ ഒന്ന് മലപ്പുറത്തേക്ക് പോയി നോക്കൂ, ആരൊക്കെയാണ് സിനിമ കാണാന്‍ വരുന്നതെന്ന് കാണാലോ എന്നും സിനിമയില്‍ രാഷ്ട്രീയമില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്.

‘2015ന് ശേഷം 2020ല്‍ വരനെ ആവശ്യമുണ്ട് എന്ന സിനിമയാണ് എന്റേതായി പുറത്തിറങ്ങിയത്. അതൊരു ഗ്യാപ് ആയിരുന്നു. അതിനിടയില്‍ സിനിമ ചെയ്യാന്‍ ഞാന്‍ തയ്യാറായിരുന്നു. പക്ഷെ സാഹചര്യങ്ങള്‍ മോശമായിരുന്നു. എനിക്കതില്‍ വേദനയൊന്നുമില്ല. കാവല്‍ അത്ര മികച്ച സിനിമയൊന്നുമായിരുന്നില്ല. പക്ഷെ ഞാന്‍ ഇല്ലാതിരുന്ന സമയത്ത് നിന്ന് തിരിച്ച് വന്നപ്പോള്‍ അതുപോലും പ്രേക്ഷകര്‍ സ്വീകരിച്ചു.

രാഷ്ട്രീയം സിനിമയെ ബാധിക്കുമോ എന്ന പേടിയുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
വരുന്ന ഓഡിയന്‍സിനും രാഷ്ട്രീയമുണ്ടല്ലോ. പിന്നെ സിനിമയില്‍ രാഷ്ട്രീയമല്ലല്ലോ പറയുന്നത്. സിനിമയുടെ കളക്ഷന്‍ കാണുമ്പോള്‍ നമുക്ക് അത് മനസിലാകും. ആളുകള്‍ എന്റെ സിനിമ കാണില്ലെന്നതൊക്കെ നിങ്ങളുടെ വികലമായ വിചാരങ്ങളാണ്. ചില മതഭ്രാന്തമാര്‍ക്ക് മാത്രമാണ് അങ്ങനത്തെ ചിന്തയുള്ളൂ. വേറെ ആര്‍ക്കും കാണില്ല.

നിങ്ങള്‍ ഒന്ന് മലപ്പുറത്തേക്ക് പോയി നോക്കൂ, ആരൊക്കെയാണ് സിനിമ കാണാന്‍ വരുന്നതെന്ന് കാണാലോ. എനിക്ക് വരുന്ന മെസേജുകള്‍ നോക്കിയാല്‍ എനിക്ക് അത് അറിയാന്‍ പറ്റും, ആരാണ് കൂടുതലെന്ന്. അതുകൊണ്ട് ചിലര്‍ സിനിമ കാണാന്‍ വരില്ലെന്ന പറച്ചിലിലൊന്നും കാര്യമില്ല. മതാന്ധത കയറിയിട്ട് കക്കാനും മോഷ്ടിക്കാനും ഈ രാജ്യം കിട്ടുന്നില്ലെന്ന് വിചാരിക്കുന്ന ചില രാഷ്ട്രീയ നേതാക്കളുടെ ഏജന്റുമാരുടെ പ്രവര്‍ത്തനമാണ് ഇതൊക്കെ. അതൊക്കെ എന്ത്… ഓരോ ജില്ലയിലും കൈ വിരലില്‍ എണ്ണാന്‍ പറ്റുന്നവരെ ഉണ്ടാവൂ. അതൊന്നും എന്നെ ഏശത്തില്ല. കലയെ സ്‌നേഹിക്കുന്നവര്‍ക്ക് മതമില്ല. രാഷ്ട്രീയവുമില്ല,’ സുരേഷ് ഗോപി പറഞ്ഞു.

വലിയൊരു ഇടവേളക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തുന്ന ചിത്രമാണിത്. ഗോകുല്‍ സുരേഷും പാപ്പനില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

നൈല ഉഷ, കനിഹ, നീത പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്

AJILI ANNAJOHN :