സ്കൂളിൽ ക്ലാസുകൾ നടക്കുമ്പോൾ ഷൂട്ടിംഗ് നടത്തി; രാം ചരൺ ചിത്രം ‘ആർസി 15’നിന്റെ ഷൂട്ടിംഗ് തടഞ്ഞ് ബിജെപി നേതാവ് !

ശങ്കർ സംവിധാനം ചെയ്യുന്ന രാം ചരൺ നായകനായി എത്തുന്ന ‘ആർസി 15’ സിനിമയുടെ ചിത്രീകരണം തടഞ്ഞു. സരൂർനഗർ ബിജെപി നേതാവ് അകുല ശ്രീവാണിയും മറ്റ് പാർട്ടി പ്രവർത്തകരുമാണ് ചിത്രീകരണം തടഞ്ഞത്. വിക്ടോറിയ മെമ്മോറിയൽ ഹോം ആൻഡ് റസിഡൻഷ്യൽ സ്കൂളിൽ ചൊവ്വാഴ്ച നടന്ന സിനിമാ ഷൂട്ടിംഗ് നിർത്തിവച്ചിരിക്കുകയാണ്.
സ്കൂളിൽ ക്ലാസുകൾ നടക്കുമ്പോൾ ഷൂട്ടിംഗ് നടത്തിയെന്നാരോപിച്ചാണ് അകുല ശ്രീവാണിയും പ്രവർത്തകരും സ്ഥലത്തെത്തി ചിത്രീകരണം തടസ്സപ്പെടുത്തിയത്. കൂടാതെ ഷൂട്ടിംഗിന് അനുമതി നൽകിയ വിദ്യാഭ്യാസ മന്ത്രി സബിതാ ഇന്ദ്ര റെഡ്ഡിയെ വിമർശിക്കുകയും ചെയ്തു. കുട്ടികളുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സിനിമയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിനാണ് സംസ്ഥാന സർക്കാർ മുൻഗണന നൽകുന്നത് എന്ന് അകുല ശ്രീവാണി കുറ്റപ്പെടുത്തുകയും ചെയ്തു.

ആർസി 15′. വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ്. അണിയറപ്രവർത്തകർ ഇപ്പോൾ സിനിമയിലെ ഒരു ഗാനരംഗമാണ് ചിത്രീകരിക്കുന്നത്. വമ്പൻ ചെലവിൽ ഒരുങ്ങുന്ന ഗാനരംഗത്തിന് ആയിരത്തോളം ഡാൻസേഴ്സ് അണിനിരക്കുമെന്ന വാർത്ത കഴിഞ്ഞ ദിവസം ഇ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഗാനരംഗത്തിന് ശേഷം ഒരു വലിയ സംഘട്ടന രംഗവും ചിത്രീകരിക്കുമെന്ന സൂചനകളുണ്ട്. ഈ ആക്ഷൻ സീക്വൻസിന് മാത്രമായി ഇരുപത് കോടിയാണ് ബജറ്റ് കണക്കാക്കുന്നത്. രാം ചരണിന്റെ ആക്ഷൻ പാക്ഡ് പെർഫോമൻസിനൊപ്പം സ്ഫോടന രംഗങ്ങളും ഈ സീക്വൻസിന്റെ ഹൈലൈറ്റ് ആകും. ഇതുവരെ കാണാത്ത തരം ആക്ഷൻ സീക്വൻസ് ചിത്രത്തിൽ കാണാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

AJILI ANNAJOHN :