പ്രശസ്ത ഗായകനും ബിഗ് ബോസ് താരവുമായ സോമദാസ് ചാത്തന്നൂരിന്റെ മരണം ഏറെ ഞെട്ടലോടെയാണ് സംഗീത പ്രേമികളും മലയാളികളും കേട്ടത്. കൊവിഡ് ബാധയെ തുടർന്നായിരുന്നു സോമദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കൊവിഡ് മുക്തനായി എങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് വാർഡിലേക്ക് മാറ്റാൻ ഇരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുമ്പോഴാണ് അപ്രതീക്ഷിത വേര്‍പാട്.
ബിഗ് ബോസിൽ എത്തും മുൻപേ ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാവുകയായിരുന്നു സോമദാസ്. വ്യത്യസ്തമായ ആലാപന ശൈലിയായിരുന്നു അന്ന് മുതൽ ഈ ഗായകൻ മലയാളികളുടെ മനസിലേക്ക് കയറിക്കൂടാൻ ഇടയായത്. ബിഗ് ബോസിന് ശേഷം വിവിധ ടെലിവിഷൻ പരിപാടികളിലൂടെ താരം രംഗത്ത് വന്നിരുന്നു. ടെലിവിഷൻ പരിപാടികൾക്ക് പുറമെ, കലാരംഗത്ത് സജീവം ആയിരുന്നു സോമദാസ്. കലാലോകത്തിന് തീർത്താൽ തീരാത്ത നഷ്ടം ആണ് സോമദാസിന്റെ മരണം നൽകിയിരിക്കുന്നത്
വിവാഹിതനാണെങ്കിലും കുടുംബ പ്രശ്നങ്ങളെ തുടർന്ന് പിന്നീട് വിവാഹ മോചനം നേടി. പറക്കമുറ്റാത്ത നാല് കുഞ്ഞുങ്ങൾ ആണ് സോമദസിനുള്ളത്. അവരുടെ കാര്യം എങ്ങും എത്താതെ നിൽക്കുന്നതിന്റെ ഇടയിൽ ആണ് താരത്തെ മരണം കീഴ്പെടുത്തിയത്. വിവാഹ മോചിതനായ സോമദാസ് മുൻ ബന്ധത്തിൽ നേരിടേണ്ടി വന്ന പ്രശ്നങ്ങളെ പറ്റിയും മക്കളെ നേടിയെടുക്കാൻ നേരിട്ട പ്രതിസന്ധി ഘട്ടങ്ങളെ കുറിച്ചും തുറന്നു പറഞ്ഞിരുന്നു. എന്നാൽ സോമദാസിന്റെ തുറന്നു പറച്ചിലുകൾക്ക് പിന്നാലെയാണ് മുൻ ഭാര്യ സൂര്യ, സോമദാസ് പറയുന്ന കാര്യങ്ങൾ വാസ്തവ വിരുദ്ധമാണ് എന്ന ആരോപണവുമായി രംഗത്ത് വന്നത്. എന്നാൽ സൂര്യക്കെതിരെ, ഇവരുടെ മക്കളും അവരുടെ ഇപ്പോഴത്തെ ഭർത്താവിന്റെ മുൻ ഭാര്യയും രംഗത്ത് വന്നതോടുകൂടി സ്ഥിഗതിഗതികൾ മാറിമറിഞ്ഞു.
ബിഗ് ബോസിൽ സോമദാസ് കൂടുതൽ സമയവും പറഞ്ഞത് മക്കളുടെ വിശേഷങ്ങൾ ആണ്. മക്കൾക്ക് വേണ്ടി അന്ന് സോമദാസ് ആലപിച്ച കണ്ണാന കണ്ണേ എന്ന് തുടങ്ങുന്ന ഗാനം ഇന്നും ബിഗ് ബോസ് പ്രേമികളുടെ മനസ്സിൽ മായാതെ നിൽക്കുന്നു.
അടുത്തിടെ ഒരു സ്റ്റേജ് ഷോ പങ്കെടുത്ത് തിരിച്ചു വന്നതിനു ശേഷമാണ് സോമദാസിന് കൊവിഡ് ബാധിക്കുന്നത്. അതിനു ശേഷം ആശുപത്രിയിൽ കിടക്കയിൽ ആയിരുന്നതായി ബന്ധുക്കൾ പറയുന്നു. അതേസമയം മദ്യപിക്കാൻ പാടില്ലാതിരുന്നിട്ടും ഷോ കഴിഞ്ഞ ശേഷം മദ്യപിച്ചത് കൂടുതൽ നില സങ്കീര്ണമാക്കിയതായും സംശയം ഉണ്ട്. മദ്യപിക്കരുത് എന്ന് ഡോക്ടർമാരുടെ നിർദ്ദേശം ഉണ്ടായിരുന്നിട്ടും മദ്യപിച്ചത് ലിവറിന്റെ ആരോഗ്യത്തെ ബാധിച്ചതായും സോമദാസുമായി അടുത്തവൃത്തങ്ങൾ പ്രതികരിച്ചു.
അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റർ പെർഫെക്ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചു. അന്തരിച്ച നടനും ഗായകനുമായിരുന്ന കലാഭവൻ മണിയുടെ ശബ്ദം അനുകരിച്ചും സോമദാസ് ശ്രദ്ധേയനായിരുന്നു. കലാഭവൻ മണിയുടെ ഇടപെടലിനെ തുടർന്നാണ് സോമദാസിന് സിനിമയിൽ അവസരം ലഭിച്ചത്. കൊല്ലം സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, എസ്.എൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു സോമദാസിന്‍റെ വിദ്യാഭ്യാസം.