28 വര്‍ഷവും ഈ കണ്ണുമായി തന്നെയാണ് ഞാന്‍ ജീവിച്ചത്, ഈ കണ്ണിന് അന്നും ഇന്നും എനിക്കൊരു പ്രത്യേകതയും തോന്നിയിട്ടില്ല ; ഫഹദ് ഫാസിൽ പറയുന്നു !

ആഴമുള്ള കഥാപാത്രങ്ങളിലൂടെയും അഭിനയശൈലിയിലൂടെയും വേറിട്ട് നിൽക്കുന്ന നടനാണ് ഫഹദ് ഫാസിൽ . അതില്‍ പ്രേക്ഷകര്‍ എടുത്ത് പറയാറുള്ളത് ഫഹദിന്റെ കണ്ണുകളെ പറ്റിയാണ്. ഇന്ത്യന്‍ സിനിമാ ലോകത്തെ ഏറ്റവും മികച്ച നടന്മാരുടെ പട്ടികയിലാണ് ഫഹദ് ഫാസിലിന്റെ സ്ഥാനം. കണ്ണിന്റെ ചലനങ്ങള്‍ കൊണ്ട് തന്നെ കഥാപാത്രങ്ങളുടെ ഭാവങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ ഫഹദിനുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്.

എന്നാല്‍ തന്റെ കണ്ണിന് ഒരു പ്രത്യേകതയും ഇല്ലെന്ന് പറയുകയാണ് ഫഹദ്. കണ്ണ് മികച്ചതായി തോന്നുന്നുണ്ടെങ്കില്‍ അത് സിനിമാറ്റോഗ്രാഫറുടെ കഴിവാണെന്ന് ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തില്‍ ഫഹദ് പറയുന്നു.

‘ഞാന്‍ സിനിമയില്‍ വന്നിട്ട് പന്ത്രണ്ട് വര്‍ഷമേ ആയിട്ടുള്ളൂ. ഈ ഓഗസ്റ്റില്‍ 40 വയസാവും. 28 വര്‍ഷവും ഈ കണ്ണുമായി തന്നെയാണ് ഞാന്‍ ജീവിച്ചത്. ഈ കണ്ണിന് അന്നും ഇന്നും എനിക്കൊരു പ്രത്യേകതയും തോന്നിയിട്ടില്ല. അതെന്റെ കണ്ണ് ഷൂട്ട് ചെയ്യുന്ന സിനിമാറ്റോഗ്രഫേഴ്‌സിന്റേയും ഷൂട്ട് ചെയ്യാന്‍ തീരുമാനിക്കുന്ന മുഹൂര്‍ത്തങ്ങളുടെയും പ്രത്യേകത ആണ്.എനിക്ക് എന്റെ അമ്മയുടെ കണ്ണാണ്. കുറച്ച് ബ്രൗണാണ് എന്നത് മാറ്റിനിര്‍ത്തിയാല്‍ എല്ലാവരുടെയും കണ്ണ് പോലെയാണ് എന്റെ കണ്ണും. സിനിമാറ്റോഗ്രാഫേഴ്‌സ് കണ്ണ് നന്നായി ഷൂട്ട് ചെയ്യുന്നതാണ്.

ഇടക്ക് കരിയിറില്‍ ഇതുവരെ വന്ന വഴികളെ കുറിച്ച് ആലോചിക്കും. ഇതൊക്കെ ഞാന്‍ വിചാരിച്ചതോ പ്ലാന്‍ ചെയ്തതോ അല്ല. ഇനി അങ്ങോട്ട് ഉണ്ടാകുമെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഇവിടം വരെ എത്തി എന്ന് വിചാരിച്ച് തിരിഞ്ഞുനോക്കും,’ ഫഹദ് പറഞ്ഞു.

പുതിയ ചിത്രമായ മലയന്‍കുഞ്ഞിനെ പറ്റിയും താരം മനസ് തുറന്നു. ‘മലയന്‍കുഞ്ഞ് വലിയ സ്‌ട്രെസ് എടുത്ത സിനിമയല്ല. സ്‌ട്രെസ് വരുമ്പോള്‍ ഷൂട്ട് കുറച്ച് നേരം നിര്‍ത്തും. എല്ലാ സിനിമയും ഷൂട്ട് ചെയ്യുമ്പോള്‍ ഉണ്ടാകുന്നത് പോലെ ചില രസകരമായ കാര്യങ്ങള്‍ നടന്നിട്ടുണ്ട്. പെട്ടെന്ന് ഓര്‍മ വരുന്നത് തലകുത്തി വീണതാണ്. മൂക്കിന് വന്ന മുറിവ് അങ്ങനെയുണ്ടായതാണ്. അത് വിക്രത്തില്‍ കാണാം,’ ഫഹദ് കൂട്ടിച്ചേര്‍ത്തു.

ജൂലൈ 22ന് മലയന്‍കുഞ്ഞ് റിലീസ് ചെയ്തിരിക്കുകയാണ്. നവാഗതനായ സജി മോന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് മഹേഷ് നാരായണനാണ്. രജിഷ വിജയനാണ് ചിത്രത്തില്‍ നായിക. 30 വര്‍ഷത്തിന് ശേഷം എ.ആര്‍. റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് മലയന്‍കുഞ്ഞ്.

AJILI ANNAJOHN :