നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് ലാല്‍. ഇപ്പോഴിതാ ഓണ്‍ലൈന്‍ റമ്മി പരസ്യത്തില്‍ അഭിനയിച്ചതിന് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലാല്‍. കോവിഡ് പ്രതിസന്ധിയില്‍ സാമ്പത്തിക പ്രശ്നം ഉണ്ടായപ്പോള്‍ ചെയ്താണെന്നും ഇനി ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നും ലാല്‍ പറഞ്ഞു.
റമ്മി പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ നിന്നും സിനിമാ താരങ്ങളെ പിന്തിരിപ്പിക്കാന് സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായി കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ എത്തിയതിന് പിന്നാലെയാണ് ലാലിന്റെ പ്രതികരണം.
‘കൊവിഡ് കാഘട്ടത്ത് ഒരുപാട് സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായിരുന്ന സമയത്ത് അങ്ങനൊരു പരസ്യം വന്നപ്പോള്‍ തിരിച്ചും മറച്ചും ഒരുപാട് ആലോചിച്ചു. സാര്‍ക്കാര്‍ അനുമതിയുണ്ട് നിയമപരമായി ശരിയാണ് എന്നൊക്കെ കേട്ടപ്പോള്‍ പരസ്യം ചെയ്തു. പക്ഷേ അത് ഇന്ന് ഇത്രയും വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് അറിഞ്ഞില്ല. ഇനി ഇത്തരം പരസ്യങ്ങള്‍ വന്നാല്‍ തല വയ്ക്കില്ല. പരസ്യം ചെയ്തതില്‍ സങ്കടമുണ്ട്. അതിന്റെ ഭാഗമായതില്‍ വിഷമമുണ്ട്’ ലാല്‍
ഇന്നലെ നിയമഭയിലാണ് റമ്മി പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ നിന്നും സിനിമാ താരങ്ങളെ പിന്തിരിപ്പിക്കാന് സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ ഉന്നിയിച്ചത്. റിമി ടോമി, വിജയ് യേശുദാസ്, ലാല്‍ എന്നിവരാണ് റമ്മി പരസ്യങ്ങളില്‍ അഭിനയിക്കുന്ന മാന്യന്മാര്. ഇത്തരം സാമൂഹ്യദ്രോഹ, സാമൂഹ്യവിരുദ്ധ പരസ്യങ്ങളില്‍ നമ്മുടെ ആദരണീയരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നുണ്ട് എന്നത് ലജ്ജാവഹമായ കാര്യങ്ങളാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.
ഷാരൂഖ് ഖാന് ഇന്ത്യയിലെ വലിയ നടനാണ്. പൈസയില്ലാത്ത ആളൊന്നുമല്ല. വിരാട് കൊഹ്ലി അഞ്ചു പൈസയില്ലാത്ത ഭിക്ഷക്കാരനല്ല. വിജയ് യേശുദാസിനെയും റിമി ടോമിയെയുമൊക്കെ സ്ഥിരം ഇത്തരം പരസ്യങ്ങളില്‍ കാണാം. ഇത്തരം നാണം കെട്ട പരസ്യങ്ങളില്‍ നിന്നും ജനദ്രോഹ, രാജ്യദ്രോഹ പരസ്യങ്ങളില്‍ നിന്നും മാന്യന്മാര് പിന്മാറണം. താരസംഘടനയും ഇക്കാര്യം പരിഗണിക്കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.
