കമല്‍ സാര്‍ എന്നോടും മഹേഷിനോടും മലയാളത്തിലേ സംസാരിക്കുകയുള്ളൂ; വിക്രത്തിലെ അനുഭവം പങ്കുവെച്ച് ഫഹദ് ഫാസില്‍!

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ നായകനായ വിക്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു . ഫഹദ് ഫാസില്‍, വിജയ് സേതുപതി, ചെമ്പന്‍ വിനോദ്, സൂര്യ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

ചിത്രത്തിന്റെ ഷൂട്ടിനിടയിലുണ്ടായ രസകരമായ സംഭവങ്ങള്‍ പറയുകയാണ് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് ഫാസില്‍.കമല്‍ സാര്‍ എന്നോടും മഹേഷിനോടും മലയാളത്തിലേ സംസാരിക്കുകയുള്ളൂ. എനിക്കറിയാവുന്ന തമിഴിലും ഇംഗ്ലീഷിലുമൊക്കെ സംസാരിച്ചാലും പുള്ളി മലയാളത്തിലേ മറുപടി തരുകയുള്ളൂ. അത് നമുക്ക് നന്നായി മനസിലാവും.

വിക്രത്തിന്റെ കഥ മുഴുവന്‍ ഫോണില്‍ ഒരു പ്രാവശ്യം മലയാളത്തിലാണ് പറഞ്ഞുതന്നത്. അതുപോലെ തെലുങ്കിലും കന്നഡയിലും പുള്ളി ഫോണില്‍ സംസാരിക്കുന്നത് കേള്‍ക്കാം. അതൊരു എക്‌സ്പീരിയന്‍സാണ്. ഇനിയും ഞങ്ങള്‍ ഒരുമിച്ച് പടം ചെയ്യും. അതാണ് കൂടുതല്‍ പറയാത്തത്. പടം ഡബ്ബ് ചെയ്യുന്ന സമയത്ത് എല്ലാ ഒരു മണിക്കൂറിലും ഞാന്‍ പുറത്തേക്കൊക്കെ ഇറങ്ങും, ചായ ഒക്കെ കുടിക്കാന്‍. അതിനിടക്ക് ലോകേഷ് ഓടി വന്ന് കമല്‍ സാര്‍ താഴെ ഡബ്ബ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. ഞാന്‍ ലഞ്ചിന് കമല്‍ സാറിനൊപ്പം ഭക്ഷണമൊക്കെ കഴിച്ച് വൈകിട്ട് കാണാമെന്നൊക്കെ പറഞ്ഞ് മുകളിലേക്ക് വന്നു.

ആറ് മണിയായപ്പോള്‍ ലോകേഷ് വന്ന് പറഞ്ഞു, കമല്‍ സാര്‍ പോവുകയാണെന്ന്. ഞാനപ്പോള്‍ താഴേക്ക് പോയി കണ്ടു, നാളെ കാണാമെന്ന് പറഞ്ഞു. എനിക്കിനി ഇവിടെ കാര്യമൊന്നും ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്രയും സമയം കൊണ്ട് അദ്ദേഹം തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഇത്രയും ഭാഷയില്‍ ഡബ്ബ് ചെയ്തുകഴിഞ്ഞു. ഞാന്‍ അപ്പോഴും തമിഴിന്റെ ഡബ്ബ് പോലും തീര്‍ന്നിട്ടില്ല. അദ്ദേഹം ഡബ്ബ് ചെയ്യാന്‍ കയറിയാല്‍ സീന്‍ തുടങ്ങുമ്പോള്‍ മുതല്‍ ഡബ്ബ് തുടങ്ങുകയാണ്,’ ഫഹദ് പറഞ്ഞു.

എഡിറ്റ് ആയിട്ട് ഞാന്‍ ഈ പടം ഫുള്‍ കാണുന്നത് ലോകേഷ് ഒരു ദിവസം വിളിച്ചുകൊണ്ട് പോകുമ്പോഴാണ്. അനിയുടെ(അനിരുദ്ധ്) വര്‍ക്ക് അപ്പോള്‍ തുടങ്ങിയിട്ടില്ല. മ്യൂസിക് ഒന്നുമില്ലാതെയാണ് ഞാന്‍ ഈ പടം കാണുന്നത്. ഇപ്പോള്‍ ഉള്ളതിനെക്കാള്‍ ഒരു പത്ത് മിനിട്ട് കൂടുതല്‍ ഉള്ളതാണ് ഞാന്‍ കണ്ടത്. ഞാനും ലോകേഷും എഡിറ്റ് സ്യൂട്ടില്‍ പോയിട്ടാണ് പടം കാണുന്നത്.

മ്യൂസിക് ഇല്ലാതെ തന്നെ ഈ സിനിമ എനിക്ക് ഒരു ഹൈ തന്നു. പടം കണ്ടുകഴിഞ്ഞ് ലോകേഷിനെ കെട്ടിപ്പിടിച്ച് ഞാന്‍ പറഞ്ഞു, ഇത് ശരിക്കും കമല്‍ സാറിനുള്ള ട്രിബ്യൂട്ടാണെന്ന്. കമല്‍ സാറിന്റെ എല്ലാ ഫാന്‍സും ഇത് എന്‍ജോയ് ചെയ്യും. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് കമല്‍ സാറിനെ ഇതുപോലെ കാണുന്നത്. ഇത് കമല്‍ സാറിന്റെ ഫാന്‍സിന് വേണ്ടി ഉണ്ടാക്കിയ സിനിമയാണ്. ബാക്കിയുള്ളതെല്ലാം അദ്ദേഹത്തിന്റെ പ്രഭാവലയം വര്‍ധിപ്പിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

AJILI ANNAJOHN :