ഒടിടി റിലീസ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ല; അങ്ങനെയെങ്കില്‍ സുധ കൊങ്ങര പ്രസാദിന്റെ ‘സൂരറൈ പോട്ര്’ ഉള്‍പ്പെടെയുള്ള സിനിമകള്‍ എങ്ങനെയാണ് പ്രദര്‍ശിപ്പിച്ചത്; ചലച്ചിത്ര അക്കാദമിയുടെ വിശദീകരണത്തിന് മറുപടിയുമായി കുഞ്ഞില മാസിലാമണി

ചലച്ചിത്ര അക്കാദമിയുടെ വിശദീകരണത്തിന് മറുപടിയുമായി സംവിധായിക കുഞ്ഞില മാസിലാമണി. അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേള വേദിയില്‍ ഒടിടി റിലീസ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്നാണ് അക്കാദമി പറയുന്നത്. അങ്ങനെയെങ്കില്‍ സുധ കൊങ്ങര പ്രസാദിന്റെ ‘സൂരറൈ പോട്ര്’ ഉള്‍പ്പെടെയുള്ള സിനിമകള്‍ എങ്ങനെയാണ് പ്രദര്‍ശിപ്പിച്ചതെന്ന് മാസിലാമണി ചോദിച്ചു. ഒടിടി റിലീസ് ചിത്രമാണ് പുഴു. അക്കാദമിയുടെ നിലപാട് വിചിത്രമാണെന്ന് കുഞ്ഞില മാസിലാമണി പറഞ്ഞു.

കുഞ്ഞില മാസിലാമണിയുടെ സിനിമ ഒഴിവാക്കിയത് പുതിയ സിനിമകള്‍ക്ക് അവസരം നല്‍കാനാണെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് മറുപടി പറഞ്ഞിരുന്നു. പ്രതിഷേധത്തെ ജനാധിപത്യ രീതിയില്‍ സ്വാഗതം ചെയ്യുന്നു. കുഞ്ഞിലയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്. എന്നാല്‍, മാനദണ്ഡങ്ങള്‍ മാറ്റി കുഞ്ഞിലയുടെ അസംഘടിതര്‍ എന്ന ചിത്രം ഈ മേളയില്‍ പ്രദര്‍ശിപ്പിക്കില്ല. വിധു വിന്‍സെന്റിന്റെ പ്രതിഷേധത്തെ താന്‍ മാനിക്കുന്നുവെന്നും അജോയ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ കുഞ്ഞില മാസിലാമണിയെ വേദിയില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ‘കെ.കെ രമ സിന്ദാബാദ്, ടി.പി ചന്ദ്രശേഖരന്‍ സിന്ദാബാദ്, പിണറായി വിജയന്‍ എന്നെ അറസ്റ്റ് ചെയ്തു, മുഖ്യമന്ത്രി കസേരയിലിരിക്കാന്‍ ഞാനാണ് യോഗ്യ’, എന്നിങ്ങനെ അവര്‍ മുദ്രാവാക്യം വിളിച്ചു. പൊലീസ് സ്‌റ്റേഷനിലെ എസ്.ഐയുടെ തൊപ്പി ധരിച്ചുള്ള ചിത്രം ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. മേളയ്ക്കുള്ള സിനിമകളുടെ തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് കുഞ്ഞില ആരോപിച്ചിരുന്നു.

Vijayasree Vijayasree :